തുറവൂർ: അഴിമതി നടത്താതാണ് താൻ പഞ്ചായത്ത് സെക്രട്ടറിയായി നിയമിതനായിരിക്കുന്നതെന്നു വിജിലൻസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച പഞ്ചായത്ത് സെക്രട്ടറി പി. വി. മണിയപ്പൻ ഒടുവിൽ വിജിലൻസ് പിടിയിൽ.
നിലവിൽ അരൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇദ്ദേഹം അരൂരിൽ ഒരു കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി തേടി വന്ന എറണാകുളം സ്വദേശിയിൽ നിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി ചോദിച്ചു.
കൈക്കൂലി പണം നൽകാത്തതിന്റെ പേരിൽ മാസങ്ങളായി നിർമ്മാണത്തിന് അനുമതി നൽകാതെ വന്നതിനെ തുടർന്ന് അപേക്ഷകൻ വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ വിഭാഗത്തെ അറിയിക്കുകയായിരുന്നു .
പല സ്ഥലങ്ങളിൽ പണവുമായി…
വിജിലൻസ് വിഭാഗം നൽകിയ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ ആദ്യ ഗഡുവായി നൽകാം എന്ന് അപേക്ഷകൻ സമ്മതിച്ചു.
ഇതിൽ സംശയം തോന്നിയ മണിയപ്പൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പണവുമായി വിവിധ സ്ഥലങ്ങളിൽ ഇദ്ദേഹത്തെ വരുത്തിയിരുന്നു.
ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം പണവുമായി കുത്തിയതോടിന് അടുത്തുള്ള ചമ്മനാട് ദേശീയപാതയുടെ കിഴക്കുഭാഗത്ത് എത്താൻ ആവശ്യപ്പെട്ടു.
ഇതിൻ പ്രകാരം അപേക്ഷകൻ ദേശീയ പാതയുടെ കിഴക്കുഭാഗത്ത് ഇദ്ദേഹത്തെ കാത്തുനിന്നു. മണിക്കൂറുകൾക്കു ശേഷം ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ചമ്മനാട് ക്ഷേത്രത്തിന്റെ പരിസരത്ത് എത്തിയ മണിയപ്പൻ അപേക്ഷകനെ വിളിക്കുകയും ഇതിൻ പ്രകാരം അപേക്ഷകനെത്തി ഒരു ലക്ഷം രൂപ കൈമാറി.
മണിയപ്പൻ പണം വാങ്ങി പാൻസിന്റെ പോക്കറ്റിലേക്ക് വച്ച് വണ്ടിയെടുത്ത് വീട്ടിലേക്കു നീങ്ങവേ കാത്തുനിന്ന വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
പി. വി മണിയപ്പൻ സെക്രട്ടറിയായിരുന്നിട്ടുള്ള മുഴുവൻ പഞ്ചായത്തുകളിലും വൻ അഴിമതിയാണ് നടത്തിയിട്ടുള്ളതെന്ന് വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട്.
അഴിമതി നടത്താൻ താത്കാലിക ചുമതല
എഴുപുന്ന , കോടംതുരുത്ത് , തുറവൂർ , അരൂക്കുറ്റി, അരൂർ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിയായിരുന്നിട്ടുള്ളത്.
അനധികൃത നിർമ്മാണങ്ങൾ റെഗുലറൈസ് ചെയ്ത് കിട്ടുന്നതിനായി അനുമതി നൽകാത്ത സെക്രട്ടറിമാരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് ഉന്നത ഇടപെടൽ നടത്തി ഇദ്ദേഹത്തെ പകരം പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്ത് താൽക്കാലിക ചുമതല നൽകി അനധികൃതമായും നിയമവിരുദ്ധമായുമുള്ള നിർമ്മാണത്തിന് അനുമതി സന്പാദിച്ചിട്ടുണ്ട്.
കോടംതുരുത്ത് പഞ്ചായത്ത് സെക്രട്ടറിയായിട്ടിരുന്നപ്പോഴും സെക്രട്ടറിയുടെ അധിക ചുമതലയേറ്റിരുന്നപ്പോഴും വൻ ക്രമക്കേടുകളും അഴിമതിയും നടത്തിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ വിജിൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി നടത്തിയതായി തെളിയുകയും
ഇദ്ദേഹത്തിനെതിരെ നടപടിക്കായി ശിപാർശ ചെയ്തിട്ടും ചില രാഷ്്ട്രീയ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് നടപടി മരവിപ്പിച്ചിരിക്കുകയാണ്.
ബന്ധുവിന്റെ സൈക്കിൾ കടയിൽ
കോടംതുരുത്ത് പഞ്ചായത്തിലെ പട്ടികജാതിക്കാർക്കായുള്ള ആനുകൂല്യങ്ങളുടെ വിതരണത്തിൽ വൻ അഴിമതി നടത്തിയതായി ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിരുന്നു.
പട്ടികജാതിക്കാർക്കായുള്ള സൈക്കിൾ വിതരണം ഇതിന് ഒരു ഉദാഹരണം മാത്രം. കമ്പനി സൈക്കിൾ വിതരണം ചെയ്യാനായി പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തു.
എന്നാൽ ഇദ്ദേഹം ഇതിൽ ഇടപെട്ട് ഇദ്ദേഹത്തിന്റെ ബന്ധു എരമല്ലൂരിൽ നടത്തിയിരുന്ന സൈക്കിൾ കടയിൽ നിന്ന് ചൈനീസ് സൈക്കിൾ വാങ്ങുകയും ഇത് പഞ്ചായത്തിൽ കൊണ്ടുവന്ന് ഇറക്കിയപ്പോൾ ഉപയോഗിക്കാൻ ആവാത്ത വിധം ഒടിഞ്ഞു പോകുകയും ചെയ്തു.
ഇത് ഒരു ഗോഡൗണിലേക്ക് മാറ്റി ,പഞ്ചായത്ത് രേഖകളിൽ ഉപഭോക്താക്കൾ സൈക്കിൾ കൈപ്പറ്റിയതായി രേഖയുണ്ടാക്കുകയും മാസങ്ങൾക്കുശേഷം വാങ്ങിയ സൈക്കിളുകളുടെ അവശിഷ്ടങ്ങൾ ആക്രിവിലയ്ക്ക് വിൽക്കുകയും ചെയ്തത് ഇദ്ദേഹം നടത്തിയ അഴിമതിയിൽ ഒന്നു മാത്രം.
രാഷ്്ട്രീയ സംരക്ഷണം
ഇദ്ദേഹം സെക്രട്ടറിയായിരിക്കുമ്പോൾ പഞ്ചായത്തിൽ നിന്ന് കാര്യങ്ങൾ നത്തിയെടുക്കാൻ പണം മാത്രമല്ല മറ്റു പലതും ഇദ്ദേഹം ആവശ്യപ്പെട്ടതായുള്ള പരാതിയും ഉണ്ടായിട്ടുണ്ട്.
ഇത്തരത്തിൽ സ്ത്രീകളുടേതായിട്ടുള്ള പരാതികളും ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടും ചില രാഷ്്ട്രീയ നേതാക്കളുടെ സ്വാധീനത്തിൽ നടപടിയെടുക്കാതെ ഇദ്ദേഹത്തെ സംരക്ഷിച്ചതായും ആരോപണമുണ്ട്.
കോടംതുരുത്ത്, തുറവൂർ പഞ്ചായത്തുകളിൽ ഇദ്ദേഹം സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതികളെക്കുറിച്ച് ലഭിച്ച പരാതിയിന്മേൽ നടത്തിയ അന്വഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹം വകുപ്പുതല നടപടി നേരിടുന്നതിനിടെയാണ് ഇപ്പോൾ കൈക്കൂലിപ്പണവുമായി വിജിലൻസ് പിടികൂടിയിരിക്കുന്നത്.
പി വി മണിയപ്പൻ സെക്രട്ടറിയായിരുന്നിട്ടുള്ള എല്ലാ പഞ്ചായത്തിലെയും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുടെ അനുമതിയെക്കുറിച്ച് അന്വഷണം നടത്തണമെന്നും അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചുനീക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്നു .