കഴിഞ്ഞ ദിവസം ന്യൂ ഹാംഷെയറിലെ ഒരു പ്രദേശിക മൃഗസംരക്ഷണകേന്ദ്രം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. മൃഗസ്നേഹിയായ ഒരാൾ താൻ വീട്ടിൽ വളർത്തിയ 450 എലികളെ മൃഗസംരക്ഷണകേന്ദ്രത്തിന് ഏൽപ്പിച്ചു. അതോടെ പുലിവാല് പിടിച്ച് നെട്ടോട്ടമോടുകയാണ് ജീവനക്കാർ. അയാൾ എത്തിച്ചിട്ട് പോയ 450 എലികളിൽ മിക്കതും പെറ്റുപെരുകാൻ തുടങ്ങി. അതോടെ അവിടെമാകെ എലികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
“ഞങ്ങൾക്ക് അവയെ ലഭിച്ചിട്ട് വളരെ കുറച്ച് നാളുകളേ ആയുള്ളൂ. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ എലികളിൽ പലതും പ്രസവിച്ചു എന്ന്” മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനു വേണ്ടിയുള്ള ന്യൂ ഹാംഷെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഡെന്നിസൺ പറഞ്ഞു.
450 എലികളെയാണ് ആദ്യം ഇയാൾ ഇവിടേക്ക് എത്തിച്ചത്. അടുത്ത 500 എലികളെ ഉടനെ തന്നെ എത്തിക്കുമെന്ന് പറഞ്ഞിട്ടാണ് പോയത്. എന്നാൽ എലികൾ പ്രസവിക്കാൻ തുടങ്ങിയതോടെ പ്രശ്നം രൂക്ഷമായി. നിക്കക്കള്ളി ഇല്ലാതെ വന്നപ്പോൾ മൃഗസംരക്ഷണകേന്ദ്രം ജനങ്ങളുടെ സഹായം അഭ്യർഥിച്ചു.
നാട്ടുകാർ കഴിവതും സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മൃഗസംരക്ഷണകേന്ദ്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഗ്ലാസ് ടാങ്കുകൾ ഉണ്ടെങ്കിൽ അത് ആവശ്യമാണ്. എല്ലാ എലികളെയും ഒരുമിച്ചാണ് പാർപ്പിച്ചിരിക്കുന്നത്. അവയെ മാറ്റിപ്പാർപ്പിക്കണം. നല്ല ഭക്ഷണവും സ്ഥലങ്ങളും ഒരുക്കേണ്ടതുണ്ട്. അതിനുള്ള സഹായങ്ങൾ പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.