അജിത്ത് ജി. നായര്‍
ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളിലൊരാളാണ് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. സ്വതന്ത്ര റഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റ് കൂടിയാണ്് പുടിന്‍. മികച്ച ഭരണാധികാരി എന്ന നിലയില്‍ അറിയപ്പെടുന്ന പുടിന് അധികം ആരും അറിയാത്ത ചില സ്വഭാവ സവിശേഷതകള്‍ കൂടിയുണ്ട്. പൊതുവെ പരുക്കന്‍ എന്ന പരിവേഷമുള്ള പുടിനെക്കുറിച്ച് അധികം അറിയപ്പെടാത്ത ചില കാര്യങ്ങള്‍ ഇതാ.
കൃത്യനിഷ്ഠ ലവലേശമില്ല
ലോകത്തിലെ പ്രമുഖ നേതാക്കളെല്ലാം സമയനിഷ്ഠയുടെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്തവരാണെങ്കില്‍ പുടിന്റെ കാര്യം നേരേ മറിച്ചാണ്. 2013ല്‍ പോപ് ഫ്രാന്‍സിസ് റഷ്യ സന്ദര്‍ശിച്ചിരുന്നു. അന്ന് പോപിനെ കാണാനെത്തിയതാകട്ടെ 50 മിനിറ്റ് താമസിച്ചും. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പൊതുപരിപാടികളിലും പ്രസ്മീറ്റുകളിലും ഒരു മണിക്കൂറുകള്‍ താമസിച്ചെത്തുന്നത് പുടിന്റെ പതിവാണ്. തന്നെ കാത്തിരിക്കുന്നത് ആരാണെന്നൊന്നും പുട്ടിന്‍ ശ്രദ്ധിക്കാറില്ല. 2012ല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കാത്തിരുത്തിയത് മൂന്ന് മണിക്കൂറാണ്. എലിസബത്ത് രാജ്ഞിയെ കാണാന്‍ പോലും പുടിന്‍ കൃത്യസമയത്തെത്തിയില്ല. എത്ര സീരിയസ് വിഷയമായാലും ഇതിനു മാറ്റമില്ല. ക്രിമിയയില്‍ അധിനിവേശം നടത്തിയപ്പോള്‍ യുക്രെയ്ന്‍ പ്രസിഡന്റുമായി നടന്ന നിര്‍ണായ കൂടിക്കാഴ്ചയ്ക്ക് എത്തിയത് വരെ വളരെ താമസിച്ചായിരുന്നു. തങ്ങളുടെ ആദ്യ ഡേറ്റിംഗിനു പോലും പുടിന്‍ എത്തിയത് വളരെ താമസിച്ചായിരുന്നു എന്ന് ആദ്യഭാര്യ പറയുമ്പോള്‍ കൂടുതലെന്തു പറയാന്‍. ഇത് ഒരു പ്രത്യേക മനോവൈകല്യമാണെന്നാണ് ചിലര്‍ പറയുന്നത്.
വലിയ മൃഗസ്‌നേഹി
ക്രൂരനും പ്രശ്‌നക്കാരനുമായ റഷ്യന്‍ നേതാവ് എന്നാണ് പലര്‍ക്കും പുടിനേക്കുറിച്ചുള്ള ധാരണ. എന്നാല്‍ പുടിന്‍ ഒരു വലിയ മൃഗസ്‌നേഹിയാണെന്നുള്ളതാണ് സത്യം. പുടിന്‍ മൃഗങ്ങളോടൊപ്പം ചെലവഴിക്കുന്നതിന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വളര്‍ത്തുനായ്ക്കളില്‍ തുടങ്ങി കടുവകള്‍, ഹിമക്കരടികള്‍ തുടങ്ങിയ വന്യമൃഗങ്ങള്‍ വരെ പുടിന്റെ സ്‌നേഹത്തിനു പാത്രമായിട്ടുണ്ട്. പുടിന്റെ സ്വകാര്യ വെബ്‌സൈറ്റില്‍ നിറയെ മൃഗങ്ങളോടുള്ള സ്‌നേഹം പങ്കുവയ്ക്കുന്നതിന്റെ ചിത്രങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന സൈബീരിയന്‍ കടുവ, ഹിമക്കരടി, വെള്ള തിമിംഗലം, മഞ്ഞു പുലി എന്നിവയുള്‍പ്പെടെയുള്ള ജീവികളോടൊത്തുള്ള ചിത്രങ്ങളാണ് പുടിന്‍ പങ്കുവയ്ക്കുന്നത്. മാത്രമല്ല രാജ്യത്തെ ജീവിവര്‍ഗത്തിന്റെ കണക്കെടുക്കുന്ന റഷ്യന്‍ ജോഗ്രഫിക്കല്‍ സൊസൈറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനും പുടിന്‍ തന്നെയാണ്.
മികച്ച ഗായകന്‍
നല്ലൊരു ഗായകന്‍ കൂടിയാണ് പുടിന്‍. 2010ല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ഒരു ചാരിറ്റി പരിപാടിയില്‍ മധുരകരമായി പാട്ടുപാടിയാണ് പുടിന്‍ സദസ്യരെ ഞെട്ടിച്ചത്. വേദിയില്‍ വിദഗ്ധമായി പിയാനോ വായിച്ച പുടിന്‍ ”ബ്ലൂബെറി ഹില്‍” എന്ന പ്രശസ്ത അമേരിക്കന്‍ ഗാനം പാടിയാണ് സദസിലുണ്ടായിരുന്നവരെ കയ്യിലെടുത്തത്. അതും നല്ല ശുദ്ധ ഇംഗ്ലീഷില്‍.ഹോളിവുഡ് താരങ്ങളായ കര്‍ട്ട് റസലിനെയും ഷാരോണ്‍ സ്‌റ്റോണിനെയും സാക്ഷിയാക്കിയായിരുന്നു പരുക്കന്‍ എന്ന് ആളുകള്‍ വിശ്വസിക്കുന്ന പുടിന്റെ ഗാനാലാപനം. എങ്ങനെ സാധിക്കുന്നു എന്ന് പലരും ചോദിക്കുമ്പോള്‍ താന്‍ ഇതൊക്കെ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു എന്നായിരുന്നു പുടിന്റെ മറുപടി. ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന കൂട്ടത്തില്‍ ബ്ലബെറി ഹില്‍സിന്റെ വരികളും പുടിന്‍ പടിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പ്രസ് ഏജന്റ് പറഞ്ഞു. എന്നാല്‍ പിയാനോവായനയില്‍ തനിക്കുള്ള വൈദഗ്ധ്യം പുടിന്‍ മുമ്പേ തന്നെ തെളിയിച്ചിട്ടുണ്ട്. കുട്ടികളുമായി മുമ്പ് നടത്തിയ ഒരു സംവാദപരിപാടിയില്‍ പുടിന്‍ മനോഹരമായി പിയാനോ വായിച്ചിരുന്നു.
പലപ്പോഴും ഇന്ത്യാനാ ജോണ്‍സ്
പലപ്പോഴും പുടിന്‍ ഇന്ത്യാനാ ജോണ്‍സിനെപ്പോലെയാണ്. ഒരിക്കല്‍ ബ്ലാക് സീയില്‍ ഡൈവിംഗിനു പോയ പുടിന്‍ കരയ്ക്കു കയറിയത് ഗ്രീക്കുകാര്‍ ചിതാഭസ്മം ഒഴുക്കിയ ഒരു പുരാതന കുടവുമായാണ്. പുടിന്‍ നല്ലൊരു മീന്‍ പിടിത്തക്കാരന്‍ കൂടിയാണ്. 2013ല്‍ നടത്തിയ ഒരു സൈബീരിയന്‍ ട്രിപ്പില്‍ 25 കിലോഗ്രാം ഭാരമുള്ള ഒരു മീനിനെയാണ് കക്ഷി വലയെറിഞ്ഞു പിടിച്ചത്.
കിടിലന്‍ ഡ്രൈവര്‍
ലോകത്തിലെ അതിവേഗ കാറോട്ട മത്സരമായ ഫോര്‍മുലാ വണിനുപയോഗിക്കുന്ന കാറിലും പുടിന്‍ കൈവച്ചിട്ടുണ്ട്. 2010ല്‍ സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ വച്ചായിരുന്നു അത്. അന്ന് ടെസ്റ്റ് ഡ്രൈവിനിടയില്‍ റെനോയുടെ കാര്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണ് പുടിന്‍ പറത്തിയത്. റഷ്യയുടെ ദേശീയചിഹ്നമായ ഇരുതലയന്‍ പരുന്തിന്റെ ചിഹ്നം പതിച്ച ഹെല്‍മറ്റായിരുന്നു അന്ന് പുടിന്‍ ധരിച്ചിരുന്നത്. കാറില്‍ മാത്രമല്ല ബൈക്കിലും പുടിന് കമ്പമുണ്ട്.റഷ്യയിലെ ഒരു പ്രധാന ബൈക്ക് സവാരിക്കാരായ നൈറ്റ് വോള്‍വ്‌സിനെ ‘പുടിന്‍സ് ഹെല്‍ ഏഞ്ചല്‍സ’് എന്നു്ം വിളിക്കാറുണ്ട്. രാജ്യസ്്‌നേഹികളായ ബൈക്ക് യാത്രികരായാണ് ഈ ഗ്യാങ് അറിയപ്പെടുന്നത് എന്നതാണ് ഈ വിശേഷണത്തിനു കാരണം.
ഇഷ്ടപ്പെടുന്നത് അമേരിക്കന്‍ എഴുത്തുകാരെ
പുടിന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മൂന്ന് എഴുത്തുകാരില്‍ രണ്ടു പേരും അമേരിക്കക്കാരാണ്. ജാക് ലണ്ടനും ഏണസ്റ്റ് ഹെമിംഗ് വേയും. മൂന്നാമത്തെയാള്‍ ഫ്രഞ്ചുകാരനായ ജൂള്‍സ് വേണും. ഈ എഴുത്തുകാരുടെ രചകളിലെ കഥാപാത്രങ്ങളെല്ലാം ധീരന്മാരും സാഹസികരുമാണെന്നതാണ് തന്നെ ഇവരിലേക്ക് അടുപ്പിച്ചതെന്ന് പുടിന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
(രാഷ്ട്രദീപിക പ്രസിദ്ധീകരിക്കുന്ന സ്‌പെഷല്‍ റിപ്പോര്‍ട്ടുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കോപ്പി ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവര്‍ത്തിക്കുന്നപക്ഷം നിയമനടപടി സ്വീകരിക്കുന്നതാണ്.)