അങ്ങാടിപ്പുറം: മൂന്നുമാസത്തെ ഇടവേളക്കു ശേഷം റേഷൻ കടയിലെത്തിയ പച്ചരി ഭക്ഷ്യയോഗ്യമല്ലാത്തത്. ചാക്ക് തുറന്നു നോക്കിയപ്പോൾ പുഴുവരിച്ച നിലയിലാണ് അരി കാണപ്പെട്ടത്. അങ്ങാടിപ്പുറം വൈലോങ്ങരയിലെ റേഷൻ കടയിൽ ഇന്നലെ രാവിലെ പച്ചരി ചാക്ക് തുറന്നു നോക്കിയപ്പോഴുള്ള കാഴ്ചയാണിത്. പാലക്കാട്ടു നിന്നെത്തിയ 49 ചാക്ക് പച്ചരി ഭക്ഷ്യയോഗ്യമല്ലാത്ത വിധത്തിൽ കേടുവന്നിരിക്കുകയാണ്.
പരിശോധിക്കാതെ അരി കയറ്റിവിടുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഇവിടെയുള്ള 49 ചാക്കിന്റെയും അവസ്ഥ ഇതുതന്നെയാണ്. പാലക്കാട്ടു നിന്നു വ്യാഴാഴ്ച വൈകീട്ടാണ് അങ്ങാടിപ്പുറത്തേക്കും പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലേക്കുള്ള പച്ചരി പരിയാപുരം ഗോഡൗണിൽ ഇറക്കിയത്. റേഷൻ കടയിൽ മൂന്നു മാസത്തിനു ശേഷമെത്തിയ പച്ചരി വാങ്ങാനെത്തിയവർ ചാക്ക് പെട്ടിച്ചപ്പോൾ അന്പരക്കുകയായിരുന്നു.
ഒന്നോ രണ്ടോ ചാക്കിൽ മാത്രമാണ്് പുഴുക്കട്ടയെന്നു കരുതി ആശ്വസിച്ചവരെല്ലാം 49 ചാക്കിലെയും പുഴുക്കളെ കണ്ടു നിരാശയോടെ മടങ്ങി. അങ്ങാടിപ്പുറം പഞ്ചായത്തിലെ മിക്ക റേഷൻ കടകളിലുമുള്ള പച്ചരിയുടെ അവസ്ഥ ഇതു തന്നെയാണ്.
കേടുവന്ന പച്ചരിയിറക്കി പാവപ്പെട്ടവരെ വഞ്ചിക്കുകയാണ് അധികൃതരെന്നു ആക്ഷേപം ശക്തമായിട്ടുണ്ട്. കാലാവധി കഴിഞ്ഞ 2017 -2018 വർഷം അടയാളപ്പെടുത്തിയ ലേബലിലുള്ള പച്ചരിയാണ് എത്തിയിരിക്കുന്നത്. റേഷൻ കടകളിലേക്കെത്തുന്ന അരി കാലപ്പഴക്കമേറിയതാണെന്നു അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നു നാട്ടുകാർ പറയുന്നു. അധികൃതർക്കെതിരെ രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.