അവിശ്വസനീയമായൊരു പീഡന വാര്‍ത്തയാണ് ബംഗളൂരുവില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. തനിച്ചു താമസിക്കുകയായിരുന്ന വീട്ടമ്മയെ ഉറക്കഗുളിക കേക്കില്‍ കലര്‍ത്തി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഫയാസ് (23), ഹാരൂന് (22), സാദിഖ് ഖാന് (25), ആലിഫ് സയ്യിദ് (22), ജമീല്‍ ദേശായി (26), ഇല്യാസ് (22), നസ്രല്ല ഖാന് (23), സാദിഖ്, നിയാസ് എന്നിവരെ ഹലിയാല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഒന്പതുപേര് ഒന്‍പതു ദിവസം പീഡിപ്പിച്ചുവെന്നാണ് കേസ്.
പോലീസ് പറയുന്നതിങ്ങനെ- നഗരത്തില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു വീട്ടമ്മ. അപ്പോള്‍ അതുവഴി ബൈക്കില്‍ വന്ന ഫയസ് ബൈക്കില്‍ ഇവരെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയപ്പോള്‍ വീട്ടമ്മയ്ക്കൊപ്പം വീടിനകത്തേക്ക് ഇടിച്ചുകയറി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തിയശേഷം മാനഭംഗപ്പെടുത്തി. തിരികെ പോയ ഇയാള്‍ പിറ്റേദിവസം കൂട്ടുകാര്‍ക്കൊപ്പമെത്തി. കൈവശമുണ്ടായിരുന്ന കേക്ക് വീട്ടമ്മയ്ക്ക് കഴിക്കാന്‍ നല്കി. കേക്ക് കഴിച്ച വീട്ടമ്മ അബോധവസ്ഥയിലായതോടെ മൂവരും ചേര്‍ന്ന് പീഡിപ്പിച്ചു.
പിന്നീടുള്ള ദിവസങ്ങളില്‍ ഇവരുടെ കൂട്ടുകാരും വന്ന് പീഡിപ്പിച്ചെന്നാണ് മൊഴിയില്‍ പറയുന്നത്. മാര്‍ച്ച് ആറിനാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ സാധിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടി കൈകാര്യം ചെയ്തു പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഭര്‍ത്താവും മാതാപിതാക്കളും മരിച്ച വീട്ടമ്മ രണ്ടു മക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. മക്കള്‍ ബന്ധുവീട്ടില്‍ പോയിരുന്ന സമയത്താണ് പീഡനം നടന്നത്. വാര്‍ത്ത കര്‍ണാടകയിലെ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.