ജീവിത പ്രതിസന്ധികളെയൊക്കെ തരണം ചെയ്തായിരുന്നു സൂസാനയുടെ മുന്നോട്ടുള്ള പ്രയാണം.
റാന്പുകളിൽ ചുവടുവച്ചു കൂടുതൽ ഉയരങ്ങളിലേക്കു നടന്നുകയറുകയെന്നതായിരുന്നു അവളുടെ വലിയ സ്വപ്നം.
അതിനായി ഏറെ അധ്വാനിച്ചു, പരിശീലിച്ചു. അങ്ങനെ 2012ലെ മിസ് സിനലോവ കിരീടം അവളുടെ ശിരസിലേറി.
തന്റെ കുതിപ്പിന്റെ വലിയൊരു നാഴികക്കല്ലാണ് ഈ സൗന്ദര്യ കിരീടമെന്ന് അവൾ പ്രതീക്ഷിച്ചു. മിസ് സിനലോവ ആയതിനു പിന്നാലെ കൂടുതൽ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലായിരുന്നു സൂസാന.
ഇതിനിടെയാണ് മെക്സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്നു മാഫിയ തലവൻ എൽ ചാപ്പോയുടെ (ജോക്വിൻ ഗുസ്മാൻ) ടോപ്പ് ലെഫ്റ്റനന്റുകളിലൊരാളായ ഓർസോ ഇവാൻ ഗാസ്റ്റലവുമായി അവൾ സൗഹൃദത്തിൽ ആയത്. “എൽ ചോലോ ഇവാൻ” എന്നാണ് അയാൾ അറിയപ്പെട്ടിരുന്നത്.
സിനലോവ കാർട്ടൽ പ്രദേശത്തു കൊലപാതകം, അക്രമം എന്നിവ നടത്തുന്നതിൽ പേരുകേട്ട ആളായിരുന്നു എൽ ചോലോ ഇവാൻ.
ഗ്രാമത്തിലെ ഏറ്റുമുട്ടൽ
2012 നവംബറിൽ, മെക്സിക്കൻ പട്ടാളക്കാരെ കൈറ്റിം ഗ്രാമത്തിലേക്കു വിളിപ്പിച്ചു.
അവിടെ എൽ ചോലോയുടെ ആളുകൾ നിയമവിരുദ്ധമായ ഒരു ചെക്ക് പോയിന്റ് സ്ഥാപിക്കുകയും പൊതുജനങ്ങളെ തടയുകയും അവരുടെ കാറുകൾ പരിശോധന നടത്തുകയും ചെയ്യുന്നു എന്നതായിരുന്നു പ്രശ്നം.
ഇതിനെതിരേ നടപടി എടുക്കുന്നതിനായിട്ടാണ് പട്ടാളം എത്തിയത്.
തുടർന്നു പട്ടാളവും മയക്കുമരുന്നു സംഘവുമായി ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഒരു ചെറിയ യുദ്ധം തന്നെയാണ് അവിടെ അരങ്ങേറിയത്. ആദ്യം കുറെ നേരം മയക്കുമരുന്നു സംഘം ആക്രമണത്തെ ചെറുത്തുനിന്നു.
മുറിഞ്ഞ നിലവിളി
എന്നാൽ, സൈന്യം പോരാട്ടം ശക്തമാക്കിയതോടെ അക്രമിസംഘങ്ങൾക്കു പിടിച്ചുനിൽക്കാൻ പറ്റാതായി. ഇതോടെ സംഘത്തിൽപ്പെട്ട ചിലർ രണ്ട് പിക്കപ്പ് ട്രക്കുകളിലായി രക്ഷപ്പെടാൻ ശ്രമം നടത്തി.
അവർ ഒരു ട്രക്കിൽ കയറിയ സമയത്തുതന്നെ മഞ്ഞ ബ്ലൗസും ലെഗിംഗ്സും ധരിച്ച ഒരു യുവതി വാഹനത്തിൽനിന്നു പുറത്തേക്കു ചാടി.
അവളുടെ കൈയിൽ എകെ 47 ഓട്ടോമാറ്റിക് റൈഫിളും ഉണ്ടായിരുന്നു. “ഷൂട്ട് ചെയ്യരുത്” എന്ന് അലറി വിളിച്ചുകൊണ്ടായിരുന്നു അവൾ പുറത്തേക്കു ചാടിയത്.
പക്ഷേ, അവളുടെ കൈയിൽ തോക്കു കണ്ടതോടെ അവൾ ആക്രമിക്കാൻ തുനിയുകയാണെന്നു ധരിച്ച പട്ടാളക്കാർ അവളെ വെടിവച്ചു വീഴ്ത്തി.
കഴുത്തിലും തോളെല്ലിലും വെടിയേറ്റ യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. പിന്നീടാണ് പട്ടാളക്കാർ അതു മിസ് സിനലോവയായ മരിയ സൂസാന ഫ്ലോറസ് ആണെന്നു പട്ടാളക്കാർ തിരിച്ചറിഞ്ഞത്.
മയക്കുമരുന്നു മാഫിയ മനുഷ്യപരിചയായി സൂസാനയെ ട്രക്കിൽനിന്നു പുറത്തിറക്കുകയായിരുന്നു എന്നാണ് പ്രാദേശിക പോലീസ് വ്യക്തമാക്കിയത്.
മാഫിയ സംഘത്തിൽപ്പെട്ട നാലു പേരെ അറസ്റ്റ് ചെയ്തെങ്കിലും അവരുടെ തലവൻ എൽ ചോളോ രക്ഷപ്പെട്ടു.
ഒടുവിൽ സൂസാനയുടെ അമ്മ തന്റെ ഏക മകളെ ഗ്ലാസും മാർബിളുംകൊണ്ട് അലങ്കരിച്ച അവളുടെ അച്ഛന്റെ അതേ ശവകുടീരത്തിൽ സംസ്കരിച്ചു.