തൃശൂർ: കാർഷിക മേഖല സജീവമാകുന്പോൾ കർഷകരെ വലച്ച് രാസവള ക്ഷാമം. കോൾ മേഖലയിലടക്കം ആദ്യവളമായി ഉപയോഗിക്കുന്നത് എഫ്എസിടിയുടെ ഫാക്ടംഫോസ് ആണ്. അമോണിയം സൾഫേറ്റ്, പൊട്ടാഷ്, 15:15:15 കോംപ്ലക്സ് എന്നിവയ്ക്കു പുറമേ ജൈവ വളങ്ങളും ഉപയോഗിക്കുന്നു.
എന്നാൽ, തൃശൂർ ജില്ലയിലേക്ക് ആവശ്യമായ വളമെത്തിക്കാൻ എഫ്എസിടി തയാറാകുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്, പെസ്റ്റിസൈഡ്സ് ആന്ഡ് ഏജന്റ് ഡീലേഴ്സ് തൃശൂരിന്റെ ഭാരവാഹികൾ പറഞ്ഞു. കർഷകരോടും വളം ഡീലർമാരോടും കാട്ടുന്ന അവഗണനയ്ക്കെതിരേ സമരത്തിനിറങ്ങുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
എഫ്എസിടിക്ക് തൃശൂരിൽ 1500 ടണ്വരെ സംഭരണശേഷിയുള്ള സ്വന്തം ഗോഡൗണുകളുണ്ട്. രണ്ട് ഓഫീസർമാർ ജോലിക്കുണ്ടെങ്കിലും കൃഷി സജീവമാകുന്ന സമയത്ത് ആവശ്യത്തിനു വളമെത്തിക്കാതെ കർഷകരെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. സ്റ്റോക്ക് എത്തിക്കുന്ന കരാറുകാരെ ലഭിക്കാത്തതാണു പ്രശ്നമെന്ന് അധികൃതർ പറയുന്നെങ്കിലും പാലക്കാട്ടേക്ക് റെയിൽവേ, ലോറിവഴി വളമെത്തിക്കുന്നുണ്ട്.
തൃശൂരിലേക്കു വളമെത്തിക്കുന്നത് നഷ്ടമാണെന്നു പറയുന്ന എഫ്എസിടി അധികൃതർ, ഹരിയാനയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപകമായി വളമെത്തിക്കുന്നു. ജില്ലയിലെ മൊത്തവ്യാപാരികൾക്ക് കൂടുതൽ ലാഭമുള്ള വളങ്ങൾ വിൽക്കാനുള്ള സൗകര്യമൊരുക്കുകയാണ് ഉദ്യോഗസ്ഥരെന്നും ആരോപണമുണ്ട്.
മൊത്തവ്യാപാരികൾ അന്പലമുകൾ, ഉദ്യോഗമണ്ഡൽ എന്നിവിടങ്ങളിൽനിന്ന് നേരിട്ടു വളം സംഭരിക്കുന്നതുപോലെ ഡീലർമാർക്കും സൗകര്യമൊരുക്കിയാൽ വളം ക്ഷാമത്തിനു പരിഹാരമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
തൃശൂർ ജില്ലയിൽ കാർഷിക മേഖലയിൽ ഏറ്റവുംകൂടുതൽ ഉപയോഗിക്കുന്നത് ഫാക്ടംഫോസ് ആണ്. അതിൽതന്നെ കോൾകൃഷി ആരംഭിക്കുന്പോഴാണ് ആവശ്യമേറുക. മറ്റു ചില കന്പനികൾ ഇറക്കുമതി ചെയ്ത പൊട്ടാഷ്, യൂറിയ എന്നിവയെത്തിക്കുന്നുണ്ടെങ്കിലും തികയുന്നില്ലെന്നാണ് പരാതി. കാർഷിക സീസണ് ആരംഭിക്കുന്ന സമയത്ത് എഫ്എസിടി നടപടിയെടുത്തില്ലെങ്കിൽ കർഷകരെ ഉൾപ്പെടുത്തി സമരം തുടങ്ങുമെന്ന് ഡീലർമാർ പറഞ്ഞു.
- സ്വന്തം ലേഖകൻ