പുനലൂര്‍ : അഴിമതി ഇല്ലാത്ത മേഖല കാണാനാവുന്നില്ലെന്നും ആയുസ് തീരാറായ റബര്‍ മരങ്ങള്‍ക്ക് ചെയ്യും പോലെ സ്ലോട്ടര്‍ ടാപ്പിങ്ങാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി മുന്‍ ജഡ്ജി കമാല്‍പാഷ.
ഭൂരിപക്ഷത്തിന് വിവരമില്ലാതായതിന്റെ പ്രശ്നമാണ് രാജ്യത്ത് ഇപ്പോള്‍ നമ്മള് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ സാമാജികത്വത്തിന്റെ 50-ാംവര്‍ഷം തികച്ച ഉമ്മന്‍ചാണ്ടിയെ ആദരിക്കാന്‍ പുനലൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേസുകള്‍ സിബിഐയ്ക്ക് വിടുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് അപ്പീല്‍ പോകുന്നത്. കൊലപാതകങ്ങള്‍ കൊലപാതകങ്ങളാണ്. രാഷ്ട്രീയ കൊലപാതകം എന്നൊന്നില്ല.
എന്നാല്‍ ഞങ്ങള്‍ കൊല്ലും, ഞങ്ങളുടെ പോലീസ് അന്വേഷിക്കും എന്നതാണ് നിലപാട്. ഈ നീതിനിഷേധത്തിന് അറുതിവരണം. മാധ്യമങ്ങളാണ് സത്യത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നത്.
കൊച്ചുകുട്ടികള്‍ക്ക് പോലും പേരെടുത്ത് വിളിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. പണ്ടൊരിക്കല്‍ താന്‍ ഒരു മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞതിന് കേട്ട ആക്ഷേപങ്ങള്‍ക്ക് കണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുപ്രവര്‍ത്തകരുടെ പാഠപുസ്തകമായ ഉമ്മന്‍ചാണ്ടി ലോകത്തെ എട്ടാമത്തെ അത്ഭുതമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ വെച്ചൂച്ചിറ മധു പറഞ്ഞു.