മുളകുന്നത്തകാവ്: പകർച്ചവ്യാധിയിൽ മലയാളികൾ ഭയന്ന് വിറക്കുന്പോഴും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പനിബാധിച്ച് എത്തുന്നവരുടെ എണ്ണം നീളുന്നു. ചികിത്സയിൽ കഴിയുന്നവരിൽ 30 പേർ എലിപ്പനി ഭീതിയിലാണ്. നിരവധി പേർ ഡെങ്കിപ്പനിയും, പകർച്ചപ്പനിയും കാരണം ചികിത്സ തേടിയിട്ടുണ്ട്. 15 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ബാക്കിയുള്ളവർ ചികിത്സയിലാണ്. ഇവരുടെ രക്തസാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്നുപേർ എലിപ്പനിമൂലം മരിച്ചിരുന്നു. ഒളരിക്കര പുല്ലഴി സ്വദേശി നിഷാന്ത്, മലപ്പുറം കാഞ്ഞിരമുക്ക് സ്വദേശി ആദിത്യൻ(51), പഴയന്നൂർ സ്വദേശി സജീവൻ (45) എന്നിവരാണ് മരിച്ചത് പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എലിപ്പനി പടരാനുള്ള സാഹചര്യം കണക്കെിലടുത്ത് ആവശ്യമായ സൗകര്യങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം എലിപ്പനി മൂലം മരിച്ച പുല്ലഴി സ്വദേശി നിഷാന്തിന് തക്ക സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നുള്ള ആരോപണം ഉയർന്നിരുന്നു. പനിയെ ഭയന്ന് എത്തുന്നവരുടെ എണ്ണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിനംപ്രതി വർധിക്കുകയാണ്.
ഒപി ബ്ലോക്കിൽ ഡോക്ടറെ കാണാനെത്തുന്ന രോഗികളുടെ നീണ്ട നിര റോഡിലേക്ക് നീങ്ങുന്ന കാഴ്ച്ചയാണുള്ളത്. മെഡിസിൻ യൂണിറ്റിൽ എത്തുന്ന രോഗികളുടെ വർധനകണ്ട് ജീവനക്കാർ അന്പരക്കുകയാണ്.
പനി: സ്വയം ചികിത്സ പാടില്ല
തൃശൂർ: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എലിപ്പനി പടരാനുളള സാധ്യത ഏറെയുള്ളതിനാൽ പനിബാധ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്നു ഡിഎംഒ നിർദേശിച്ചു. മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പില്ലാതെ പൊതുജനങ്ങൾക്കു യാതൊരുവിധ മരുന്നകളും നൽകരുതെന്നു ജില്ലയിലെ മെഡിക്കൽ സ്റ്റോർ അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
എലിപ്പനി ബാധിച്ചാൽ കൃത്യമായ ചികിത്സ വൈകുന്നതു മരണത്തിന് ഇടയാകുമെന്നതിനാലാണ് ഈ നിർദേശം. പനിയുള്ളവർ നിർബന്ധമായി ഡോക്ടറുടെ സേവനം തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പത്രക്കുറിപ്പിൽ അറിയിച്ചു.