നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. ഇയാളെ ഡൽഹി പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നാണ് പിടികൂടിയതെന്ന് ഡൽഹി പോലീസിലെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് വിഭാഗം ഡി.സി.പി. ഹേമന്ദ് തിവാരി അറിയിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ഓടിക്കയറുന്ന രശ്മികയുടെ ദൃശ്യങ്ങൾ എന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചിരുന്നത്. എ.ഐ. അധിഷ്ഠിതമായ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് വീഡിയോയാണ് പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
ബ്രിട്ടീഷ്-ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സാറാ പട്ടേലിന്റെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ചത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ ചർച്ചയായതോടെ താരത്തിന് പിന്തുണ അറിയിച്ചും ഡീപ് ഫേക്ക് വീഡിയോയിൽ നടപടി ആവശ്യപ്പെട്ടും ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധിപേർ രംഗത്തെത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ചർ ഉൾപ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.