പുനലൂര്‍ : ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ പത്തനാപുരം, പുനലൂര്‍ താലൂക്കുകളിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി അഞ്ചുപേര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എലിപ്പനിയ്ക്ക് ചികിത്സതേടി. ഈമാസം ഇതുവരെയുള്ള കണക്കാണിത്. ഇതില്‍ രണ്ടുപേര്‍ താലൂക്ക് ആശുപത്രിയിലെ ഐ.പി.വിഭാഗത്തില്‍ ഇപ്പോള്‍ ചികിത്സിയിലാണ്.
പുനലൂര്‍ നഗരസഭയില്‍ നിന്നും പിറവന്തൂര്‍, തലവൂര്‍, തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളില്‍ നിന്നുമുള്ളവര്‍ക്കാണ് എലിപ്പനി ബാധിച്ചത്. ഇതില്‍ പുനലൂര്‍ നഗരസഭയില്‍ നിന്നും കുളത്തൂപ്പുഴ പഞ്ചായത്തില്‍ നിന്നുമുള്ളവരാണ് ചികിത്സയില്‍ കഴിയുന്നത്.
ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആര്.ഷാഹിര്‍ഷ അറിയിച്ചു. എലിപ്പനി ചികിത്സയ്ക്കും പ്രതിരോധത്തിനുമുള്ള എല്ലാ സംവിധാനങ്ങളും താലൂക്ക് ആശുപത്രിയില്‍ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. എലിപ്പനി ബാധിതരെ ചികിത്സിയ്ക്കാന്‍ ആറ് കിടക്കകളോട് കൂടിയ പ്രത്യേക വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.
എലിപ്പനി പ്രതിരോധ മരുന്ന് വിതരണത്തിന് ഫാര്‍മസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടര്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനകം 3000-ത്തോളം പേര്‍ക്ക് മരുന്ന് നല്‍കിക്കഴിഞ്ഞു. ഒ.പി.വിഭാഗത്തില്‍ പനിയുമായി എത്തുന്നവര്‍ക്ക് എലിപ്പനിയില്ലെന്ന് ഉറപ്പിക്കാനുള്ള സംവിധാനത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
അതേസമയം ആശുപത്രിയില്‍ പകര്‍ച്ചപ്പനി ഉള്പ്പടെയുള്ളവരെക്കൊണ്ട് നിറഞ്ഞു കവിയുകയാണ്. കഴിഞ്ഞദിവസം ഒ.പി.വിഭാഗത്തില്‍ മാത്രം 3000ത്തിലധികം പേരാണ് ചികിത്സ തേടിയത്.