കുമളി: എലിവാലിൽ പിടിച്ചതു പുലിവാലായ അവസ്ഥയിലാണ് കുമളി അട്ടപ്പള്ളം സ്വദേശി പുത്തൂർ രാജൻ. പുലിയുടെ വാലിലൊന്നും രാജൻ പിടിച്ചില്ല. ഒരു എലിയുടെ വാലിൽ പിടിച്ചതാണ് പ്രശ്നമായത്.
രാജന്റെ വീടിന്റെ ഗെയ്റ്റിനുമുന്നിൽ വാഹനംതട്ടി ചത്തുകിടന്ന പന്നി എലിയെ ഇലപറിച്ച് വാലിൽതൂക്കി ദൂരത്തേക്കു വലിച്ചെറിഞ്ഞതാണ് രാജൻ ചെയ്ത ’ക്രിമിനൽ’ കുറ്റം. എലി റോഡിൽകിടന്ന് ചീഞ്ഞാലുണ്ടാകുന്ന പ്രശ്നവും ബുദ്ധിമുട്ടും മനസിലാക്കിയാണ് രാജൻ ’അരുതാത്തതു’ ചെയ്തുപോയത്. പൊതുജനത്തിനും രാജൻ ചെയ്തത് ഉപകാരമെന്നു വ്യക്തം.
ഇത് തിങ്കളാഴ്ച രാത്രി ഒൻപതോടെ നടന്ന സംഭവമാണ്. സാക്ഷികളും നിരവധിയുണ്ടായിരുന്നു. പിറ്റേദിവസം കഥയാകെ മാറി. റോഡിൽ രക്തം. രാജന്റെ എതിരാളികൾ കഥ മെനഞ്ഞു.
റോഡിലെ രക്തം രാജൻ പിടിച്ച വന്യമൃഗത്തിന്േറതെന്ന് എതിരാളികൾ പോലീസിനു റിപ്പോർട്ടുചെയ്തു.
കൊടുംകുറ്റവാളികളെ പിടിക്കാനെന്നവണ്ണം പോലീസ് പട രാജന്റെ വീടുവളഞ്ഞ് പരിശോധന. രാത്രിയിൽ വനം ഉദ്യോഗസ്ഥരുടെ നിരീക്ഷണം. ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കുന്ന ജോലിയുള്ള രാജനെ ജോലിസ്ഥലത്തുനിന്നും പോലീസ് വിളിച്ചുവരുത്തി എസ് ഐയുടെ ശകാരം.
എലിയെ തൂക്കിയാൽ ഇത്ര പ്രശ്നമാണോയെന്ന ചോദ്യം എസ്ഐ-ക്ക് ഇഷ്ടപ്പെട്ടില്ലത്രേ. എന്താണേലും ഇടികിട്ടാതെ രാജൻ തടിതപ്പി. ഇന്നലെ ഫോറസ്റ്റ് സംഘം രാജന്റെ വീട് അരിച്ചുപെറുക്കി. ഒന്നും കിട്ടിയില്ല. വ്യാജപരാതിയാണെന്നു മനസിലായ വനം ജീവനക്കാർ രാജനോട് ലോഹ്യംപറഞ്ഞാണ് മടങ്ങിയത്.
വനംകേസിൽ ഫോറസ്റ്റിനേക്കാളും പോലീസ് കാട്ടിയ താത്പര്യവും ഉത്സാഹവുമാണ് ഇന്നു നാട്ടിൽ പാട്ട്. ഏതാനും നാൾമുൻപ് കേഴമാനിനെ കുടുക്കുപയോഗിച്ചു പിടിച്ചെന്ന കേസിൽ സ്പ്രിംഗ് വാലിയിലെ ഒരു റിസോർട്ട് ഉടമയേയും കുമളിയിലെ ഒരു ഫോട്ടോഗ്രാഫറേയും പ്രതി ചേർത്തത് ഇത്തരം നീക്കത്തിലൂടെയാണ്. നിരപരാധികളെ കേസിൽകുടുക്കുന്ന ഒരു ഗൂഢസംഘം കുമളിയിലുണ്ട്. ഇവർക്കെതിരേ അന്വേഷണംവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.