ഹരാരെ: ഏകദിനത്തിൽ വേഗമേറിയ 100 വിക്കറ്റ് എന്ന റിക്കാർഡ് അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ സ്വന്തമാക്കി. 44 മത്സരങ്ങളിൽനിന്നാണ് ഖാൻ നൂറു വിക്കറ്റ് കടന്നത്. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് 52 മത്സരങ്ങളിൽ നൂറു വിക്കറ്റ് തികച്ചതാണ് ഇതോടെ തകർന്നത്. ഐസിസി ലോകകപ്പ് ക്വാളിഫയർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിന്റെ ഷയി ഹോപ്പിനെ പുറത്താക്കിയാണ് ഖാൻ പുതിയ റിക്കാർഡ് കുറിച്ചത്.
നൂറു വിക്കറ്റ് കടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാനെന്ന റിക്കാർഡും പത്തൊന്പതുകാരനായ ഖാൻ സ്വന്തമാക്കി. വേഗത്തിൽ 50 വിക്കറ്റ് തികച്ച കളിക്കാരിൽ എട്ടാമനാണ്. 26 മത്സരങ്ങളിൽനിന്നാണ് അഫ്ഗാൻ സ്പിന്നർ 50 വിക്കറ്റ് കടന്നത്. ഐസിസിയുടെ കളിക്കാരുടെ റാങ്കിംഗിൽ ആദ്യ സ്ഥാനത്തുള്ള ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ഖാൻ.