നിരവധി ചിത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയാണ് തെലുങ്ക് നടി റാഷി ഖന്ന. മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലനിൽ പോലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരം, മികച്ച അഭിനയത്തിലൂടെ പ്രേക്ഷക പ്രശംസയും നേടിയെടുത്തിരുന്നു.
മുന്പ് റാഷിയും നടൻ നാഗശൗര്യയും തമ്മിൽ പ്രണയത്തിലാണെന്ന് പാപ്പരാസികൾ പറഞ്ഞു പരത്തിയിരുന്നു. സംഭവം കാതിലെത്തിയ റാഷി ഇത്തരം ഗോസിപ്പുകളെല്ലാം വാസ്തവ വിരുദ്ധമാണെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും തുറന്നു പറയുകയും ചെയ്തിരുന്നു.
താരത്തിന്റെ നിലപാട് കേട്ടതോടെ റാഷിയെ സംബന്ധിച്ചുള്ള ഗോസിപ്പുകൾക്ക് താത്ക്കാലികമായി വിരാമമിട്ടിരുന്നു. എങ്കിലിതാ ഇത്തരം വാർത്തകൾ വീണ്ടും തലപൊക്കുകയാണ്. ഇപ്രാവശ്യം റാഷിക്കൊപ്പം പേരിട്ടു വിളിക്കാൻ നറുക്ക് വീണത് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വലം കൈ ഫാസ്റ്റ് ബൗളറായ ജസ്പ്രീത് ബുംറയയാണ്.
റാഷിയുടെ ചില പ്രസ്താവനകളാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ ഉടലെടുക്കാൻ കാരണമായത്. മുന്പ് നടന്ന അഭിമുഖങ്ങളിൽ താൻ വലിയൊരു ക്രിക്കറ്റ് പ്രേമിയാണെന്നും ഇന്ത്യയുടെ ഒരു മാച്ചും താൻ കാണാതിരിക്കില്ലെന്നും മാത്രമല്ല താൻ ബുംറയുടെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിന്റെ കളി കാണുവാൻ വേണ്ടി മാത്രമാണ് താൻ ക്രിക്കറ്റ് കാണുന്നതെന്നും റാഷി തുറന്നു പറഞ്ഞിരുന്നു.
ഇപ്പൊഴിത അടുത്തിടെ നടന്നൊരു ചാറ്റ് ഷോയിൽ അവതാരക, റാഷിയോട് ബുംറയെക്കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടി കേട്ട് ഞെട്ടിത്തരിക്കുകയാണ് ഇവരുടെ ആരാധകർ. കാരണം ഇവരുടെ മറുപടി ഇപ്രകാരമായിരുന്നു.
“ജസ്പ്രീത് ബുംറ ആരാണ്. അദ്ദേഹം ഒരു ക്രിക്കറ്റ് കളിക്കാരൻ ആണെന്ന് മാത്രം എനിക്ക് അറിയാം. അതിനുമപ്പുറം അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. വ്യക്തിപരമായും അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇതുവരെ അദ്ദേഹത്തെ ഞാൻ നേരിൽ പോലും കണ്ടിട്ടില്ല. ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ലെന്നുമാണ് റാഷി വ്യക്തമാക്കിയത്’.
ഗോസിപ്പുകളിൽ നിന്നും രക്ഷപെടാൻ വേണ്ടി മാത്രം താരം ഇതുപറഞ്ഞതാണെന്നും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നു വിശ്വസിക്കുവാൻ ഇഷ്ടപ്പെടുന്ന ഇരുവരുടെയും ആരാധകർ റാഷിയുടെ പ്രസ്താവനയ്ക്ക് കാര്യമായ ചെവികൊടുക്കില്ലെന്നാണ് സിനിമാ മേഖലയിൽ നിന്നുമുള്ള ചർച്ച.