സിനിമാഭിനയം എന്റെ ഒരു സ്വപ്നം ആയിരുന്നു. വീട്ടില്‍ മറ്റാര്‍ക്കും താല്‍പര്യമില്ലാത്ത മേഖലയായിരുന്നു സിനിമ. കണ്ണൂര്‍ പോലുള്ള സ്ഥലത്തു നിന്നും അത്തരത്തില്‍ ഒരു മോഹം അസ്ഥാനത്തായിരുന്നു. സാധാരണ സിനിമാ താരങ്ങള്‍ക്കുള്ളതുപോലെ കലാതിലകപ്പട്ടമൊന്നും എനിക്ക് ഇല്ലായിരുന്നു. അതു കൊണ്ട് ഈ സ്വപ്നം നടക്കാതെ പോയാലോയെന്ന പേടി വീട്ടുകാര്‍ക്കും ഉണ്ടായിരുന്നു. എങ്കിലും സിനിമയെയും സിനിമാതാരങ്ങളെയും അവര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. സ്വപ്നങ്ങളില്‍ നിന്നു പരമാവധി പിന്തിരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ പിന്‍മാറിയില്ല.
മൗനത്തോടെ തുടക്കം
ആദ്യം അഭിനയിച്ചത് മൗനം എന്ന ഒരു ആര്‍ട്ട് ഫിലിമിലായിരുന്നു. മലയാളത്തിലെ സീനിയറായിട്ടുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അന്ന് അഭിനയിച്ചില്ലായിരുന്നുവെങ്കില്‍ മുല്ലനേഴി സാര്‍, തിലകന്‍ സാര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല. മൂകാംബികയിലെ തിരുമേനിക്കു പരിചയമുള്ള ആളായിരുന്നു മൗനത്തി ന്റെ ഡയറക്ടര്‍. എനിക്കാകട്ടെ തിരുമേനി ഗുരുതുല്യനും. അങ്ങനെയാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. തുടര്‍ന്ന് ‘‘തെരിയാമെ ഉന്നൈ കാതലിച്ചിട്ടേന്‍’’ എന്ന തമിഴ് സിനിമയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വേഷം ചെയ്തു. കുടുംബത്തിലെ ഏക മകളുടെ വേഷം അഭിനയസാധ്യതയുള്ളതായിരുന്നു. മലയാളത്തില്‍ ഒരു സിനിമ ചെയ്ത ഉടന്‍ തന്നെ തമിഴില്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. മേക്കപ്പ് ഒന്നും ഇല്ലാത്ത സ്റ്റില്‍ ഫോട്ടോ കണ്ടിട്ടാണ് ഡയറക്ടര്‍ വിളിക്കുന്നത്. തമിഴിനോടു പണ്ടു മുതല്‍ തന്നെ ഒരു ഇഷ്ടമുണ്ടായിരുന്നു. തമിഴ് സിനിമകള്‍ ചെറുപ്പം മുതല്‍ തന്നെ കാണാറുണ്ട്. തമിഴ് സംസ്കാരവും ഇഷ്ടമാണ്. അതുകൊണ്ടുതന്നെ സെറ്റില്‍ പേടിയൊന്നും തോന്നിയില്ല. നല്ലൊരു ടീം വര്‍ക്കായിരുന്നു തമിഴില്‍. അഭിനയിക്കാന്‍ സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു. വേറെയും അവസരങ്ങള്‍ വന്നെങ്കിലും നല്ല റോളുകള്‍ക്കു വേണ്ടി കാത്തിരിക്കാമെന്നു കരുതി. ഒഴിവു സമയത്ത് മാസികകള്‍ക്കു വേണ്ടി പരസ്യം ചെയ്യുമായിരുന്നു.
സെല്‍ഫി തന്ന ഭാഗ്യം
ഇതിനിടെ ജിത്തു ജോസഫ് സാര്‍ പുതിയ മുഖം അന്വേഷിച്ചു നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞാനും കുറച്ച് ഫോട്ടോ അയച്ചു കൊടുത്തു. ‘‘ഗുഡ്’’ എന്ന മറുപടി കിട്ടിയപ്പോള്‍ സന്തോഷം തോന്നി. മേക്കപ്പ് ഇല്ലാത്ത മുഖം നല്ലതാണെന്ന് പലരും പറയാറുണ്ട്. അങ്ങനെ വളരെ കാഷ്വലായിട്ട് ഒരു സെല്‍ഫി എടുത്ത് സാറിന് ഒന്നുകൂടി അയച്ചു കൊടുത്തപ്പോള്‍ ലഭിച്ച മറുപടി ‘‘യു ആര്‍ സെലക്ടഡ്’’ എന്നായിരുന്നു. കോരിത്തരിച്ചു പോയി. ഓഡീഷനു പോകുമ്പോള്‍ എന്റെ മനസു പറഞ്ഞു, ‘‘ഇതു ശരിയാകും’’ എന്ന്. സെലക്ടാവുകയും അന്നു തന്നെ സിനിമയുടെ ഒരു വര്‍ക്ക്‌ഷോപ്പും ഉണ്ടായിരുന്നു. ആത്മവിശ്വാസം ഉണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. അങ്ങനെയാണ് ഊഴത്തിലെ ഐശ്വര്യാ കൃഷ്ണ മൂര്‍ത്തിക്ക് ജന്മം നല്‍കിയത്.
ഊഴവും കോയമ്പത്തൂരും
എന്റെ ഷൂട്ട് മുഴുവനും കോയമ്പത്തൂരായിരുന്നു. ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ തന്നെ ആഗ്രഹിക്കുന്ന കാര്യം സഫലമാകാന്‍ പോകുന്നതിന്റെ ത്രില്ലായിരുന്നു യാത്രയില്‍. പേടിച്ച്, കുളമാക്കേണ്ട എന്നു കരുതി. ലൊക്കേഷനില്‍ ജിത്തു സാര്‍ കുടുംബസമേതം ഉണ്ടായിരുന്നു. ഒരു ഫാമിലി അന്തരീക്ഷമായിരുന്നു അവിടെ. ജിത്തുസാര്‍ ലൊക്കേഷനില്‍ എപ്പോഴും റിലാക്‌സ്ഡ് ആയിട്ടാണ് കാണാറുള്ളത്. അതുകൊണ്ട് കൂളായിത്തന്നെ നിന്നു. ലൊക്കേഷനിലെത്തിയപ്പോള്‍ പൃഥ്വിരാജേട്ടനും നീരജും ദിവ്യപിള്ളയുമൊന്നിച്ചുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ദിവ്യയെ വര്‍ക്ക് ഷോപ്പിന്റെ സമയത്ത് തന്നെ പരിചയപ്പെട്ടിരുന്നു. രാജുവേട്ടനെ കണ്ടപ്പോള്‍ പേടി തോന്നി. എന്താണ് പറയേണ്ടത് എന്നൊന്നും അറിയാതെ ഒരു കണ്‍ഫ്യൂഷന്‍ പോലെ. ജിത്തു സാര്‍ പരിചയപ്പെടുത്തിത്തന്നു. സിനിമയിലല്ലാതെയും ഒരു സഹോദരിയുടെ സ്‌നേഹം രാജു വേട്ടന്റെ സംഭാഷണങ്ങളില്‍ പ്രകടമായി. വളരെ ഫ്രണ്ട്‌ലിയായിരുന്നു അദ്ദേഹം. സംസാരിച്ചപ്പോള്‍ ടെ ന്‍ഷനൊക്കെ പോയി. രാജുവേട്ടന്റെ ഒപ്പം അഭി നയിച്ചപ്പോഴും ഭയങ്കര എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. എന്റെ ചേച്ചിയുടെ വീട്ടില്‍ പോകുന്ന ഒരു അന്ത രീക്ഷമായിരുന്നു.
ലൊക്കേഷന്‍ വിശേഷങ്ങള്‍
എന്നെപ്പോലെ ദിവ്യയുടെ പെരുമാറ്റവും ഒരു തുടക്കക്കാരിയെപ്പോലെയായിരുന്നു. ദിവ്യ നായിക യാണെങ്കിലും അത്തരത്തില്‍ ഒരു ജാടയും ഉണ്ടായി രുന്നില്ല. വളരെ ഹെല്‍പ്പിങ്ങ് ആയിരുന്നു. ഫുഡ് ഷെയര്‍ ചെയ്താണ് ഞങ്ങള്‍ കഴിച്ചിരുന്നത്. ദുബായിലേക്ക് ദിവ്യ എന്നെ ക്ഷണിച്ചിട്ടുണ്ട്. നീരജും ലൊക്കേഷനില്‍ ലൈവ്‌ലിയാണ്. എപ്പോഴും പാട്ടു കേട്ടു കൊണ്ടിരിക്കും. ഞങ്ങളും ഒപ്പം കൂടും. നമ്മുടെ അതേ വെയ്വ്‌ലെങ്ങ്തിലുള്ള ആള്‍ക്കാരാവുമ്പോള്‍ സെറ്റില്‍ നല്ല രസമായിരുന്നു.
ഇഷ്ടപ്പെടുന്ന വേഷങ്ങള്‍
ഏത് പ്രഫഷന്‍ തിരഞ്ഞെടുത്താലും അതില്‍ നമ്മള്‍ മികവ് തെളിയിക്കേണ്ടതില്ലേ? നല്ലൊരു തുടക്കം കിട്ടി. ഇനി കിട്ടുന്ന എല്ലാ അവസരങ്ങളൊന്നും ഒരു പക്ഷെ സ്വീകരിച്ചെന്നു വരില്ല. കുറെ നല്ല സിനിമ കളുടെ ഭാഗമാകാണമെന്നുണ്ട്. പടിപടിയായി മുന്നേ റാന്‍ ആഗ്രഹിക്കുന്നു. ‘‘ഒരു ഹൈജംമ്പിന് തയാറല്ലെന്നര്‍ഥം.’’ പല ഘടകങ്ങളുണ്ടല്ലോ.. ഭാഗ്യവും തുണയ്ക്കണം.
ഹായ് ബൈ ഫ്രണ്ട്ഷിപ്പ്
ചെറുപ്പം മുതല്‍ തന്നെ അങ്ങനെ ഒരുപാട് സുഹൃത്തുക്കളൊന്നുമില്ല. പക്ഷെ കുറച്ചു നല്ല സുഹൃത്തുക്കളുണ്ട്. അവരുമായി ആത്മാര്‍ഥമായ ബന്ധമാണുള്ളത്. പരസ്പര ബന്ധം നോക്കുന്ന ആളാണു ഞാന്‍. സുഹൃത്തുക്കളില്‍ നിന്നുള്ള റെസ്‌പോണ്‍സ് നോക്കിയാണ് ഞാന്‍ പെരുമാറാറുള്ളത്. ആരെയും കുറ്റപ്പെടുത്തുകയല്ല.
ഇഷ്ടവസ്ത്രം
മോഡേണ്‍ ഡ്രസ്സുകളോട് എനിക്ക് എതിര്‍ പ്പൊന്നുമില്ല. സാരിയും ചുരിദാറും മാത്രം ധരിച്ചാല്‍ മതിയോ? കാലം മാറിയില്ലേ? ജീന്‍സും മുട്ടുവരെയുള്ള വസ്ത്രങ്ങളുമൊക്കെ ഈ കണ്ണൂരിലും കാണുന്നില്ലേ. വൃത്തികേടില്ലാത്ത വസ്ത്രധാരണമാണെങ്കില്‍ കുഴപ്പമില്ല. മോഡേണാണെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ല. ഒരു കാലം വരെ സാരിയോട് ഭയങ്കര ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. ജീന്‍സും ഇഷ്ടമാണ്. പാവാടയൊന്നും ഇപ്പോള്‍ ഉപയോഗിക്കാറില്ല. അമ്പലത്തിലേക്കാണെങ്കില്‍ ചുരിദാറാണ് ധരിക്കുന്നത്.
കണ്ണൂര്‍ മുത്തപ്പനു കാര്‍ന്നോര്‍ സ്ഥാനം
ഇഷ്ടദൈവമെന്ന കാഴ്ചപ്പാടൊന്നുമില്ല. ദേവിയെ കാണുമ്പോള്‍ ഒരു അമ്മയെ കാണുന്ന വികാരമാണ്. മഹാദേവനെ കാണുമ്പോള്‍ ഒരു അച്ഛനെ കാണുന്ന പോലെ. മുത്തപ്പനെ കണ്ടു തൊഴുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു കാര്‍ന്നോര്‍ സ്ഥാനമാണ് തോന്നുന്നത്.
ജോമോന്റെ വിശേഷങ്ങള്‍
സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവി ശേഷങ്ങള്‍ എന്ന ചിത്രമാണ് ഒടുവില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ സഹോദരി വേഷമാണ്. ഇതിലും സഹോദരി വേഷമായതു കൊണ്ട് അതു മാത്രമേ ചെയ്യുകയുള്ളു എന്ന് കരുതണ്ട കേട്ടോ. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമയായതു കൊണ്ട് രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ദുല്‍ഖര്‍ ചേട്ടന്‍ ഒരു മുഴുനീള കുടുംബകഥയുടെ പശ്ചാത്തലത്തില്‍ അഭിനയിച്ച ആദ്യത്തെ സിനിമ. പലരും ചോദിച്ചു കഴിഞ്ഞു, ‘‘എപ്പോഴും സിസ്റ്ററാണോ’’ എന്ന്. അങ്ങനെയല്ല കേട്ടോ. ഒരു കുടുംബത്തിലെ നാലു മക്കളില്‍ ഒരാളുടെ വേഷമാണ്. ഇനി അഭിനയിക്കാന്‍ പോകുന്നത് കമല്‍ സാറിന്റെ ആമി എന്ന സിനി മയിലാണ്. ഏതായാലും ലഭിക്കുന്ന അവസരങ്ങളെല്ലാം വലിയ ബാനറുകളുടേതായതു കൊണ്ട് നന്നായിട്ടു തന്നെ മുന്നോട്ടു പോകുന്നു. എല്ലാം ഈശ്വരാനുഗ്രഹം. വിഷുവിന് ജിത്തു സാറിന്റെ സെറ്റിലായിരുന്നു. ഓണവും ബക്രീദും സത്യന്‍ അന്തിക്കാട് സാറിന്റെ സെറ്റിലും ആഘോഷിച്ചു. ഞാന്‍ ഹാപ്പിയാണ്.
–സുനില്‍ വല്ലത്ത്