സീമ മോഹന്‍ലാല്‍
കൊച്ചി: ചായക്കൂട്ടുകള്‍കൊണ്ട് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ചിത്രകാരനാണ് ആലുവ സ്വദേശിയായ റാസി റൊസാരിയോ. അദ്ദേഹമിപ്പോള്‍ ചിത്രകാരനില്‍നിന്ന് എഴുത്തിലേക്കും എഴുത്തില്‍നിന്ന് സിനിമയിലേക്കുമുള്ള യാത്രയിലാണ്.
റാസി റൊസാരിയോ രചനയും സംവിധാനവും നിര്‍വഹിച്ച ക്യൂബോ എന്ന ഹ്രസ്വചിത്രം ഇതിനകം 60,000 ലധികം പേരാണ് കണ്ടത്.
ജൂണ്‍ രണ്ടിന് യുട്യൂബിലായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്. ചിത്രകാരനില്‍നിന്ന് സംവിധായകനിലേക്കുള്ള യാത്രയെക്കുറിച്ച് റാസി റൊസാരിയോ മനസു തുറക്കുന്നു.
നായയുടെ സ്നേഹബന്ധത്തിന്റെ കഥ
ഒരു നായയും വ്യക്തിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ക്യുബോയുടെ ഇതിവൃത്തം. പറവൂര്‍ മാഞ്ഞാലിയിലെ റോഡിലൂടെ യാത്ര ചെയ്യുന്ന മുജീബ് എന്നയാളുടെ ജീപ്പിനു മുന്നിലേക്ക് മൂന്നു തവണ വന്നുനിന്ന നായയെ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി വളര്‍ത്തുന്നതാണ് കഥയിലുള്ളത്. ക്യുബോയെന്ന നായയുടെ പേരു തന്നെയാണ് ചിത്രത്തിനും നല്‍കിയിട്ടുള്ളത്.
ഷിറ്റ്സു ഇനത്തില്‍പ്പെട്ട ക്യുബോ വളരെപ്പെട്ടെന്ന് കഥാപാത്രമായി മാറിയെന്നു റാസി റൊസാരിയോ പറഞ്ഞു. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട്ഫിലിം നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ക്യുബോ ഫീല്‍ ഗുഡ് വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്.
സിനിമയ്ക്കു മുൻപ്
സിനിമ സംവിധാനം ചെയ്യുന്നതിനുമുമ്പ് മൂന്ന് ഷോര്‍ട്ട് ഫിലിം എടുക്കണമെന്ന് റാസിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ആദ്യ ചിത്രമായ “ആതിര’ യും യുട്യൂബില്‍ ഹിറ്റായിരുന്നു.
വെളളസാരി അഴുക്കായതില് വിഷമിച്ചു നടക്കുന്ന ഒരു പാവം പ്രേത പെണ്‍കുട്ടിയുടെ കഥയാണ് ആതിരയിലൂടെ പറഞ്ഞിരിക്കുന്നത്.
25 മിനിറ്റ് ദൈര്‍ഘ്യമുള്ള കോമഡി ഹൊറര്‍ ചിത്രമായ ആതിര ഇതിനകം മൂന്നേകാല്‍ ലക്ഷം പേരാണ് കണ്ടത്. മൂന്നാമത്തെ ചിത്രമായ ഡബിള്‍ ഓംലെറ്റിന്റെ സ്ക്രിപ്റ്റ് പൂര്‍ത്തിയായിട്ടുണ്ട്. കോമഡി ത്രില്ലര്‍ മൂഡിലുള്ള ഡബിള്‍ ഓംലെറ്റിന്റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംവിധായകന്.
സിനിമയിലേക്കു പെട്ടെന്നുള്ള വരവ്
റാസി റൊസാരിയോയുടെ സിനിമയിലേക്കുള്ള വരവ് പെട്ടെന്നായിരുന്നു. ചിത്രകാരനായ റാസിയുടെ “ഞാന്‍ വാശിക്കാരനാ’ എന്ന പുസ്തകം 2015ല്‍ നടന് മമ്മൂട്ടി പ്രകാശനം ചെയ്തിരുന്നു.
ആ പുസ്തകം വായിച്ച സിനിമാരംഗത്തെ പലരും തിരക്കഥയ്ക്കായി റാസിയെ സമീപിച്ചു.32 അധ്യായങ്ങളുള്ള ആ പുസ്തകം ഫേസ്ബുക്ക് പേജിലേക്കായി എഴുതിയ തന്റെ ജീവിതം തന്നെയായിരുന്നുവെന്ന് റാസി പറഞ്ഞു.
പുസ്തകം പ്രകാശനം ചെയ്ത് മൂന്നര മാസംകൊണ്ടു തന്നെ വന്‍ വില്പനയായിരുന്നു. പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഉടന്‍ പുറത്തിറങ്ങും.
മകനെ മനശാസ്ത്രജ്ഞനെ കാണിച്ച പിതാവ്
കുട്ടിക്കാലം മുതലേ റാസിക്ക് ചിത്രരചനയോട് താല്പര്യമുണ്ടായിരുന്നു. എന്നാല്‍ ശാസ്ത്രീയമായി പഠിച്ചിട്ടില്ല. മകനെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കി ബിസിനസുകാരനാക്കാനായിരുന്നു മാതാപിതാക്കളായ കുഞ്ഞുമുഹമ്മദിന്റെയും സൈനബയുടെയും ആഗ്രഹം. എന്നാല്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റ മകന് വരയോടായിരുന്നു താല്പര്യം.
കുടുംബത്തില്‍ കലാപാരമ്പര്യമില്ലാത്തതിനാല് മാതാപിതാക്കള്‍ റാസിയുടെ ആഗ്രഹത്തെ മനസിലാക്കിയില്ല. നാട്ടില്‍, ഫൈന്‍ ആര്‍ട്സ് പഠിച്ചശേഷം മദ്യപിച്ചു നടന്നിരുന്ന, ഒരു കലാകാരനെ കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നതിനാല്‍ തന്നെ മകന്റെ ആഗ്രഹത്തിന് ആരും കൂട്ടു നിന്നില്ല.
മൂന്നു തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയെങ്കിലും റാസിക്ക് വിജയം നേടാനായില്ല. തുടര്‍ന്നു പിതാവ് മകനുമായി കോലഞ്ചേരിയിലെ മനശാസ്ത്രജ്ഞനെ കാണാനെത്തി.
താനൊരു കലാകാരനാകുമെന്ന് മനസിലിരുന്ന് ആരോ പറയുന്നുണ്ടെന്ന് റാസി പറഞ്ഞത് ഡോക്ടര്‍ക്ക് ഉള്‍ക്കൊള്ളാനായി.
മകനെ അവന്റെ വഴിക്ക് വിടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതോടെ വീട്ടുകാരുടെ മനോഭാവത്തിലും മാറ്റമുണ്ടായി.
പത്താം ക്ലാസ് നാലാം തവണ എഴുതിയ റാസി ഒടുവില്‍ പരീക്ഷയില്‍ വിജയം കണ്ടു. പ്രീഡിഗ്രി പ്രൈവറ്റായി പഠിച്ചശേഷം ആലുവ യുസി കോളജില്‍ ബിഎയും മഹാരാജാസ് കോളജില്‍ എംഎയും എറണാകുളം ലോ കോളജില്‍ എല്‍എല്‍ബിയും പഠിച്ചു.
അതോടൊപ്പം ചിത്ര രചനയും ശില്പ നിര്‍മാണവും കൂടെകൂട്ടി. എല്‍എല്‍ബിക്കു പഠിക്കുമ്പോള്‍ എംജി യൂണിവേഴ്സിറ്റി കലാപ്രതിഭയുമായി.
രണ്ടായിരത്തിലധികം ചിത്രങ്ങള്‍
റാസി റൊസാരിയോ ഇതിനകം രണ്ടായിരത്തിലധികം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ 105 ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
ചിത്ര കലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പെയിന്റിംഗുകള്‍ പ്രിന്റ് ചെയ്ത്, 100 മുതല്‍ 1000 രൂപ വരെ വിലയിട്ട് പെയിന്റിംഗുകള്‍ ഗിഫ്റ്റ് നല്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയമാണ് ആദ്യമായി റാസി മുന്നോട്ടു വച്ചത്.
ഉപഭോക്താക്കള്‍ക്ക് പെയിന്റിംഗുകള്‍ക്ക് വില ഇടാന്‍ കഴിയുന്ന രീതിയിലുള്ള “ചിത്രലേലം’ ഫേസ്ബുക്കിലൂടെ ആരംഭിച്ചു. നടന് മോഹന്‍ലാല്‍ റാസിയുടെ ചിത്രങ്ങളുടെ പ്രചാരകനായി.
ഒരു പെയിന്റിംഗ് വില്ക്കുമ്പോള് അതിന്റെ ലാഭം ഇന്വെസ്റ്റര്ക്കു കൂടി ലഭ്യമാക്കുന്ന രീതി റാസി കൊണ്ടുവന്നു. നിലവില്‍ 47 പേരാണ് റാസിയ്ക്ക് ഇന്വെസ്റ്റര്മാരായുള്ളത്.
ദുബായ് വേള്‍ഡ് കപ്പിനോട് അനുബന്ധിച്ച് റാസി വരച്ച ബ്ല്യൂമിംഗ് ഡ്രീംസ് എന്ന ചിത്രം ലേലത്തിനായി എടുത്തിട്ടുണ്ട്. ഫുട്ബോള്‍ കെട്ടിപ്പിടിച്ച് ഇരിക്കുന്ന പെണ്‍കുട്ടിയുടെ ആ ചിത്രത്തിന് എണ്പതു ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. റാസി വരച്ച ലാഫിംഗ് ക്രൈസ്റ്റ് എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയതാണ്.
കുടുംബത്തിന്റെ പിന്തുണ
ഭാര്യ രാഖി റാസ് മാധ്യമ പ്രവര്‍ത്തകയാണ്. റാസിയുടെ രചനകളെല്ലാം ആദ്യവും അവസാനവും വായിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുന്നത് രാഖിയായിരിക്കും.
കഥ വായിച്ച് രാഖി പറയുന്ന അഭിപ്രായം തനിക്കൊരു ബലമാണെന്നാണ് റാസി പറയുന്നത്. വിദ്യാര്‍ഥികളായ മക്കള്‍ അനാമികയും അല്‍മിത്രയും മനോഹരമായി ചിത്രം വരയ്ക്കും.