ഇടുക്കി: കുമളിയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായത് നാടു വിടാൻ ഒരുങ്ങുന്നതിനിടെ.
കുമളി താമരകണ്ടത്ത് താമസിക്കുകയായിരുന്ന ഉമാമഹേശ്വരിയെന്ന റസിയ (36) യാണ് ഇന്നലെ രാവിലെ കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്ന വാഗമണ്‍ മണികണ്ഠ ഭവനിൽ ഈശ്വരനെ (40) പിന്നീട് വാഗമണ്ണിലെ ഒളിയിടത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റസിയയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഇന്നലെ പുലർച്ചെ താമരക്കണ്ടത്തെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
റസിയയും ഈശ്വരനും ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചവരാണ്. വാഗമണ്‍ സ്വദേശിയായ ഈശ്വരൻ പിന്നീട് മകനൊപ്പം ഒറ്റക്ക് താമസിക്കുകയായിരുന്ന റസിയയുമായി അടുപ്പം സ്ഥാപിച്ചു. ഇരുവരുടെയും മക്കൾ ചിൽഡ്രൻസ് ഹോമിലാണ്.
ഇവിടെ നിന്നുള്ള പരിചയമാണ് അടുപ്പമായി വളർന്നത്. എട്ട് മാസം മുന്‍പ് ഇരുവരും റസിയയുടെ വീട്ടിൽ ഒരുമിച്ച് താമസവും തുടങ്ങി.
എന്നാൽ റസിയയുടെ ആദ്യ വിവാഹത്തിലെ മകനെ ഈശ്വരൻ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
ഇതോടെ ഈശ്വരനെതിരെ റസിയയും മകനും ചൈൽഡ് ലൈനിൽ പരാതി നൽകി.
ചൈൽഡ് ലൈൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഈശ്വരനും റസിയയും തമ്മിൽ തെറ്റിപ്പിരിഞ്ഞു.
മൂന്നു ദിവസം മുൻപ് റസിയ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു.
ഇന്നലെ രാവിലെ വീട്ടിലെത്തിയ ഈശ്വരൻ വാതിൽ തുറന്ന റസിയയെ കുത്തുകയായിരുന്നു. റസിയ നിലത്ത് വീണ് പിടഞ്ഞതോടെ ഈശ്വരൻ ഓടി രക്ഷപെട്ടു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ റസിയയെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയിലാണ് റസിയ മരിച്ചത്.
പിന്നീടാണ് കുമളി സിഐയുടെ നേതൃത്വത്തിൽ പ്രതിയെ വാഗമണ്ണിൽ നിന്നും പോലീസ് അറസ്റ്റു ചെയ്യുന്നത്.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.