ബ്വേനസ് എയ്റിസ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് അർജന്റീനൻ തലസ്ഥാനമായ ബ്വേനസ് എയ്റിസിലേക്കുള്ള ദൂരം 13,520 കിലോമീറ്റർ.
17 മണിക്കൂറാണ് വിമാനയാത്ര സമയം. ഈ സമയവും ദൂരവും ഗർഭത്തിന്റെ പ്രയാസങ്ങളുമെല്ലാം അവഗണിച്ച് റഷ്യയിൽ നിന്ന് ഗർഭിണികൾ ഈ ലാറ്റിനമേരിക്കൻ രാജ്യത്തേക്കെത്തുകയാണ്. ലക്ഷ്യം അർജന്റീനയിൽ പ്രസവിക്കലാണ്.
ജനിച്ചാലുടൻ കുഞ്ഞിന് പൗരത്വം ലഭിക്കും മെഡിക്കൽ ഇൻഷുറൻസും അർജൻറീനൻ പാസ്പോർട്ടിനുള്ള സ്വീകാര്യതയും ക്ഷേമപദ്ധതികളുമാണ് വിനോദ സഞ്ചാരികളെന്ന വ്യാജേന റഷ്യൻ സ്ത്രീകളെ അർജന്റീനയിൽ എത്തിക്കുന്നത്.
റഷ്യൻ സ്ത്രീകൾ അർജൻറീനയെ ‘പ്രസവ മുറി’യാക്കി മാറ്റിയിട്ട് ഏതാനും വർഷങ്ങളായി. കഴിഞ്ഞ വർഷം 21,757 റഷ്യൻ പൗരന്മാരാണ് അർജന്റീനയിൽ എത്തിയത്.
ഇതിൽ 10,500ഓളം പേരും ഗർഭിണികളായിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ മാത്രം 5819 റഷ്യൻ ഗർഭിണികളും എത്തി.
ഇത്തരത്തിൽ വൻതോതിൽ റഷ്യൻ ഗർഭിണികൾ എത്തുന്നുണ്ടെങ്കിലും അർജൻറീനൻ സർക്കാറും നിയമസംവിധാനങ്ങളും ഗൗരവമായി കണ്ടിരുന്നുമില്ല.
എന്നാൽ, അടുത്തിടെ സ്ലോവാക്യയിൽ മൂന്ന് റഷ്യൻ സ്ത്രീകളെ ചാരവൃത്തി കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് അർജന്റീന ഗൗരവമായി വിഷയം പരിഗണിച്ചത്.
റഷ്യൻ വംശജരാണെങ്കിലും മൂന്നു പേരും അർജന്റീനൻ പൗരത്വമുള്ളവരായിരുന്നു. അർജന്റീനൻ പൗരന്മാർ ചാരവൃത്തിക്ക് പിടിക്കപ്പെട്ടത് സംബന്ധിച്ച അന്വേഷണത്തിലാണ് ‘റഷ്യൻ പ്രസവം’ സൃഷ്ടിക്കുന്ന അപകടം തിരിച്ചറിയുന്നത്.
മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം വഷളാകുന്നത് അടക്കം കണക്കിലെടുത്ത് ഗൗരവമായി സമീപിച്ചിരിക്കുകയാണ് അർജന്റീനൻ താമസ കുടിയേറ്റ വിഭാഗം.
കഴിഞ്ഞ ദിവസം രാജ്യത്തേക്കെത്തിയ ആറ് റഷ്യൻ ഗർഭിണികളെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
വിനോദ സഞ്ചാരികൾ എന്ന വ്യാജേന രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്ന് മൈഗ്രേഷൻ നാഷനൽ ഡയറക്ടർ ഫ്ലോറൻസിയ കാരിഗ്നാനോ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലെ ഇത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ ഗർഭിണികളായ 33 റഷ്യക്കാരാണ് രാജ്യത്തേക്കെത്തിയത്.
രാജ്യത്ത് വരുന്നതോ പ്രസവിച്ച് കുഞ്ഞുങ്ങൾക്ക് പൗരത്വം ലഭിക്കുന്നതോ തടയാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, അർജന്റീനൻ പാസ്പോർട്ടും പൗരത്വവും ലഭിച്ച ശേഷം ഇവർ എവിടെയാണെന്ന് അറിയാത്ത സാഹചര്യം പ്രശ്നം സൃഷ്ടിക്കുന്നതായും മൈഗ്രേഷൻ ഡയറക്ടർ പറഞ്ഞു.
ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാണ് അർജന്റീനയുടേത്. 171 രാജ്യങ്ങളിൽ വിസ രഹിതമായി പ്രവേശിക്കാം.