രാത്രി ഒൻപതു മണി. ഇന്നലെ കണ്ണൂർ നഗരത്തിലെ ഒരു ബാറിൽനിന്നും മദ്യപിക്കുന്നവർ, കൈകൾ കോർത്തുപിടിച്ചു ബാറിലേക്കു മദ്യപിക്കാനെത്തിയ അതിഥികളെ കണ്ടു ഞെട്ടി. എല്ലാവരും നോക്കിനിൽക്കെ 25 കാരനും ഭർതൃമതിയായ കാമുകിയും ബാറിനകത്തെ മൂന്നാമത്തെ മേശയ്ക്കരികിലെത്തി കസേര വലിച്ചു മുഖാമുഖം ഇരുന്നു.
മദ്യവും ഓർഡർ ചെയ്തു. രണ്ടെണ്ണം അകത്താക്കിയതോടെ കമിതാക്കളുടെ ശബ്ദം ഉച്ചത്തിലായി. കളി പറഞ്ഞും പൊട്ടിച്ചിരിച്ചും നിമിഷങ്ങൾ മണിക്കൂറുകളായി. ഇതിനിടയിൽ മദ്യം ഒഴിച്ച ഗ്ലാസുകൾ കാലിയായിക്കൊണ്ടിരുന്നു. പെട്ടെന്നാണു സ്ഥിതി മാറിയത്. മദ്യം തലയ്ക്കു പിടിച്ചതോടെ ഇവരുടെ സംസാരം ബഹളമായി മാറി. പിന്നീട് പരസ്പരം തെറിവിളിയായി.
ബാറിലെ ജീവനക്കാരുമായും ഇവർ വാക്കേറ്റത്തിലേർപ്പെട്ടു. പ്രശ്നത്തിൽ ഇടപെട്ട മറ്റുള്ളവരുമായി കൈയാങ്കളി വരെ എത്തുകയും ചെയ്തു. തുടർന്നു ബാർ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് ടൗൺ പോലീസ് സ്ഥലത്തെത്തി കമിതാക്കളെ കസ്റ്റഡിയിലെടുത്തു.
രാത്രിവൈകി സ്റ്റേഷനിൽ വച്ച് ഇരുവർക്കും ബോധം തിരിച്ചുകിട്ടി. അബദ്ധം പറ്റിയതാണെന്നും പോകാൻ അനുവദിക്കണമെന്നും ഇരുവരും പോലീസിനു മുന്നിൽ അഭ്യർഥിച്ചു. ഒടുവിൽ ബാറിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയതിന് ഇരുവരുടെയും പേരിൽ കേസെടുത്ത ശേഷം പോകാൻ അനുവദിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ രണ്ടുപേരും ഓട്ടോറിക്ഷയിൽ സ്ഥലംവിടുകയും ചെയ്തു.