വടകര: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായുള്ള സഹകരണം രാഷ്ട്രീയ കൂട്ടുകെട്ടായി കാണേണ്ടതില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മതേതരത്വത്തിന് വെല്ലുവിളി ഉയർത്തുന്നവിധം ആർഎസ്എസ് അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്പോൾ അതിനെ നേരിടാനാണ് കോണ്‍ഗ്രസുമായുള്ള സഹകരണമെന്നു പിണറായി പറഞ്ഞു.
ഇതിനെ ഒരു തെരഞ്ഞെടുപ്പ് സഖ്യമായി കാണേണ്ടതില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സിപിഎം മയ്യന്നൂർ അരകുളങ്ങര ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ അധ്യക്ഷത വഹിച്ചു. ആർ.ബി. കുറുപ്പ് പതാക ഉയർത്തി. ടി.വി.ബാലകൃഷ്ണൻ നന്പ്യാർ ഫോട്ടോ അനാഛാദനം നിർവഹിച്ചു. എം. കേളപ്പൻ, സി. ഭാസ്കരൻ, പി.കെ. ദിവാകരൻ, ടി.കെ. കുഞ്ഞിരാമൻ, എം. നാരായണൻ, പി.കെ. കൃഷ്ണദാസ്, കെ.കെ. മോഹനൻ, ടി.എം. ദാസൻ, നാസർ കൊളായി എന്നിവർ പ്രസംഗിച്ചു.