ലോകത്ത് ഇന്നു ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില് ഒട്ടുമിക്കതും നിര്മിക്കുന്നത് റെയര് എര്ത്ത് മെറ്റല്സ് അഥവാ അപൂര്വ മൂലകങ്ങള് ഉപയോഗിച്ചാണ്. പേര് ഇങ്ങനെയാണെങ്കിലും ലോകത്തെ ഏറ്റവും അപൂര്വ ലോഹങ്ങളിലൊന്നായ സ്വര്ണത്തേക്കാള് കൂടുതല് ഇവയുണ്ടെന്നതാണ് സത്യം. പക്ഷേ സ്വര്ണം പോലെ ഏതെങ്കിലുമൊരിടത്തു കേന്ദ്രീകരിച്ചാകില്ല അപൂര്വ മൂലകങ്ങളുടെ സാന്നിധ്യം. അതിനാല്ത്തന്നെ വേര്തിരിച്ചെടുക്കാനും വ്യാവസായിക ഉല്പാദനത്തിനും വളരെയധികം ബുദ്ധിമുട്ടും വന്ചിലവുമാണ്.
ഇന്ന് ലോകത്തിലെ അപൂര്വ മൂലകങ്ങളില് 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ചൈനയാണ്. ഈ മൂലകങ്ങള് വേര്തിരിച്ചെടുക്കുന്നതിന് നിലവിലുള്ളതിനേക്കാള് ചെലവു കുറഞ്ഞ രീതി ഗവേഷകര് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്. പരിസ്ഥിതിപരമായും ഈ കണ്ടെത്തല് ഏറെ ഗുണകരമാണ്. സാധാരണ ഗതിയില് വിഷവസ്തുക്കള് നിറഞ്ഞ രാസപദാര്ഥങ്ങളാണ് അപൂര്വ മൂലകങ്ങളെ വേര്തിരിച്ചെടുക്കാന് ഉപയോഗിക്കുന്നത്. എന്നാല് ഇപ്പോള് ഗവേഷകര് കണ്ടെത്തിയിരിക്കുന്നതാകട്ടെ ഓര്ഗാനിക് ആസിഡ് ഉപയോഗിച്ച് ഈ മൂലകങ്ങളെ വേര്തിരിക്കാമെന്ന രീതിയും. അതും വ്യാവസായിക മാലിന്യമായി പ്രതിവര്ഷം പുറന്തള്ളുന്ന ഒരു വസ്തുവില് നിന്നും.
പഴങ്ങളിലും തേനിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഗ്ലൂക്കോണിക് ആസിഡാണ് ഇവിടെ ഉപയോഗപ്പെടുത്തുക. മൂലകങ്ങള് വേര്തിരിച്ചെടുക്കുന്നതാകട്ടെ ഫോസ്ഫോ ജിപ്സത്തില് നിന്നും. വളം നിര്മാണത്തില് ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡ് ഫോസ്ഫേറ്റ് പാറകളില് നിന്നാണ് ഉല്പാദിപ്പിക്കുക. ഈ ആസിഡ് ഉല്പാദിപ്പിക്കുമ്പോള് ഉണ്ടാകുന്ന ഉപോല്പന്നമാണ് ഫോസ്ഫോ ജിപ്സം. കാല്സ്യം സള്ഫേറ്റ് ഹൈഡ്രേറ്റ് എന്നാണു മറ്റൊരു പേര്. ജിപ്സമാണ് ഇതിന്റെ പ്രധാന ഘടകം. ഈ ഫോസ്ഫോ ജിപ്സത്തില് നിന്ന് അപൂര്വമൂലകങ്ങള് വേര്തിരിച്ചെടുക്കാനുള്ള ഗവേഷകരുടെ ശ്രമമാണു വിജയം കണ്ടത്.
യിട്രിയം, സീറിയം, നിയോഡിമിയം, സുമേറിയം, യൂറോപ്പിയം,യിറ്റെര്ബിയം എന്നീ അപൂര്വമൂലകങ്ങള് വേര്തിരിച്ചെടുക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ഒരു കൂട്ടം ജൈവ ആസിഡുകള് പ്രയോഗിച്ച് നോക്കിയെങ്കിലും ഗ്ലൂക്കോണിക് ആസിഡാണ് ഗവേഷകരെ ലക്ഷ്യത്തിലെത്താന് സഹായിച്ചത്. ഫോസ്ഫോ ജിപ്സത്തില് ഈ ആസിഡ് പ്രയോഗിക്കുമ്പോള് അതുവരെ ജലാംശം നിറഞ്ഞിരിക്കുന്ന വസ്തുവിന്മേല് ഉണങ്ങിവരണ്ട ഒരു പുറംപാളി രൂപപ്പെടും. ഇതില് നിന്ന് എളുപ്പം അപൂര്വമൂലകങ്ങളെ വേര്തിരിച്ചെടുക്കാം.
ഓരോ വര്ഷവും ഒരു ലക്ഷം ടണ്ണോളം അപൂര്വ മൂലകങ്ങളാണ് ഫോസ്ഫോ ജിപ്സം വഴി നഷ്ടപ്പെടാറുള്ളത്. ഫോസ്ഫേറ്റ് പാറകളുടെ 0.1 ശതമാനം മാത്രമേ അപൂര്വ മൂലകങ്ങളുള്ളൂ. പക്ഷേ അതില് നിന്നുണ്ടാകുന്ന മാലിന്യത്തില് നിന്ന് അപൂര്വമൂലകങ്ങള് വേര്തിരിച്ചെടുക്കാനായാല് റെയര് എര്ത്ത് എലമെന്റുകളുടെ വാര്ഷിക ഉല്പാദനം തന്നെ ഇരട്ടിയാകും. നിലവില് ലാബറട്ടറിയില് സൃഷ്ടിച്ച സിന്തറ്റിക് ഫോസ്ഫോജിപ്സത്തിലാണു ഗവേഷകര് പരീക്ഷണം നടത്തിയത്. വ്യാവസായിക തലത്തിലേക്കു കടക്കുന്നതേയുള്ളൂ. ആ പരീക്ഷണം കൂടി വിജയിച്ചാല് പരിസ്ഥിതിയ്ക്ക് സഹായകമായ ഒട്ടേറെ മാറ്റങ്ങളാണുണ്ടാവുക.
ഇതുവഴി സ്മാര്ട്ട് ഫോണ് ഉള്പ്പെടെയുള്ളവയുടെ നിര്മാണച്ചെലവു കുറയ്ക്കാം. മാത്രമല്ല പ്രകൃതിസൗഹൃദ ഊര്ജോല്പാദനത്തിനു സഹായിക്കും വിധം സോളര് പാനലുകളുടെയും മറ്റും നിര്മാണം വേഗത്തിലാക്കാനും പരീക്ഷണം വിജയിച്ചാല് സാധിക്കും. അടുത്തിടെ ടോക്കിയോയ്ക്കു തെക്കുകിഴക്കായി 1850 കിലോമീറ്റര് മാറി മിനാമിറ്റോറി ദ്വീപില് ‘അപൂര്വ മൂലകങ്ങളുടെ’ വന്നിക്ഷേപം കണ്ടെത്തിയതു വാര്ത്തായിരുന്നു. ഇതാണ് ലോകത്തിന് പ്രതീക്ഷയാകുന്നത്.