ഗോഹട്ടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു കൗമാര സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തി. ആസാമിലെ വടക്കൻ ജില്ലയായ ബിശ്വനാഥിൽ ശനിയാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ചയാണ് 12 വയസുകാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തൊട്ടടുത്ത വനമേഖലയിൽനിന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഭക്ഷണം കഴിക്കാൻ ഒപ്പം കൂട്ടിയശേഷം പ്രതികൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. മൃതദേഹം പോലീസ് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ പീഡനമടക്കമുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
കുറ്റക്കാരായ ഏഴു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പത്താം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികളാണ് കേസിലെ പ്രതികൾ.