മാന്നാർ: രാഷ്ട്രീയ നേതാക്കൾ വിവിധ പേരുകളിൽ നടത്തുന്ന യാത്രകൾ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്നു. അടുത്ത കാലത്ത് നടന്ന് വരുന്ന എല്ലാ യാത്രകൾക്കും വേണ്ട ചിലവ് വ്യാപാരികളിൽ നിന്ന് കണ്ടെത്തുവാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതാണ് വ്യാപാരികളുടെ നടുവൊടിയാൻ കാരണമായിരിക്കുന്നത്.
കോണ്‍ഗ്രസ് നേതൃത്വത്തിൽ കെപിസിസി പ്രസിഡന്റ് നയിച്ച ജനമഹായാത്രയും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിച്ച കേരളാ രക്ഷായാത്രയും കേരളാകോണ്‍ഗ്രസ് വൈസ് ചെയർമാൻ ജോസ്.കെ.മാണി നയിച്ച കേരളയാത്രയൂം ബിജെപി നേതൃത്വത്തിൽ ഉള്ള യാത്രയും എല്ലാം വ്യാപാരികളെയാണ് കൂടുതലായും പിഴിയുന്നതെന്ന് വ്യാപാരികൾ പറയുന്നു.
പ്രചാരണ കൊഴുപ്പും സ്വീകരണ സ്ഥലങ്ങളിൽ സ്റ്റേജും മൈക്കും അനൗണ്‍സ്മെന്റും ഭക്ഷണവുമടക്കം വലിയ ഒരു തുക ഒരോ കേന്ദ്രങ്ങളിലും ചിലവാകും. ഈ തുകകൾ അധികവും രാഷ്ട്രീയ പാർട്ടികൾ കണ്ടെത്തുന്നത് വ്യാപാരികളിൽ നിന്നാണ്. എല്ലാ യാത്രക്കാരും അടുത്തടുത്ത ദിനങ്ങളിൽ തന്നെ യാത്ര തിരിച്ചതിനാൽ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വലിയൊരു തുക രാഷ്ട്രീയ യാത്രക്കാർക്കായി വ്യാപാരികൾ നൽകേണ്ടി വരുന്നുണ്ട്.
ഏത് രാഷ്ട്രീയ പാർട്ടിക്കാരാണെങ്കിലും പിണക്കേണ്ട എന്ന് കരുതി എല്ലാ വ്യാപാരികളും സംഭാവന നൽകാറുമുണ്ട്. പൊതുവെ കച്ചവടം എല്ലായിടങ്ങളിലും കുറവുള്ള ഈ അവസരത്തിൽ യാത്രക്കാരുടെ പിരിവ് കൂടിയായപ്പോൾ ശരിക്കും നടുവൊടിഞ്ഞ അവസ്ഥയിലാണ് വ്യാപാരികൾ.