രൺബിർ കപുറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ എന്ന ചിത്രം ഒടിടി റിലീസിനുശേഷവും ചർച്ചകളിൽ നിറയുകയാണ്. സ്ത്രീ വിരുദ്ധതയും വയലൻസും പ്രോത്സാഹിപ്പിക്കുന്ന ചിത്രമെന്നാണ് പൊതുവായി ഉയർന്നുവരുന്ന വിമർശനം.
ഈ വിമർശനങ്ങൾക്കുപുറമെ ചിത്രത്തിലെ നായിക രശ്മിക മന്ദാനക്കെതിരേ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. എന്നാൽ, അത്തരം ട്രോളുകളോടും കളിയാക്കലുകളോടുമുള്ള തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് രശ്മിക മന്ദാന. ചിത്രീകരണ സമയത്തു തനിക്ക് ഏറ്റവും കൂടുതൽ കൈയടി കിട്ടിയ രംഗത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ട്രോളുകളും കളിയാക്കലുകളും കിട്ടുന്നതെന്നാണ് രശ്മിക പറയുന്നത്.
രശ്മികയുടെ വാക്കുകൾ…
എന്റെ സിനിമ എങ്ങനെയാണ്, അതില്‍ എന്റെ മുഖം എങ്ങനെയാണ്, ഡയലോഗ് എങ്ങനെയാണ് എന്നതെല്ലാംവച്ച് എന്നെ ട്രോള്‍ ചെയ്യുന്നുണ്ട്. എനിക്കറിയാം എന്റെ പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു എന്ന്. അഞ്ചു മാസം മുമ്പാണ് ഷൂട്ട് ചെയ്തത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ചെയ്തപ്പോൾ സെറ്റിലുള്ള ആളുകൾക്ക് ഇഷ്ടപ്പെട്ടു. അവർ കൈയടിച്ചു, നന്നായി ചെയ്തുവെന്ന് എനിക്കും തോന്നി. എന്നാൽ ട്രെയ്ലർ പുറത്തിറങ്ങിയപ്പോള്‍ അതേ സീനിൽ നിന്നുള്ള ഡയലോഗിന് ഒരുപാട് ട്രോള്‍ ലഭിച്ചു. അപ്പോൾ ഞാൻ ഒരു കുമിളയിലാണോ ജീവിക്കുന്നത്? കുമിളയിലിരിക്കുന്നത് പോലെ ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് മണ്ണിലേക്ക് ഇറങ്ങണം, ആളുകളോടു സംസാരിക്കണം. എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് എനിക്കറിയണം. ആളുകൾക്ക് ഈ സീൻ ഇഷ്ടപ്പെട്ടില്ലേ? കാരണം എന്താണെന്ന് ഷൂട്ട് ചെയ്ത ഞങ്ങൾക്കറിയാം, പക്ഷേ ആളുകൾക്ക് അതു കൃത്യമായി മനസിലാക്കാൻ കഴിയാതെ പോയതാവാം കാരണം- രശ്മിക പറഞ്ഞു.