ഒരു മാവിന്റെ സ്വഭാവമായിരിക്കണം ഓരോ വ്യക്തിക്കും എന്ന് പോതുവേ പറയാറുണ്ട്. അതിനൊരു കാരണവുമുണ്ട്. മാവില്‍ ഫലം നിറയുന്തോറും അത് താഴേയ്ക്ക് കുനിഞ്ഞുതുടങ്ങും. എത്രത്തോളം ഫലം മാവില്‍ ഉണ്ടോ അത്രത്തോളം അത് കുനിയും. മാവിന്റെ സ്വഭാവമുള്ള ഒരു വ്യക്തിയും ഇത്തരത്തിലായിരിക്കും. ഉയരങ്ങള്‍ കീഴടക്കുന്തോറും എളിമയും വര്‍ദ്ധിക്കും. അതിനൊരു ഉത്തമ ഉദാഹരണമെന്ന് പറയാവുന്ന ആളാണ് വ്യവസായ പ്രമുഖന് രത്തന്‍ ടാറ്റ. പ്രായം എണ്‍പതുകളിലാണെങ്കിലും ഏതൊരു സാധാരണ വ്യക്തിയെയും പോലെ സ്വന്തം കാറിനു വേണ്ടി മുംബൈയിലെ താജ് ഹോട്ടലിന്റെ ലോബിയില്‍ കാത്തുനില്‍ക്കുന്നതാണ് പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ശീലം. മുംബൈയില്‍ നിന്നുള്ള ഡാന്‍സര്‍ സുമീത് നാഗദേവ് ഇട്ട ഫേസ്ബുക് പോസ്റ്റിലാണ് ഇക്കഴിഞ്ഞ ദിവസം ഇദ്ദേഹം സാക്ഷിയായ ഒരു സംഭവത്തെക്കുറിച്ച് വിവരിക്കുന്നത്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ ലാളിത്യം തന്നെ ഏറെ ആകര്‍ഷിച്ചു എന്നാണു സമീത് പറയുന്നത്. വിവിഐപി ആണെങ്കിലും മനുഷ്യത്വവും പെരുമാറ്റത്തില്‍ ലാളിത്യവും കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് രത്തന്‍ ടാറ്റ. സംഭവത്തെ കുറിച്ച് സുമീത് പറയുന്നതിങ്ങനെ;
‘അമ്പത് സെക്കന്റിനുള്ളില്‍ നേതൃത്വവാസനയെക്കുറിച്ച് കഴിഞ്ഞരാത്രി എനിക്ക് പഠിക്കാന്‍ സാധിച്ചു’ എന്നു പറഞ്ഞുകൊണ്ടാണ് സുമീദ് ആരംഭിക്കുന്നത്. മുംബൈയിലെ താജ് ഹോട്ടലില്‍ നിന്ന് പുറത്തേക്ക് നടക്കുമ്പോഴാണ് ഒരു സാധാരണക്കാരനെ പോലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ ലോബിയില്‍ കാറിനായി കാത്തു നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തിന് മറ്റു വിവിഐപികളെ പോലെ ബോഡിഗാര്‍ഡുകളുടെ സുരക്ഷാവലയമൊന്നും ഉണ്ടായിരുന്നില്ല. ഹോട്ടലിലെ രണ്ടു മാനേജര്‍മാര്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അടുത്തു ചെന്ന് ഞാന്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു. വളരെ താഴ്മയോടെ അദ്ദേഹമത് നിരസിച്ചു. ഇപ്പോള്‍ തന്നെ രാത്രി ഒരുപാട് വൈകിയെന്നും ഉടനെ തിരിച്ചു പോകണമെന്നും പറഞ്ഞു.
അപ്പോഴാണ് ഞാന്‍ സമയം ശ്രദ്ധിച്ചത. രാത്രി പതിനൊന്ന് മണി കഴിഞ്ഞിരുന്നു. അദ്ദേഹം ക്ഷീണിതനുമായിരുന്നു. സാധാരണഗതിയില്‍ ഒരു ബിഎംഡബ്ലിയുവോ, മെഴ്സിഡസ് ബെന്‍സോ അദ്ദേഹത്തെ കൊണ്ടുപോകാനായി എത്തുമെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു പഴയ വെള്ള ഹോണ്ട സിവിക് കാറായിരുന്നു കടന്നുവന്നത്. അദ്ദേഹമാണ് കാര്‍ ഓടിച്ചത്. പോകുമ്പോള്‍ സെക്യൂരിറ്റി ഡ്രൈവര്‍ക്ക് ടിപ്പ് കൊടുക്കാനും നന്ദി പറയാനും അദ്ദേഹം മറന്നില്ല. അടുത്തുണ്ടായിരുന്ന ഒരു ഡ്രൈവറോട് ഞാന്‍ ചോദിച്ചു. ഇദ്ദേഹം എപ്പോഴും ഇങ്ങനെയാണോ. അദ്ദേഹമൊരു അത്ഭുതമാണ് സര്. എത്രസമയം വേണമെങ്കിലും ട്രാഫിക് ബ്ലോക്കില്‍ കിടക്കാന്‍ അദ്ദേഹത്തിന് മടിയോ മടുപ്പോ ഇല്ല. അദ്ദേഹത്തിന് കടന്നുപോകാനായി പോലീസുകാര്‍ വഴിയൊരുക്കിയാല്‍ പോലും അദ്ദേഹമത് നിരസിക്കുകയാണ് പതിവ്. മാത്രവുമല്ല, ചെക്കിങ്ങിന്റെ സമയത്ത് അദ്ദേഹത്തിന്റെ വാഹനം ഒഴിവാക്കിയാലും അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. ഇതുകൂടി കേട്ടതോടെ എനിക്കൊരു കാര്യം മനസിലായി. അസാധാരണ കാര്യങ്ങള്‍ ചെയ്യുന്നതിലല്ല, മറിച്ച് സാധാരണ കാര്യങ്ങള്‍ അസാധാരണമായി ചെയ്യുന്നതിലാണ് മഹത്വമെന്ന്.