സ്വന്തം ലേഖകൻ
കോഴിക്കോട്: പടയൊരുക്കമായാലും ജനരക്ഷ-ജാഗ്രത യാത്രയായാലും ദുരിതം സാധാരണക്കാർക്കുതന്നെ. അടിക്കടിയുണ്ടാകുന്ന പ്രകടനത്തിലും ധർണകളിലും നഗരം വീർപ്പുമുട്ടുകയാണ്. എവിടെയാണ് ധർണയോ മാർച്ചോ ഉണ്ടാകുന്നത് അവിടം കൊട്ടിയടക്കുകയാണ് പോലീസ് ചെയ്യുന്നത്.
ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ ജില്ലയിലെ പര്യടന സമാപനം ജനങ്ങൾക്ക് ദുരിതമായി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസ് നേരത്തെ രംഗത്തെത്തിയിരുന്നെങ്കിലും പ്രവർത്തകർ നഗരത്തിൽ ഒഴുകിയെത്തിയത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഇന്നലെ വൈകുന്നേരം മലബാർ ക്രിസ്ത്യൻ കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി കണ്ണൂർ റോഡിലൂടെ നീങ്ങി ഗാന്ധി റോഡ് മേൽപ്പാലം വഴിയാണ് ബീച്ചിൽ പ്രവേശിച്ചത്.
എന്നാൽ റാലിയിൽ ആയിരങ്ങൾ അണി നിരന്നതോടെ കണ്ണൂർ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും താറുമാറായി.റാലി അവസാനിക്കുന്നത് വരെ മണികൂറുകളോളം കണ്ണൂർ റോഡിൽ വാഹനങ്ങൾ നിർത്തിയിടേണ്ട അവസ്ഥയായിരുന്നു. വൈകുന്നേരം അഞ്ചോടെ റാലി തുടങ്ങിയതിനാൽ സ്കൂൾ വിട്ട് വീട്ടിൽ പോകുന്ന വിദ്യാർഥികളും ഓഫീസ് സമയം കഴിഞ്ഞിറങ്ങിയവരും ഏറെ നേരം നടുറോഡിൽ വലഞ്ഞു.
സ്വന്തം വാഹനത്തിൽ എത്തിയവർ പലരും വഴി തിരിച്ചു വിട്ട് ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചപ്പോൾ ബസിലും ഓട്ടോയിലുമായി വീട്ടിലേക്ക് തിരിച്ചവർ പലരും നടുറോഡിൽ കുടുങ്ങി. വൈകുന്നേരം മഴ കൂടി പെയ്തതോടെ യാത്രക്കാർ വീട്ടിലെത്താൻ കഴിയാതെ മഴയത്ത് റോഡിൽ കുടുങ്ങി കിടന്ന അസ്ഥായായിരുന്നു ഇന്നലെ. റാലി നടന്നു നീങ്ങാതെ വാഹനങ്ങൾ കടന്ന് പോകില്ലെന്ന് മനസിലായ ചിലർ ബസിൽ നിന്ന് ഇറങ്ങി മറ്റു വഴികളിലൂടെ തങ്ങളുടെ വീടുകളിൽ എത്താൻ നെട്ടോടമോടുന്ന കാഴ്ചയായിരുന്നു നഗരം കണ്ടത്.
ഗതാഗത കുരുക്ക് ഏറെയും ബാധിച്ചത് സ്വകാര്യ ബസുകളെ ആയിരുന്നു. ബസിൽ നിന്ന് പലരും ഇറങ്ങിയതോടെ പല ബസുകളും വൈകുന്നേരത്തെ ട്രിപ്പ് മുടക്കുന്ന അവസ്ഥയിലേക്ക് വരെ നീങ്ങി.ഇതേ അവസ്ഥതന്നെയായിരുന്നു ഇന്നലെ രാവിലെ എസ്ബിഐക്കുമുന്നിൽ എൽഡിഎഫ് നടത്തിയ ജില്ലാധർണയുടെ കാര്യത്തിലും സംഭവിച്ചത്.
ഒന്നു രാവിലെയായിരുന്നുവെങ്കിൽ മറ്റൊന്ന് വൈകുന്നേരം എന്ന വ്യത്യാസം മാത്രം. തുടർച്ചയായുണ്ടാകുന്ന സമര കോലാഹലങ്ങളിൽ കുടുങ്ങി നഗര ഏതാഗതം താറുമാറാകുന്ന അവസ്ഥയാണുള്ളത്. വാഹനം വഴിതിരിച്ചുവിടേണ്ട കടമ പത്രകുറിപ്പ് ഇറക്കുന്നതോടെ കഴിഞ്ഞു എന്ന മട്ടിലാണ് ട്രാഫിക് പോലീസും.
മുന്പ് ഭരണ സിരാകേന്ദ്രമായ സിവിൽസ്റ്റേഷനുമുന്നിൽ മാത്രമായിരുന്നു ഈ ഒരു അവസ്ഥഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് മാറി. ഏതു ചെറിയ സംഘടനകളും സമരം ചെയ്യാനായി തെരഞ്ഞെടുക്കുന്നത് നഗര പരിസരം തന്നെയാണ്. പോസ്റ്റോഫീസ്, എസ്ബിഐ, എൽഐസി, ഡിഇഒ ഓഫീസ്, കിഡ്സണ് കോർണർ ,സെൻട്രൽ ലൈബ്രറിക്കുമുൻവശം എന്നിങ്ങനെ നീളുന്ന സമരക്കാരുടെ ഇഷ്ട സ്ഥലങ്ങൾ.