വണ്ടിത്താവളം: പാട്ടികുളം തരകൻചള്ളയിൽ ജനതാദൾ- എസ് ഭാരവാഹിയുടെ ബൈക്ക് കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് വെട്ടേറ്റ സിപിഎം പ്രവർത്തകനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനതാദൾ പ്രവർത്തകരായ പത്തുപേർക്കെതിരെ മീനാക്ഷിപുരം പോലീസ് കേസെടുത്തു. പുള്ളിമാൻച്ചള്ള മുരുകന്റെ മകൻ അനന്തനാണ് (39) വടിവാൾ, കന്പിവടി തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ പരിക്കേറ്റത്.
ഇയാളുടെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കുണ്ട്. ആക്രമണം തടയാൻ ചെന്ന അമ്മ തങ്കമണി, ഭാര്യ എന്നിവർക്കും പരിക്കേറ്റതായി അനന്തൻ മീനാക്ഷിപുരം പോലീസിനു മൊഴിനല്‍കി.
ബുധനാഴ്ച രാത്രി പത്തിന് പുള്ളിമാൻച്ചള്ളയിലെ വീട്ടിലായിരുന്നു ആക്രമണം. പോലീസ് പറയുന്നതിങ്ങനെ: രണ്ടുദിവസം മുന്‍പ് യുവജനതദൾ എസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡന്റ് മധുവിന്റെ വീട്ടിൽ നിർത്തിയിരുന്ന ബൈക്ക് തീവച്ച് നശിപ്പിച്ചിരുന്നു. മധുവിന്റെ പരാതിയിൽ പോലീസ് അനന്തനെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടിരുന്നു.
ബൈക്ക് കത്തിച്ചതിന്റെ വൈരാഗ്യത്തിലാണ് ജനതാദൾ- എസ് പ്രവർത്തകർ അനന്തനെയും വീട്ടുകാരേയും അക്രമിച്ചത്.തരകൻചള്ള സ്വദേശികളായ ശശി, മനോജ്, ഹാരിസ്, കാക്ക മണി ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറുപേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. അനന്തന്റെ വീടിന്റെ വാതിൽ, ജനൽ, ടിവിഉൾപ്പെടെ ഗൃഹോപകരണങ്ങളും നശിപ്പിച്ചതായി പോലീസിനു നല്കിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.