ചുരുങ്ങിയ കാലം കൊണ്ട് രാജ്യം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് രശ്മിക മന്ദാന. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അനിമലിലെ പ്രകടനവും രശ്മികയ്ക്കു കൈയടി നൽകി. തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയ രശ്മിക ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. വെറും ഏഴ് വര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ രശ്മിക തന്റേതായ സ്ഥാനം കണ്ടെത്തിയത്.
പുഷ്പ, അനിമല്‍ എന്നീ സിനിമകള്‍ക്കായി റിക്കാർഡ് പ്രതിഫലമാണ് താരം വാങ്ങിയതെന്നു വാര്‍ത്തകളുണ്ടായിരുന്നു. സിനിമകള്‍ പോലെ തന്നെ താരത്തിന്റെ ഫാഷന്‍ സെന്‍സും ഏറെ ശ്രദ്ധ നേടാറുണ്ട്. വരുമാനത്തില്‍ വലിയൊരു ഭാഗം മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി രശ്മിക ചെലവഴിക്കാറുണ്ട്.
ഫാന്‍സി ഹാന്‍ഡ് ബാഗുകള്‍ തൊട്ട് ആഡംബര വില്ലകള്‍ വരെ താരത്തിനുണ്ട്. രശ്മിക മന്ദാനയ്ക്ക് ഹാന്‍ഡ്ബാഗുകള്‍ ഏറെ ഇഷ്ടമാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. പല പൊതുപരിപാടികളിലും രശ്മിക ഹാന്‍ഡ് ബാഗുമായാണ് എത്താറുള്ളത്.
ബ്രൗണ്‍, ബ്ലാക്ക് ലെതര്‍ ലൂയിസ് വിട്ടണ് എന്നിവയില്‍ ഇടത്തരം വലിപ്പമുള്ള ഒരു മോഡല്‍ ബാഗ് താരത്തിന്റെ പക്കലുണ്ട്. അതിന് ഏകദേശം മൂന്ന് ലക്ഷം രൂപയിലധികം വില വരും. രശ്മികയുടെ കൈവശമുള്ള ഏറ്റവും ആഡംബരമുള്ള ഹാന്‍ഡ്ബാഗുകളില്‍ ഒന്നാണിത്. ഒരിക്കല്‍ വെളുത്ത ബാലന്‍സിയാഗ ഹാന്‍ഡ്ബാഗുമായി രശ്മികയെ പൊതുജനമധ്യത്തില്‍ കണ്ടിരുന്നു. ഇതിന് ഏകദേശം 82,000 രൂപ വില വരും.
അനിമല്‍ പ്രൊമോഷനിടെ താരം ധരിച്ച സാരിക്ക് ഏകദേശം 80,000 രൂപ വിലയുള്ളതായിരുന്നു. ഇതു മാത്രമല്ല ആഡംബര വീടുകള്‍ക്കും ലക്ഷ്വറി കാറുകള്ക്കുമായും രശ്മിക മന്ദാന വലിയ അളവില്‍ പണം ചെലവഴിക്കാറുണ്ട്.
ഏകദേശം 50 ലക്ഷം രൂപ വിലയുള്ള മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് കാര്‍ രശ്മിക മന്ദാനയുടെ ഗാരേജിലുണ്ട്. 45 ലക്ഷം രൂപ വിലമതിക്കുന്ന ഔഡി ക്യൂ 3 കാറും അവര്‍ക്കുണ്ട്. ഇത് കൂടാതെ റേഞ്ച് റോവര്‍, ടൊയോട്ട ഇന്നോവ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയും താരത്തിന്റെ വാഹനശേഖരത്തില്‍ ഉള്‍പ്പെടുന്നു. ആഡംബര വാഹനങ്ങള്‍ക്ക് പുറമെ രശ്മികയ്ക്ക് ബെംഗളൂരുവില്‍ എട്ട് കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വില്ലയുണ്ട്. മുംബൈയില്‍ ഒരു ആഡംബര ഭവനവും താരത്തിന് സ്വന്തമായുണ്ടെന്നാണു റിപ്പോർട്ടുകൾ.