നൊമ്പരപ്പൂ കൊഴിഞ്ഞുപോയ സങ്കടത്തില്‍ ഭൂമിയും ഒന്ന് വിതുമ്പി. പ്രാത്ഥനകള്‍ നിഷ്ഫലമായി എന്ന് അറിയിപ്പ് വന്ന നിമിഷം. ചാനലുകളിലും സോഷ്യല്‍ മീഡിയയിലും അവന്റെ മുഖം വ്യക്തമാകാത്ത ചിത്രങ്ങള്‍. ഉടുമ്പന്നൂരിലുള്ള അമ്മയുടെ വീട്ടിലാണ് അവന് ഇനി ഉറങ്ങാന്‍ പോകുന്നതെന്ന് സൂചന കിട്ടിയപ്പോള്‍ തന്നെ റിപ്പോര്‍ട്ടര്‍ സന്തോഷ് ചേട്ടനുമായി അങ്ങോട്ട്. ആ രണ്ടുനില വീടിന് ഒന്നുമുണ്ടായിരുന്നില്ല ഞങ്ങളോട് പറയാന്‍.
അവന്റെ കാല്പാടുകള് പതിഞ്ഞ കുഞ്ഞികൈകള്‍ തലോടിയ പലതും അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ജീവനോടെ അവനെ ഇനിയും കാണുവാന്‍. അടുത്തുള്ള വീട്ടില്‍ നിന്നും സന്തോഷേട്ടന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനടയില് ഒരു കുഞ്ഞു മുഖം ഞങ്ങളെ നോക്കി പറഞ്ഞു. ‘അവന് എന്റെ കൂട്ടുകാരനാ ‘. അവധി ദിവസങ്ങളില്‍ അമ്മവീട്ടില്‍ വരുമ്പോള്‍ തങ്ങളെ തേടിയെത്തുന്ന ആ കളിക്കൂട്ടുകാരന് ഇനി ഇല്ല എന്ന് അവളും മനസിലാക്കി.

പ്രസിദ്ധികരിക്കാന്‍ അല്ലെങ്കില്‍ പോലും ആരെയോ കാത്തിരിക്കുന്ന വീടിന്റെ ഒരു ചിത്രമെടുത്തു ഞങ്ങള്‍ മടങ്ങി. ഉച്ചകഴിഞ്ഞു 2. 45 ഓടെ പിഞ്ചു ശരീരത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞു. വൈകുന്നേരം 6 മാണിയോടുകൂടി ഓഫീസില്‍ അറിയിപ്പ് വന്നു. ആശുപത്രി നടപടികള്‍ എല്ലാം പൂര്‍ത്തിയായി ഇനി മാലാഖകുഞ്ഞ് അവന് ഓടിച്ചാടി നടന്ന വീട്ടിലേക്ക്. ബ്യുറോ ചീഫ് ജെയിസ് ചേട്ടനുമൊത്തു ഉടുമ്പന്നൂരിലെ വീട്ടിലെത്തി.
ഉച്ചയ്ക്ക് വന്നപ്പോള്‍ ഉള്ള അന്തരീക്ഷം അല്ല ഇപ്പോള്‍. കറുത്തുമൂടിയ കാര്‍മേഘങ്ങള്‍ക്കു താഴെ ഹൃദയവികാരങ്ങളെ അടക്കിപ്പിടിച്ചു കണ്ണുനീര്‍തുള്ളികളെ തുടച്ചുമാറ്റുന്ന ജനക്കൂട്ടം. അവന് വന്നു. വന്നിറങ്ങിയ ആംബുലന്‍സില്‍ അവനുവേണ്ടി ഒരു വാചകം കുറിച്ചിരുന്നു. ‘ഭൂമിയില്‍ കരുണ കാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും.’അവന് പിച്ചവെച്ചു കയറിയ ആ നടകള്‍ അവനെ ആരെക്കെയോ എടുത്ത് കയറ്റി. ബന്ധുക്കള്‍ക്ക് മാത്രമായി കുറച്ച് സമയം വീടിന് ഉള്ളില്‍.
അവന്റെ കളിപ്പാട്ടങ്ങള്‍ക്കും അവന്റെ മുത്തശ്ശിക്കും പിന്നെ ചേട്ടനെ പിരിയുന്നതറിയാതെ ആ ശരീരത്തില്‍ പതിയ തൊട്ടുനോക്കിയ കുഞ്ഞനുജന് മുന്നില്‍. എല്ലാത്തിനും ഉപരിയായി അവനെ നിലത്തിട്ടു ചവിട്ടി മെതിച്ചപ്പോഴും മൂകയായി നിന്ന ആ അമ്മയുടെ മുന്നില്‍. വിതുമ്പി നിന്ന ജനത്തിനടിയിലേക്ക് അവന് ഇറങ്ങി വന്നപ്പോള്‍ ക്യാമറയില്‍ പതിയുന്ന ചിത്രങ്ങളില്‍ അവന്റെ മുഖം വരാതെ ഇരിക്കാന്‍ ശ്രദ്ധിക്കുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരും.
ഇടയ്ക്കെപ്പോഴോ മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ അകത്തുനിന്നും തലനീട്ടി, ഫോട്ടോയില്‍ പലപ്പോഴും കണ്ടുമറക്കാത്ത ആ രൂപത്തെ എളുപ്പം പിടികിട്ടി. കണ്ണുംപൂട്ടി കിടക്കുന്ന ആ എഴുവയസുകാരന്റെ അമ്മ. കണ്ണുകളില്‍ നേര്ത്തതുള്ളി കണ്ണീര് പോലുമില്ല. അന്യദേശത്തു വന്നുപെട്ട കുഞ്ഞിനെ പോലൊരു അന്താളിപ്പ്. നൊന്തുപെറ്റ മകന് ഇനിയില്ലെന്ന ചിന്തയാണോ അതോ നാളെയെന്തെന്ന ചോദ്യങ്ങളാകുമോ ആ അമ്മമനസിനെ ഇത്ര നിര്ജീവമാക്കിയതെന്ന് കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാനാകില്ല.
കുട്ടിയുടെ ശരീരം അവസാന ചടങ്ങുകള്‍ക്കായി പുറത്തേക്കെടുത്തപ്പോള്‍ മാധ്യമപ്രവര്‍ത്തകരില്‍ പലരും കരയുകയായിരുന്നു ഉള്ളിന്റെ ഉള്ളില്‍. ഒരു ബാല്യം മണ്ണിനടിയിലേക്കു പോകുന്നത് നോക്കി നില്‍ക്കുവാനെ ഞങ്ങള്‍ക്ക് സാധിച്ചോളു. മരവിച്ച മനസുമായി തൊടുപുഴ ഓഫീസിലേക്ക്. ഒളിപ്പിച്ചു വച്ച കണ്ണുനീര് ആ രാത്രിയുടെ മറവില്‍ മടിയില്‍ വീണതറിഞ്ഞുകൊണ്ടുതന്നെ…
ബിബിന്‍ സേവ്യര്‍ ഫോട്ടോഗ്രാഫര്‍ ദീപിക