കോഴിക്കോട്: എലിപ്പനി ബാധിച്ച് ജില്ലയില്‍ രണ്ടുപേര്‍ കൂടി ഇന്നലെ മരിച്ചു. വടകര പഴങ്കാവിലെ തെക്കപഴങ്കാവില് നാരായണി അമ്മ (84), എരഞ്ഞിക്കല്‍ നെട്ടോടിതാഴത്ത് അനില്‍കുമാര്‍ (52) എന്നിവരാണ് മരിച്ചത്. ഇതില്‍ നാരായണി അമ്മ മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം എലിപ്പനി രോഗലക്ഷണങ്ങളോടെയാണ് അനില്‍കുമാര്‍ മരിച്ചത്.
അനില്‍ എരഞ്ഞിക്കല്‍ മേഖലയില്‍ രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടയാളായിരുന്നു. ഇന്നലെ മാത്രം എലിപ്പനി സ്ഥിരീകരിച്ചത് 20 പേര്‍ക്കാണ്. 22 പേര്‍ക്ക് എലിപ്പനി ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രളയത്തിന് ശേഷം 104 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. 209 പേര്‍ക്ക് എലിപ്പനി ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
20 പേരാണ് എലിപ്പനി സ്ഥിരീകരിച്ചും ലക്ഷണങ്ങളോടെയും മരിച്ചത്. ഇതില്‍ ഏഴു പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതുവരെ എലിപ്പനി ബാധിച്ച് എറണാകുളം ജില്ലയിൽ മൂന്നുപേർ മരിച്ചപ്പോൾ 89 പേർ നീരിക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെമാത്രം പുതിയതായി 19 പേരാണു രോഗലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശളുപത്രികളിൽ ചികിത്സ തേടിയിട്ടുള്ളത്. ഇന്നലെ ഒരാൾ മരിച്ചതോടെ മൂന്നു ദിവസത്തിനിടെമാത്രം എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
മാഞ്ഞാലി തേലത്തുരുത്തു പുഞ്ചാക്കൽ ഉത്തമനാണ് (50) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. ഇതിനിടെ, കോതമംഗലത്തെ ആശുപത്രികളിൽ ചികിൽസ തേടിയ ഏഴു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.
ആറുപേർ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും ഒരാൾ താലൂക്ക് ആശുപത്രിയിലുമാണ് ചികിൽസയിലുള്ളത്. രോഗലക്ഷണം സംശയിക്കുന്ന ഏതാനും രോഗികളുടെകൂടി രക്തസാന്പിളുകൾ പരിശോധനയ്ക്ക് എടുത്തിട്ടുള്ളതായും ആശുപത്രി അധികൃതർ അറിയിച്ചു.