ഇന്ത്യന്‍ റെയില്‍വേയുടെ വൃത്തിയില്ലായ്മ രാജ്യത്തിനകത്തും പുറത്തും ഒടുപാടുതവണ ചർച്ചയായിട്ടുള്ളതാണ്. ചിത്രങ്ങളും വീഡിയോകളും സഹിതമാണു സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ചു റിപ്പോർട്ടുകൾ വരാറുള്ളത്. എസി കോച്ചിലൂടെ പരക്കം പായുന്ന എലിയുടെ വീഡിയോ ആണ് ഇതിൽ ഏറ്റവും പുതിയത്.
സൗത്ത് ബിഹാര്‍ എക്സ്പ്രസിലെ യാത്രക്കാരനായ പ്രശാന്ത് കുമാർ തന്റെ എക്സ് ഹാന്റിലിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി.
ഇന്ത്യന്‍ റെയില്‍വേയ്ക്കും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും പ്രശാന്ത് കുമാർ വീഡിയോ ടാഗ് ചെയ്തു. 3,000 രൂപയ്ക്കു മേലായിരുന്നു തന്റെ രണ്ടാം ക്ലാസ് എസി ടിക്കറ്റിനെന്നും കോച്ചില്‍ മുഴുവനും എലിയുടെ മണമായിരുന്നെന്നും വീഡിയോക്കൊപ്പം അദ്ദേഹം കുറിച്ചു.
നാലോളം വീഡിയോകൾ പ്രശാന്ത് പങ്കുവച്ചിട്ടിണ്ട്. ചില വീഡിയോകളില്‍ എലി ബര്‍ത്തിന് മേലെ വിരിച്ച വിരിപ്പിലൂടെ ഓടിനടക്കുന്നത് കാണാം. മനുഷ്യസാമീപ്യമൊന്നും അതിന് അത്ര പേടിയുള്ളതായി തോന്നില്ല. ഒന്നിലധികം എലികൾ ഉണ്ടായിരുന്നെന്നും പ്രശാന്ത് എഴുതി.
എലിയെ കണ്ടയുടനെ 139 എന്ന റെയിൽവേ ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചെന്നും ട്രെയിനിലുണ്ടായിരുന്ന ജീവനക്കാരെത്തി ബോഗിയില്‍ കീടനാശിനി തളിച്ചതല്ലാതെ എലികളെ പിടികൂടാനായി ഒന്നും ചെയ്തില്ലെന്നും പ്രശാന്ത് പറയുന്നു.
“അടുത്ത ബജറ്റിൽ “എലി ടിക്കറ്റുകൾ’ അവതരിപ്പിക്കണം എന്നായിരുന്നു വീഡിയോക്ക് താഴെ ഒരാളുടെ കമന്റ്. എന്നാൽ, മറ്റൊരാൾ റെയിൽവേക്കൊപ്പം യാത്രക്കാരെയും കുറ്റപ്പെടുത്തി. യാത്രക്കാർക്ക് പൗരബോധം ഇല്ലെന്നും അവർ ഭക്ഷണാവശിഷ്ടങ്ങളും ചായക്കപ്പുകളും മറ്റും സീറ്റുകൾക്കടിയിൽ ഉപേക്ഷിക്കുകയാണു പതിവെന്നും ഇവ റെയിൽവേ യഥാവിധം നീക്കാറില്ലെന്നും എലികൾ വരാൻ കാരണമിതാണെന്നും അയാൾ എഴുതി.