ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന അനാഥരോഗികൾക്ക് ഭക്ഷണം നൽകാൻ തയാറാണെന്നു നവജീവൻ ട്രസ്റ്റ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരെ അറിയിച്ചു. അനാഥ രോഗികളെ കൂടാതെ വിവിധ അപകടങ്ങളിൽപ്പെട്ടും ദൂരസ്ഥലങ്ങളിൽനിന്നും അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്ന രോഗികൾക്കും ഭക്ഷണം നൽകാൻ തയാറാണെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് നവജീവൻ ട്രസ്റ്റി പി.യു. തോമസ് പറഞ്ഞു. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്ന പിആർഒമാർക്ക് നിർദേശം നൽകിയാൽ ഭക്ഷണം ആവശ്യമായി വരുന്ന രോഗികളെ കണ്ടെത്തി അവർക്കു നൽകാൻ കഴിയും.
വ്യാഴാഴ്ച പുലർച്ചെ മൂന്നിന് എറണാകുളം ജനറൽ ആശുപത്രിയിൽനിന്നു വാഹനാപകടത്തിൽ പരിക്കേറ്റ മധുര സ്വദേശിയായ ഫിലിപ്പ് (46) എന്നയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിരുന്നു. പ്രാഥമിക പരിശോധനകളും ചികിത്സയ്ക്കും ശേഷം ഇയാളെ വാർഡിലേക്കു മാറ്റുന്നതിനു ജീവനക്കാരിയെത്തിയപ്പോഴാണ് ’വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരാമോ’ എന്ന് ചോദിച്ചത്.
ജീവനക്കാരി ഉടൻ തന്നെ നഴ്സിംഗ് കൗണ്ടറിൽ വിവരം അറിയിക്കുകയും നഴ്സുമാർ കൈവശമുണ്ടായിരിന്ന പണം കൊടുത്ത് ഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തുന്ന അനാഥരോഗികൾക്ക് അവർ ആവശ്യപ്പെടുന്ന അവസരത്തിൽ ഭക്ഷണം നൽകുവാൻ ആശുപത്രി അധികൃതർ സംവിധാനം ഒരുക്കണമെന്നായിരുന്നു റിപ്പോർട്ട് ചെയ്തത്.
വാർത്ത ശ്രദ്ധയിൽപ്പെട്ട് നിരവധി സന്നദ്ധ സംഘടനകളും പ്രവർത്തകരും ഭക്ഷണം നൽകുവാൻ തയാറായി വന്നിരുന്നു. വർഷങ്ങളായി മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി കൊണ്ടിരിക്കുന്ന നവജീവൻ ട്രസ്റ്റിനു അനുമതി നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.
രോഗികൾ വാർഡിലെത്തിയാൽ നവജീവൻ ട്രസ്റ്റ്, ഡിവൈഎഫ്ഐ, സേവാഭാരതി തുടങ്ങിയ നിരവധി സംഘടനകൾ മൂന്നുനേരങ്ങളിലും ഭക്ഷണം നൽകുന്നുണ്ട്. ബന്ധുക്കൾ ആരും ഇല്ലാത്ത രോഗികളുടെ കാര്യങ്ങൾ നോക്കി നടത്തുന്നതിന് ഒരു ഹെഡ് നഴ്സിനെ ചുമതലപ്പെടുത്തുകയും പരിചരിക്കുവാൻ എച്ച്ഡിഎസ് ജീവനക്കാരെ നിയമിച്ചിട്ടുമുണ്ട്.
രോഗികൾക്ക് വാർഡുകളിൽ ഭക്ഷണം എത്തിക്കുവാൻ നവജീവൻ ട്രസ്റ്റിന്റെ സന്നദ്ധ പ്രവർത്തകരും ഉണ്ട്. ആശുപത്രിയിൽ എത്തുന്ന ഒരു രോഗിയും ഭക്ഷണമില്ലാതെ വിഷമിക്കുന്ന അവസ്ഥ ഇനി മേലിൽ ഉണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നാണ് അധികൃതർ താത്പര്യപ്പെടുന്നത്.