കോട്ടയം: കൊലപാതക രാഷ്ട്രീയത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾ ഒത്തു ചേരുന്നു. കണ്ണീരുണങ്ങാത്ത അമ്മമാരും പെങ്ങൻമാരും ഈ സംഗമത്തിൽ പങ്കെടുക്കും. സിപിഎം കൊലപാതക രാഷ്്ട്രീയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ആണ് രാഷ്്ട്രീയ കൊലപാതകം കേരളത്തിൽ ഉണ്ടാകാതിരിക്കാനും പ്രോത്സാഹിപ്പിക്കുന്നവരുടെ കണ്ണു തുറപ്പിക്കാനുമുള്ള ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കണ്ണൂർ ജില്ലയിലെ കല്യാട്ട് മാർച്ച് അഞ്ചിന് സംഗമം നടത്തും. രാവിലെ 10 മുതൽ നടക്കുന്ന സംഗമത്തിൽ കൊലപാതകരാഷ്ട്രീയത്തിന് ഇരയാവരുടെ കുടുംബാംഗങ്ങൾ അണിനിരക്കുമെന്ന് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും ആർഎംപി നേതാവുമായ കെ.കെ. രമയും പങ്കെടുക്കും.
മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ചിട്ട് ഒരുവർഷം തികഞ്ഞിരിക്കെയാണ് കാസർഗോഡ് പെരിയ കല്യോട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ക്രൂരമായി വധിച്ചതെന്ന് പരിപാടി വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ലതികസുഭാഷ് പറഞ്ഞു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുധാ കുര്യനും പങ്കെടുത്തു.