വളരെ ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന നടിയാണ് രശ്മിക മന്ദാന. ഇപ്പോൾ ബോളിവുഡിൽ വരെ അരങ്ങേറിക്കഴിഞ്ഞു രശ്മിക.
അടുത്തിടെ തന്റെ ആദ്യ ചിത്രമായ കിറുക്ക് പാർട്ടി അണിയറപ്രവർത്തകരെ തള്ളിപറഞ്ഞുകൊണ്ട് രശ്മിക മന്ദാന പറഞ്ഞ വാക്കുകൾ വലിയരീതിയിൽ വിവാദമായിരുന്നു.
കാന്താര എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമായ റിഷഭ് ഷെട്ടി 2016ൽ ഒരുക്കിയ കിറുക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ അരങ്ങേറ്റം.
പിന്നീട് കന്നട സിനിമയില്‍നിന്നും തെലുങ്കിലേക്കും തമിഴിലേക്കുമെത്തി. കുറച്ചുനാള്‍ മുമ്പ് തന്റെ തുടക്കകാലത്തെക്കുറിച്ച് രശ്മിക പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ ആദ്യ സിനിമയെക്കുറിച്ചു രശ്മിക പരാമര്‍ശിച്ചില്ല. കിറുക്ക് പാര്‍ട്ടിയില്‍ രശ്മികയുടെ നായകനായി അഭിനയിച്ചത് ഋഷഭിന്റെ അടുത്ത സുഹൃത്തും രശ്മികയുടെ മുൻ കാമുകനും കൂടിയായ രക്ഷിത് ഷെട്ടിയായിരുന്നു.
രക്ഷിതും രശ്മികയും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു.
ഇതിനുശേഷം രശ്മിക കന്നടയില്‍ അഭിനയിച്ചിട്ടില്ല. രക്ഷിത് ഷെട്ടി കൂടി പങ്കാളിയായ പരംവാഹ് സ്റ്റുഡിയോസാണ് കിറുക്ക് പാർട്ടി നിർമിച്ചത്.
തന്റെ ആദ്യ സിനിമയിലെ അണിയറപ്രവർത്തരെ തള്ളി പറയുന്ന തരത്തിലുള്ള നടിയുടെ പെരുമാറ്റം കന്നട സിനിമാപ്രേമികൾക്കും ദഹിച്ചില്ല.
അതിനാൽതന്നെ രശ്മിക വലിയ രീതിയിൽ സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു. കൂടാതെ അപ്രഖ്യാപിത വിലക്ക് കന്നട സിനിമയിൽ നടിക്ക് വന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിത രശ്മികയ്ക്ക് വീണ്ടുവിചാരം ഉണ്ടായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്.
കാരണം ഏറ്റവും പുതിയ അഭിമുഖത്തിൽ യാതൊരു മടിയും കൂടാതെ തന്റെ ആദ്യ സിനിമയായ കിറുക്ക് പാർട്ടിയെ കുറിച്ച് രശ്മിക മന്ദാന വാചാലയായിട്ടുണ്ട്.
ഹാർപേഴ്സ് ബസാർ മാസികയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് കിറുക് പാർട്ടിയിൽ സാൻവി ജോസഫിന്റെ വേഷം ലഭിച്ചതെങ്ങനെയെന്ന് രശ്മിക വിവരിച്ചത്.
“”ഞാൻ ഒരിക്കലും ഒരു അഭിനേതാവായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും ഞാൻ എപ്പോഴും സിനിമയിൽ ആകൃഷ്ടയായിരുന്നു.
സിനിമയിൽ അവസരം കിട്ടാൻ ഓഡിഷനുകൾക്ക് പോയിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അവസരം കിട്ടാതെയായപ്പോൾ അഭിനയം എന്റെ വഴിയല്ലെന്ന് സ്വയം വിശ്വസിച്ച് ജീവിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെയാണ് 2014ൽ ടൈംസ് ഫ്രഷ് ഫേസ് എന്ന ടൈറ്റിൽ നേടിയത്. അതിനുശേഷം എനിക്ക് പ്രൊഡക്ഷൻ ഹൗസായ പരംവാഹ് സ്റ്റുഡിയോയിൽ നിന്ന് കോൾ വന്നു.
അവരുടെ പുതിയ സിനിമയിൽ സാൻവി ജോസഫ് എന്ന കഥാപാത്രത്തിന് വേണ്ടി ഓഡിഷൻ ചെയ്യാൻ അവർ എന്നോട് ആവശ്യപ്പെട്ടു.
അങ്ങനെ നായികയായി.” തന്റെആദ്യ സിനിമ കിറുക്ക് പാർട്ടി എന്നാണ് പുതിയ അഭിമുഖത്തിൽ രശ്മിക പറഞ്ഞത്.
രശ്മികയുടെ അഭിമുഖം വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. വീണ്ടും കന്നട സിനിമയിൽ കയറി കൂടാനുള്ള ശ്രമമാണോയെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.