മിനി സ്ക്രീനിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രസ്ന. എന്നാല്‍ അധികം സീരിയലുകളിലൊന്നും രസ്ന വേഷമിട്ടിട്ടുമില്ല. വളരെ പെട്ടെന്ന് തന്നെ അഭിനയത്തോട് വിടപറഞ്ഞ് കുടുംബജീവിതത്തിലേയ്ക്ക് തിരിയുകയായിരുന്നു അവര്‍. സീരിയലില്‍ സജീവമായിരുന്നപ്പോഴും അതിനുശേഷവും അവരെക്കുറിച്ച് ധാരാളം ഗോസിപ്പുകളിറങ്ങി. അതിലൊന്നായിരുന്നു ഈയടുത്ത നാളുകളില്‍ പുറത്തിറങ്ങിയ, രസ്നയെ ഒരു സീരിയല്‍ സംവിധായകന് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന രീതിയിലുള്ള പ്രചരണം. ഇതുവരെയും അതേക്കുറിച്ച് പ്രതികരിക്കാതിരുന്ന നടി ഇപ്പോള്‍ ആ വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അതിങ്ങനെയാണ്…
‘ ഞാന്‍ ഒളിച്ചു താമസിക്കുകയല്ല. എന്നെ ആരും പൂട്ടിയിട്ടിട്ടുമില്ല. എനിക്കിഷ്ടപ്പെട്ട വ്യക്തിക്കൊപ്പം സന്തോഷമായി ജീവിക്കുന്നു. അതില്‍ രണ്ടര വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഞാന്‍ എന്റെ ആവശ്യങ്ങള്‍ക്കെല്ലാം പുറത്ത് പോകുന്നുണ്ട്. പൊതുപരിപാടികളില്‍ വരാത്തത് എന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ്. ഞാന്‍ വിവാഹം ചെയ്ത വ്യക്തി മറ്റൊരു സമുദായത്തില്‍പ്പെട്ടയാളാണ്. എന്റെ കുടുംബത്തിന് അദ്ദേഹവുമായുള്ള ബന്ധത്തിന് താത്പര്യമില്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എന്റെ ജീവിതത്തിന് വലിയ പബ്ലിസിറ്റി കൊടുക്കാഞ്ഞത്. ഞാന്‍ അഭിനയം നിര്‍ത്തിയത് ആരും നിര്‍ബന്ധിച്ചിട്ടല്ല. എന്റെ ഇഷ്ടപ്രകാരം തന്നെയാണ്. എന്റെ കുഞ്ഞിന്റെ കൂടെ ഇപ്പോള്‍ ഞാന്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മറ്റാരുടെയും ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ല. എന്റെ പേരില്‍ ഒരുപാട് ഫേസ്ബുക്ക് അക്കൗണ്ടുകളുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതൊന്നും ഞാന്‍ കൈകാര്യം ചെയ്യുന്നവയല്ല. ആരൊക്കെയോ ദുരുദ്ദ്യേശത്തോടെ നിര്‍മ്മിച്ചവയാണ് അതൊക്കെ. എന്റെ പേരിലുള്ള അക്കൊണ്ടുകളില്‍ നിന്ന് മോശം മെസേജുകള്‍ പോവുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനൊന്നും ഞാന്‍ ഉത്തരവാദിയല്ലെന്നും ആഗ്രഹിച്ചതുപോലെ തന്നെ സന്തോഷകരമായ ഒരു ജീവിതമാണ് ഞാനിപ്പോള്‍ ജീവിക്കുന്നതെന്നുമാണ് എന്നെ സ്നേഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത്. രസ്ന പറയുന്നു.