തൃശ്ശൂര്‍ പൂരത്തിന്റേതായി താന്‍ തയാറാക്കിയ വീഡിയോയുടെ കോപ്പിറൈറ്റ് അവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്ക് ഒരു തരത്തിലുമുള്ള പങ്കുമില്ലെന്ന് റസൂല്‍ പൂക്കുട്ടി. താന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ലെന്നും, സോണിയുമായി യാതൊരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ലെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
‘ഈ ആരോപണത്തില്‍ യാതൊരു വാസ്തവവുമില്ല. ഞാന്‍ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. അവരുമായി ഒരു ക്രിയവിക്രയത്തിന്റെയും ഭാഗമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന്റെ ഓഡിയോ ഞാന്‍ റെക്കോര്‍ഡ് ചെയ്തത് ആര്‍ക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതില്‍ അതില്‍ എനിക്ക് പങ്കില്ല. അത് പ്രശാന്ത് പ്രഭാകറും പാംസ്റ്റോണ്‍ മീഡിയയുമാണ് നിര്‍മ്മിച്ചത്. അതിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നല്‍കിയതെന്നാണ് എന്റെ അറിവ്. അല്ലാതെ ഐപിആറോ, കോപ്പിറൈറ്റ് ലഭിക്കുന്ന തരത്തിലുള്ള എന്തെങ്കിലുമോ അവര്‍ക്ക് ലഭിച്ചിട്ടുള്ളതായി ഞാന്‍ കരുതുന്നില്ല. അതില്‍ എനിക്ക് പങ്കുമില്ല,’ റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.
‘വില്ക്കാന് തൃശ്ശൂര്‍ പൂരം എന്റെ തറവാട് സ്വത്തല്ല. തൃശ്ശൂര്‍ പൂരം കേരള സംസ്കാരത്തിന്റെ ഭാഗമാണ്. അത് എല്ലാവരുടേതുമാണ്. അതില്‍ ഏതെങ്കിലും കമ്പനിക്ക് മാത്രമായി കോപ്പിറൈറ്റ് അവകാശം എടുക്കാനാവില്ല. ഇനി അഥവാ അങ്ങിനെയെടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. ഞാനതിനെ അനുകൂലിക്കുന്നില്ല. പെപ്സി കമ്പനി കര്‍ഷകര്‍ക്ക് എതിരെ കേസ് കൊടുത്തത് പോലെ വിവക്ഷിക്കാവുന്ന ഒന്നാണത്.
തൃശ്ശൂര്‍ പൂരമൊന്നും അങ്ങിനെ തോന്നുംപടി ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതല്ല. എനിക്ക് തോന്നുന്നത് ഇതില്‍ മറ്റെന്തോ പ്രശ്നമുണ്ടെന്നാണ്. അതെന്താണെന്ന് കരുതി പരിഹരിക്കേണ്ടതുണ്ട്,’ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
തൃശ്ശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പിറൈറ്റ് അവകാശം സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എആര്‍എന്‍ മീഡിയ ആരോപിച്ചിരിക്കുന്നത്. കോപ്പിറൈറ്റ് പ്രശ്നം ഉള്ളതിനാല്‍ ഫേസ്ബുക്കില്‍ ലൈവായി വീഡിയോ പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ ഇത് ഫേസ്ബുക്ക് ബ്ലോക്കാക്കുമെന്നും പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞേ ബ്ലോക്ക് നീക്കി കിട്ടുകയുള്ളൂവെന്നുമാണ് എആര്‍എന്‍ മീഡിയ ഉടമ വിനു മോഹനന് പറഞ്ഞത്.