മലപ്പുറം: പുളിക്കൽ പഞ്ചായത്ത് ഓഫീസില്‍ സാമൂഹികപ്രവർത്തകൻ തൂങ്ങിമരിക്കാൻ ഇടയായ സംഭവത്തിൽ കുറ്റക്കാരായ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തം.
മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ടി.വി. ഇബ്രാഹീം എംഎൽഎ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 9.30ന് പഞ്ചായത്തിലേക്ക് യുഡിഎഫ് മാർച്ച് നടത്തി.
ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്വകാര്യ പ്ലാസ്റ്റിക് പ്ലാന്റിനെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഎം ഭരിക്കുന്ന മലപ്പുറം പുളിക്കൽ പഞ്ചായത്തിൽ പരാതിക്കാരനായ റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ചത്.
പ്ലാന്റ് കാരണം പരിസര പ്രദേശങ്ങളിൽ ശ്വാസകോശ സംബന്ധമായ പല രോഗങ്ങളും പടരുന്നത് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വിവിധ വകുപ്പുകൾക്കും റസാഖ് പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല.
തന്റെ മൂത്ത സഹോദരൻ ശ്വാസകോശരോഗം ബാധിച്ച് മരിച്ചത് പ്ലാന്റിലെ പുക ശ്വസിച്ചാണെന്ന പരാതിയും ഇദ്ദേഹം പല തവണ ഉന്നയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഭരണ സമിതി ഈ വിഷയത്തിൽ ഒരു നടപടിയും എടുത്തില്ലെന്ന് കുടുംബവും നാട്ടുകാരും പറയുന്നു.
ഈ വിഷയത്തില്‍ താന്‍ പഞ്ചായത്തില്‍ നല്കിയ പരാതികള്‍ കഴുത്തില്‍ കെട്ടിയായിരുന്നു റസാഖ് ജീവനൊടുക്കിയത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റസാഖ് ഇഎംഎസ് മന്ദിരത്തിനായി വീടും സ്ഥലവുമുള്‍പ്പെടെ ദാനം ചെയ്യുകയും ചെയ്തിരുന്നു.
പ്ലാന്റ് അടച്ചു പൂട്ടാൻ പഞ്ചായത്തിന് അധികാരമില്ലെന്നും കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി ആണ് ലൈസൻസ് നൽകിയതെന്നുമാണ് പ്രസിഡന്റിന്റെ നിലപാട്. ഇത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.