കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന യോഗ ഗുരു ബാബ രാംദേവിന്റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി.
മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല. യുക്തി, ശാസ്ത്രം ഇന്ത്യയില്‍ വളരാന്‍ അനുവദിക്കൂവെന്നും റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, കടുത്ത വിമർശനങ്ങളെ തുടർന്ന് അലോപ്പതി വിരുദ്ധ പ്രസ്താവന പിൻവലിച്ച് വിവാദ യോഗ ഗുരു ബാബാ രാംദേവ് രംഗത്തെത്തി.
കോവിഡ് മൂലമുണ്ടാകുന്നതിനേക്കാൾ കൂടുതൽ മരണം ആധുനിക വൈദ്യചികിത്സയിലൂടെയുണ്ടായിട്ടുണ്ടെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.
പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പിൻവലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ആവശ്യപ്പെട്ടു. അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.
കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാം ദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു