ആസ്വാദനത്തിന്റെ പരമോന്നതിയിൽ നിന്നു ക്ഷണ മാത്രകൊണ്ട് നഷ്ടസ്വർഗങ്ങളുടെ കാവൽക്കാരിയാവുക….ആശാനും പൂന്താനവുമൊക്കെ കാലേകൂട്ടി എഴുതി വച്ച നഷ്ടരാഗങ്ങളൊക്കെയും തന്നേക്കുറിച്ചായിരുന്നല്ലോ എന്ന് ഒരു നിമിഷാർദ്ധമെങ്കിലും ഓർത്ത് പോയിട്ടുണ്ടാവണം.
എന്നാൽ ഉൾവെളിച്ചത്തിന്റെ തീക്ഷ്ണതയിൽ ഏത് ഇരുട്ടിനാണ് പിടിച്ചു നിൽക്കാനാവുക….ശപ്ത നിമിഷങ്ങളെയൊക്കെയും മറികടക്കാൻ ഡോ.രശ്മി പ്രമോദിന് ഈ ഒരു ചിന്ത മാത്രം മതിയായിരുന്നു….
അതേ ഇത് വെളിച്ചമായവളുടെ ജീവിതകഥയാണ്…. കണ്ണുകളിൽ ഇരുട്ട് മൂടിയിട്ടും അകക്കണ്ണിന്റ തെളിമയിൽ സ്വയം വെളിച്ചമായവളുടെ ജീവിതകഥ.
നിറമുള്ള ജീവിതം
നിറമുള്ളതെന്നും ഇരുണ്ടകാലമെന്നും തന്റെ ജീവിതത്തെ രണ്ടായി പകുക്കാൻ ഡോ. രശ്മി പ്രമോദിന് ഇഷ്ടമല്ല. അന്നും ഇന്നും എന്നും ഏതിരുട്ടിലും പ്രകാശിക്കുന്ന രശ്മിയാണത്.
അല്ലെങ്കിൽ പിന്നെങ്ങനെ ജീവനീയം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ സ്ഥാപിക്കും? ഒരു ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്യും? ബുദ്ധി വൈകല്യവും മാനസിക വൈകല്യവും ബാധിച്ച കുട്ടികൾക്കും മാതാപിതാക്കൾക്കും പുതിയൊരു വെളിച്ചമായി തീരും?
കൊയിലാണ്ടി അശ്വിനിയിൽ ഡോ.എം ഭാസ്കരന്റെയും തങ്കത്തിന്റെയും മൂത്തമകൾ രശ്മി പ്ലസ്ടു പഠനം കഴിഞ്ഞ് കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ബിഎഎംഎസ് പഠനത്തിന് എത്തുന്പോൾ കണ്ണിനും കാഴ്ചയ്ക്കും ചെറിയ ചില പ്രശ്നങ്ങളെയുണ്ടായിരുന്നുള്ളൂ.
2002ൽ പഠനം കഴിഞ്ഞിറങ്ങി. പഠനം കഴിഞ്ഞയുടനെ അഡ്വ ടി.പി പ്രമോദുമായുള്ള വിവാഹവും കഴിഞ്ഞു. 2003 അവസാനത്തോടെയാണ് മാക്യുലർ ഡിജൈനറേഷൻ, റെറ്റനൈറ്റിസ് പിഗ്മെന്റോസ എന്നീ കാരണങ്ങൾകൊണ്ട് രശ്മിയുടെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടുന്നത്.
കാഴ്ച്ചയില്ലാത്ത ഒരു ഡോക്ടറെ സങ്കൽപ്പിക്കാനാകാത്ത സമൂഹം രശ്മിയോടും പറഞ്ഞു. ഈ പണി നിനക്കു പറ്റില്ലെന്ന്. പക്ഷേ, രശ്മി ആ വാക്കുകളൊക്കെ തനിക്ക് നടന്നു തീർക്കുവാനുള്ള വഴിയിലെ വെട്ടമായി മാത്രം കണ്ടു.
മാതാപിതാക്കളും സഹോദരിമാരായ ധന്യയും ഹൃദ്യയും ഭർത്താവ് പ്രമോദും രശ്മിയെപ്പോലെ കാഴ്ച്ച നഷ്ടപ്പെട്ട നെക്സ്റ്റ് ഇൻഫോ ടെക്കിലെ മാർക്കറ്റിംഗ് മാനേജർ ആർ.സുധീറിനെപ്പോലെയുള്ളവരും വെളിച്ചമായി രശ്മിക്കൊപ്പം നിന്നു. 2005 ൽ ദിയയെന്ന കുഞ്ഞു പ്രകാശം കൂടി രശ്മിയുടെ ജീവിതത്തിലേക്ക് എത്തി.
തെളിഞ്ഞു കത്തുന്നു
’’സുധീർ സാറിന്റെ പിന്തുണയോടെയാണ് എറണാകുളത്തെത്തുന്നത്. ആദ്യം ബോൾഗാട്ടി പാലസിലായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. അവിടെ കൂടുതലും വിദേശീയരാണ് എത്തുന്നത്.
അവർ ഒരിക്കലും നമ്മുടെ കുറവുകൾ അളക്കില്ല. നമ്മിലെ പോസിറ്റിവിറ്റി മാത്രമേ നോക്കൂ. നമുക്കു കുറെ പോസിറ്റിവിറ്റി തിരിച്ചുംതരും. ആ പ്രചോദനമാണ് ജീവനീയത്തിലേക്ക് എന്നെ എത്തിച്ചത് ഡോ. രശ്മി പറയുന്നു. അങ്ങനെ 2010ൽ കടവന്ത്രയിൽ ജീവനീയത്തിന് തുടക്കം കുറിച്ചു. തുടക്കത്തിൽ സാധാരണ ആയുർവേദ ആശുപത്രിയായിരുന്നു.
2014ആയപ്പോഴേക്കും സമൂഹത്തിന് സേവനം ചെയ്യുന്ന രീതിയിൽ വ്യത്യസ്തമായെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹം വന്നു. അങ്ങനെയാണ് ഓട്ടിസം, ലേണിംഗ് ഡിസോർഡർ, ഹൈപ്പർ ആക്ടിവിറ്റി, ബെഹേവിയറൽ ഡിസോർഡർ തുടങ്ങിയ മേഖലകളിൽ കൂടുതൽ പഠനം നടത്തിയതും ആയുർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രദ്ധി ച്ചതും.
ആയുർവേദ ചികിത്സയോടൊപ്പം തന്നെ സെൻസറി തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി എന്നീ സമഗ്രചികിത്സാ പദ്ധതി ഈ മേഖലയിൽ നല്ല ഫലം നൽകുമെന്ന് മനസിലായി.
ഈ മേഖലയെക്കുറിച്ച് കൂടുതൽ പഠിക്കുകയും കോട്ടയ്ക്കൽ ആയുർവേദ കോളജിൽ ഈ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങളുടെ ഭാഗമാകുകയും ചെയ്തു. അങ്ങനെ രശ്മി ജീവനീയം എന്ന തന്റെ സ്ഥാപനത്തിലൂടെ കൂടുതൽ പ്രകാശിക്കുന്നവളായി.
ആയുഷ്മന്ത്രാലയത്തിനു കീഴിൽ ഗവേഷണം നടത്തി തെളിയിക്കപ്പെട്ടിട്ടുള്ള അഗസ്ത്യ എന്ന പ്രോട്ടോകോളിനെ അടിസ്ഥാനമാക്കിയാണ് ഓട്ടിസത്തിന് ചികിത്സ.
ഓട്ടിസം മാത്രമല്ല കുട്ടികളിലുണ്ടാകുന്ന പിരുപിരുപ്പ് , ഉറക്കക്കുറവ്, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാമുള്ള പരിഹാരവും ഇവിടെയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചികിത്സയ്ക്കായി രശ്മിക്കരികിലെത്തുന്നുണ്ട്.ഓണ്ലൈനായി ചികിത്സ തേടിയെത്തുന്നവരുമുണ്ട്.
വൈകല്യങ്ങളൊന്നും ഭാരമല്ല
നമുക്ക് ഒരു ബുദ്ധിമുട്ട് വരുന്പോഴാണല്ലോ സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത്. ശാരീകമായ വൈകല്യങ്ങളെക്കാൾ കഷ്ടമാണ് മാനസികമായോ ബുദ്ധിപരമായോ വൈകല്യമനുഭവിക്കുന്നവരുടെയവസ്ഥ.
അതിനെക്കാൾ കഷ്ടമാണ് അവരെ പരിചരിക്കുന്നവരുടെയവസ്ഥ. തോറ്റു പോകാതെയും തളർന്നിരിക്കാതെയും രശ്മി ചിന്തിച്ചത് ഇതൊക്കെയായിരുന്നു.
വൈകല്യങ്ങൾ ഭാരമല്ലെന്ന് ബോധ്യപ്പെടുത്തി, വൈകല്യമുള്ളവരെ പരിചരിക്കാൻ പരിശീലനം നൽകാൻ, ശാസ്ത്രീയമായ വഴിയുള്ളപ്പോൾ ആ വഴിയെ നീങ്ങാമല്ലോ.
പണം നൽകിയോ ഉപദേശം നൽകിയോ മറ്റുള്ളവരെ സഹായിക്കാം പിന്തുണയ്ക്കാം. ഞാൻ പഠിച്ചത് ആയുർവേദമാണ് അതിൽ തന്നെ മുന്നോട്ടു പോണം. ഈ നിശ്ചയദാർഢ്യമാണ് രശ്മിയുടെ കൈമുതൽ.
വൈകല്യമുള്ളവരെ പരിചരിക്കുന്നവർക്കായും പഠന സംബന്ധമായ പരിശീലനം, യോഗ, വീട്ടിൽ ചെയ്യാവുന്ന ആയുർവേദ ചികിത്സ എന്നിവയെല്ലാം നൽകുന്നുണ്ട് ജീവനീയവും രശ്മിയും.
നൊമിനിറ്റ ജോസ്