ജിബിൻ കുര്യൻ
കോട്ടയം: സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ എറണാകുളത്ത് നടക്കുന്നതിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
സംസ്ഥാന സമ്മേളനത്തിലേക്ക്് സിപിഎം കടക്കുന്പോൾ സിപിഐ ആകട്ടെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. കോണ്‍ഗ്രസ് ആകട്ടെ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ടെന്നുവച്ച് ഡിസിസി -കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
കേരള കോണ്‍ഗ്രസുകൾക്കും ഇതു സമ്മേളന കാലമാണ്. ഇടതു മുന്നണിയിൽ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്-എം സിപിഎം മോഡൽ കേഡർ പാർട്ടിയാകുന്നതിന്റെ ഭാഗമായി മണ്ഡലം സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള കോണ്‍ഗ്രസിന്റെയും സമ്മേളനങ്ങൾ ഉടൻ ആരംഭിക്കും.
എ.വി. റസലുംകെ. സുരേഷ് കുറുപ്പും
എറണാകുളത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് 18 പേർ പങ്കെടുക്കും. കോട്ടയത്ത് കഴിഞ്ഞ മാസം ചേർന്ന ജില്ലാ സമ്മേളനമാണ് 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തത്.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രതിനിധികളുടെ എണ്ണം കുറച്ചിരുന്നു. ഇത്തവണ സംസ്ഥാന കമ്മറ്റിയിലേക്ക് ജില്ലയിൽ നിന്നും ജില്ലാ സെക്രട്ടറി എ.വി. റസൽ തെരഞ്ഞെടുക്കപ്പെടും.
ജില്ലാ സെക്രട്ടറിയായ റസൽ ഇപ്പോൾ ക്ഷണിതാവാണ്.പ്രായപരിധിയിൽ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിയുന്ന കേന്ദ്രകമ്മറ്റിയംഗം കൂടിയായ വൈക്കം വിശ്വനു പകരം കെ. സുരേഷ്കുറുപ്പ് സംസ്ഥാന കമ്മറ്റിയിൽ എത്തിയേക്കും.
സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസും പ്രായപരിധി ബാധകമാക്കിയാൽ കമ്മറ്റിയിൽ നിന്നും ഒഴിവാകും. മന്ത്രി വി.എൻ.വാസവൻ നിലവിൽ സംസ്ഥാന കമ്മറ്റിയംഗമാണ്.
സിപിഐ സമ്മേളനം
സിപിഎം സമ്മേളനങ്ങൾക്കു പിന്നാലെ സിപിഐയുടെ സമ്മേളനങ്ങൾക്കും തുടക്കമായിട്ടുണ്ട്.വിജയവാഡയിൽ നടക്കുന്ന പാർട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്കാണു തുടക്കമായത്. മാർച്ച് മാസത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകും.
തുടർന്ന് ലോക്കൽ സമ്മേളനങ്ങൾ. ജൂണ്‍-ജൂലൈ മാസങ്ങളിലാണു മണ്ഡലം സമ്മേളനങ്ങൾ. ഓഗസ്റ്റിൽ ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടക്കും. സെപ്റ്റംബറിൽ തിരുവനന്തപുരത്താണ് സംസ്ഥാനസമ്മേളനം.
തെരഞ്ഞെടുക്കുപ്പെട്ട ബ്രാഞ്ച് സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്നു എന്നതാണ് സിപിഐ സമ്മേളനങ്ങളുടെ പ്രത്യേകത. ജില്ലയിൽ തിരുവാതുക്കൽ, ഉദയനാപുരം, പള്ളിക്കത്തോട് ബ്രാഞ്ച് സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്തു.
ഓഗസ്റ്റ് ആറു മുതൽ എട്ടുവരെയാണ് ജില്ലാ സമ്മേളനം. ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ നാലുടേം പൂർത്തിയായതിനാൽ ഇത്തവണ സ്ഥാനമൊഴിയും.
വി.കെ.സന്തോഷ്കുമാർ, ടി.എൻ. രമേശൻ എന്നിവരെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 12 മണ്ഡലം സെക്രട്ടറിമാരിൽ എട്ടു പേരും സ്ഥാനമൊഴിയും.
പുതുമുഖങ്ങളേയും കൂടുതൽ വനിതകളേയും സെക്രട്ടറി സ്ഥാനം ഉൾപ്പെടെയുള്ള ഭാരവാഹി പട്ടികയിലേക്ക് പരിഗണിക്കണമെന്നാണു പാർട്ടി നിർദേശം.
സിപിഎം മോഡലിൽ
സിപിഎം മോഡലിൽ താഴേ ത്തട്ടിൽ നിന്നുള്ള സമ്മേളനങ്ങളുമായി കേരള കോണ്‍ഗ്രസ്-എം.വാർഡ് സമ്മേളനങ്ങൾ പൂർത്തിയാക്കി ഇപ്പോൾ മണ്ഡലം സമ്മേളനങ്ങളാണ് നടക്കുന്നത്.
82 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ പകുതിയും സമ്മേളനങ്ങൾ പൂർത്തിയായി. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയാണ് മിക്ക മണ്ഡലം സമ്മേളനങ്ങളും ഉദ്ഘാടനം ചെയ്യുന്നത്.
അടുത്ത മാസം പകുതിയോടെ നിയോജക മണ്ഡലം സമ്മേളനവും മേയ് മാസത്തിൽ ജില്ലാ സമ്മേളനവും നടക്കും. പതാക ഉയർത്തൽ, കെ.എം.മാണിയുടെ ചിത്രത്തിനു മുന്പിൽ പുഷ്പാർച്ചന, പ്രതിനിധി സമ്മേളനം, ചർച്ച, പ്രമേയങ്ങൾ എല്ലാം സിപിഎം മോഡലിലാണ്.
പുഷ്പാർച്ചന സമയത്ത് ‘മരിച്ചിട്ടില്ല… മരിച്ചിട്ടില്ല… മാണി സാർ മരിച്ചിട്ടില്ല…. ജീവിക്കുന്നു ജനഹൃദയങ്ങളിൽ…’ എന്ന മുദ്രാവാക്യമാണ് പ്രതിനിധികൾ മുഴക്കുന്നത്.
വർഷങ്ങളായി മണ്ഡലം പ്രസിഡന്റ് സ്ഥാനം വഹിക്കുന്നവരെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. സമ്മേളനത്തിൽ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പ്രമേയവും പാസാക്കുന്നുണ്ട്.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ നേൃത്വത്തിലാണ് സമ്മേളനങ്ങൾ പുരോഗമിക്കുന്നത്.
പുതുമുഖങ്ങൾ
പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും വനിതകളെയും ഉൾപ്പെടുത്തിയുള്ള ഡിസിസി ഭാരവാഹി പട്ടിക ഉടൻ പ്രഖ്യാപിക്കും.
ചർച്ചകൾ പൂർത്തിയായി. സാധ്യതാ പട്ടിക ജില്ലയുടെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ് കെപിസിസിക്ക് സമർപ്പിച്ചു. വൈസ്പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെ 25 ഭാരവാഹികളും 25 അംഗ എക്സിക്യൂട്ടീവും അടക്കം 50 അംഗ ഭാരവാഹികളെയാണ് പ്രഖ്യാപിക്കുന്നത്.
12 ബ്ലോക്കുകളിലും പുതിയ പ്രസിഡന്റും ഭാരവാഹികളും വരുമെന്നാണ് സൂചന. ഭാരവാഹികളെ പ്രഖ്യാപിച്ചാൽ മണ്ഡലം, ബ്ലോക്ക് സമ്മേളനങ്ങൾ കോണ്‍ഗ്രസ് നടത്തും.
മെംബർഷിപ്പ് കാന്പയിൻ
പി.ജെ.ജോസഫ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസിന് ഇപ്പോൾ മെംബർഷിപ്പ് കാന്പയിനാണ് നടക്കുന്നത്. അടുത്ത മാസം മെംബർഷിപ്പ് കാന്പയിൻ പൂർത്തിയാകുന്നതോടെ ജോസഫ് ഗ്രൂപ്പും സമ്മേളനത്തിലേക്ക് കടക്കും.
വാർഡ് തലം മുതൽ സംസ്ഥാനതലം വരെ സമ്മേളനം നടത്താനാണ് ജോസഫ് ഗ്രൂപ്പിന്റെയും തീരുമാനം.മെംബർഷിപ്പ് കാന്പയിൻ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.