എസ്. റൊമേഷ്
ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് അംബാനിയും അദാനിയുമൊക്കെയാണെങ്കിലും അതിലുമേറെ ശ്രദ്ധിക്കപ്പെടുന്നയാൾ രത്തൻ ടാറ്റായാണ്.
ഇപ്പോൾ 85വയസായെങ്കിലും ഇന്നും ചുറുചുറുക്കോടെ ആത്മാർഥമായി തന്റെ കന്പനിക്കും രാജ്യത്തിനും നന്മ വരണമെന്ന ലക്ഷ്യം ലാക്കാക്കി പ്രവർത്തിക്കുന്ന കോടീശ്വരൻ. കോടീശ്വരനായിട്ടും ആഡംബരങ്ങൾക്കു പിന്നാലെ പോകാതെ ലളിതജീവിതം നയിക്കുന്നയാൾ.
കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരു വർഷത്തിനുള്ളിൽതന്നെ ടാറ്റാ സർക്കാരിനും ജനങ്ങൾക്കുമായി 2,500 കോടി രൂപയുടെ സഹായമാണ് നൽകിയത്. ഇതിൽ 1,500 കോടി ടാറ്റാ സ്ഥാപനങ്ങളെല്ലാം കൂടി രാജ്യത്തെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സംഭാവനയാണ്.
ആശുപത്രികളും ആശുപത്രി ഉപകരണങ്ങളും സാനിറ്റൈസറും മാസ്കുമൊക്കെയായി വേറെയും കോടികൾ നൽകി. ഇതിന്റെ പകുതി പോലും സന്പത്തിന്റെ കാര്യത്തിൽ ടാറ്റായെക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന ശതകോടീശ്വരന്മാരിൽ ആരും ഇത്രയധികം നൽകിയില്ല.
രാജ്യസ്നേഹത്തിന് പണ്ടേ ടാറ്റായെക്കഴിഞ്ഞേ മറ്റു വ്യവസായികൾ ഉള്ളൂ. അതുകൊണ്ടു തന്നെയാണ് ഇന്ത്യൻ ജനതയ്ക്ക് ടാറ്റാ എന്ന ബ്രാൻഡ് എന്നും പ്രിയങ്കരമാവുന്നത്.
ടാറ്റായുടെ ചെയർമാൻ സ്ഥാനത്തു നിന്നു വിരമിച്ചെങ്കിലും കന്പനിയുടെ കാര്യങ്ങളിലെല്ലാം രത്തൻ ടാറ്റായുടെ നിർദേശങ്ങളും ഉപദേശങ്ങളും അനുസരിച്ചാണ് ചെയർമാനും ജീവനക്കാരും ഇപ്പോഴും മുന്നോട്ടു നീങ്ങുന്നത്.
രത്തൻ ടാറ്റായുടെ കഴിഞ്ഞ പിറന്നാൾ ആഘോഷം ഏറെ ശ്രദ്ധേയമായിരുന്നു. കോടികൾ മുടക്കി നൂറുകണക്കിനാളുകളെ വിളിച്ച് പാർട്ടി നടത്തുന്നവർ ടാറ്റായുടെ ലാളിത്യം കണ്ടു പഠിക്കുക തന്നെ വേണം. ഒരു മെഴുകുതിരി കത്തിച്ചു വച്ച് ഒരു കപ്പ്കേക്ക് കഴിച്ചാണ് കഴിഞ്ഞ തന്റെ പിറന്നാൾ രത്തൻ ടാറ്റാ ആഘോഷിച്ചത്.
അദ്ദേഹം സോഷ്യൽ മീഡിയ വഴിയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. പിറന്നാൾ ആഘോഷത്തിന് ഒരേ ഒരു അതിഥിയേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾത്തന്നെ സോഷ്യൽ മീഡിയയിൽ ചോദ്യമുയർന്നു ആരാണിയാൾ. അത് ടാറ്റായുടെ ആത്മമിത്രമായ ശന്തനുനായിഡു ആയിരുന്നു.
ശന്തനു നായിഡു എന്ന 30 കാരൻ, 85 കാരനായ രത്തന്‍ ടാറ്റയുടെ വിശ്വസ്തനും ഉറ്റ സുഹൃത്തുമായത് വ്യത്യസ്തമായ ഒരു കഥയിലൂടെയാണ്. ടാറ്റാ ഗ്രൂപ്പിലെ ഒരു എൻജിനീയറുടെ മകനാണ് ശന്തനു. ശന്തനുവിന്റെ അപ്പൂപ്പനും ടാറ്റാ ഗ്രൂപ്പിലെ ജോലിക്കാരനായിരുന്നു. പക്ഷേ അവർക്കാർക്കും ടാറ്റായുമായി നേരിട്ട് ബന്ധമുണ്ടായിരുന്നില്ല.
പൂനെയിലെ സാവിത്രി ഭായി ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നു ശന്തനു നായിഡു മെക്കാനിക്കൽ എൻജിനീയറിംഗിൽ(2010-14 ബാച്ച്) ഡിസ്റ്റിംഗ്ഷനോടെയാണ് ബിടെക് പാസായത്.
ന്യൂയോർക്കിലുള്ള കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നു ബിസിനസ് അഡ്മിനിട്രേഷൻ ആൻഡ് ജനറൽ മാനേജ്മെന്റിൽ എംബിഎ(2016-18 ബാച്ച്)യും നേടി. 1959ൽ ഇതേ യൂണിവേഴ്സിറ്റിയിൽനിന്നാണ് ടാറ്റായും ആർക്കിടെക്ചറിൽ ബിരുദം നേടുന്നത്. പ്രതിമാസം ഏഴു ലക്ഷത്തോളം രൂപയാണ് ശന്തനുവിന്റെ ശന്പളം.
നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുന്ന ശാന്തനുവിന്റെ രത്തന്‍ ടാറ്റയുമായുള്ള സൗഹൃദം ആരംഭിക്കുന്നത് നായ പ്രേമത്തിൽനിന്നാണ്. നായകളോടുള്ള സ്നേഹവും സഹാനുഭൂതിയുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിന് കാരണമായത് എന്ന് പറയാം.
ബിടെക് നല്ല നിലയിൽ പാസായ ശന്തനു ഒരു കന്പനിയിൽ ജോലിൽ പ്രവേശിച്ചു. ഒരിക്കല്‍ ജോലി കഴിഞ്ഞ രാത്രി വൈകി വീട്ടിലേക്ക് തന്റെ ബൈക്കില്‍ മടങ്ങുകയായിരുന്നു അദ്ദേഹം. പോകുന്ന വഴിക്ക് കാറിടിച്ച് റോഡില്‍ ചത്ത് കിടക്കുന്ന ഒരു നായയുടെ മൃതദേഹം ശന്തനു കാണാനിടയായി.
വേഗം തന്റെ വണ്ടി നിര്‍ത്തി ആ നായയുടെ ജഡം റോഡില്‍ നിന്ന് മാറ്റിയിടാന്‍ ശന്തനു നടന്നടുക്കുന്പോഴേക്കും മറ്റൊരു വാഹനം നായയുടെ ജഡത്തിലൂടെ കയറിയിറങ്ങിപ്പോയി. ഈ സംഭവം ശന്തനുവിന്റെ മനസിന് വലിയ ആഘാതമായി.
വീട്ടിലെത്തിയിട്ടും റോഡിൽ ചതഞ്ഞരഞ്ഞു കിടക്കുന്ന നായയുടെ ചിത്രം ശന്തനുവിന്റെ മനസിൽ നിന്നു മാഞ്ഞില്ല. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണു പരിഹാരമെന്നായി അദ്ദേഹത്തിന്റെ ചിന്ത.
അതിനായി റോഡില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലെങ്കിലും രാത്രി നായകളെ കാണുന്നതിനായി ഒരു റിഫ്ളക്ടര് ഘടിപ്പിച്ച കോളറുകൾ നിർമിച്ച് ശന്തനുവും സുഹൃത്തും പ്രദേശത്തെ തെരുവു നായ്ക്കളുടെ കഴുത്തിലണിഞ്ഞു.
ഇത് ഫലം കണ്ട് തുടങ്ങിയതോടെ ഈ കോളറിനായി നിരവധി പേര് സമീപിച്ചു. എന്നാല്‍ ഇത് ഒരു സംരംഭമാക്കാനുള്ള സാമ്പത്തികശേഷി ശന്തനുവിനില്ലായിരുന്നു.
അങ്ങനെ ശന്തനു ഇക്കാര്യം എൻജിനീയറായ പിതാവിനോടു പറഞ്ഞു. അദ്ദേഹത്തിന് രത്തൻ ടാറ്റാ ഒരു മൃഗസ്നേഹിയാണെന്നറിയാമായിരുന്നു. പിതാവിന്റെ നിര്‍ദേശപ്രകാരം ശന്തനു രത്തന്‍ ടാറ്റയ്ക്ക് കത്തെഴുതി.
രണ്ട് മാസം കഴിഞ്ഞപ്പോള്‍ രത്തന്‍ ടാറ്റയുടെ മറുപടി കത്ത് ശന്തനുവിന് ലഭിച്ചു. തന്നെ നേരില്‍ വന്ന് കാണണം എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ടാറ്റായെ നേരിൽക്കണ്ട് സംസാരിച്ച് ശന്തനു തന്റെ പ്ലാൻ അദ്ദേഹത്തോടു വിവരിച്ചു.
ശന്തനുവിന്റെ എളിമയും സഹജീവികളോടുള്ള സഹാനുഭൂതിയും ടാറ്റായ്ക്ക് അദ്ദേഹത്തോടു മതിപ്പുണ്ടാക്കി. ശന്തനുവിനെ സഹായിക്കാൻ ടാറ്റാ തയാറായി.
നായകൾക്ക് കോളറുണ്ടാക്കാൻ മോട്ടോപാവ്സ് എന്ന സ്റ്റാർട്ടപ്പ് ശന്തനു തുടങ്ങി. അങ്ങനെ ആ സൗഹൃദം വളര്‍ന്നു. ഇതിനിടയില്‍ ടാറ്റായുടെ നിർദേശപ്രകാരം ശന്തനു വിദേശത്ത് പോയി എംബിഎ ബിരുദം നേടി.
ടാറ്റാ പഠിച്ച ന്യൂയോർക്കിലെ യൂണിവേഴ്സിറ്റിൽ തന്നെയാണ് ശന്തനുവും പഠിച്ചത്. അതിനുള്ള ഏർപ്പാടുകൾ ചെയ്തതും ടാറ്റാ ആയിരുന്നു.
2008 ൽ ടാറ്റാ ഈ യൂണിവേഴ്സിറ്റിക്ക് 40 കോടി രൂപയോളം സംഭാവനചെയ്തിരുന്നു. അതു കൊണ്ടു തന്നെ യൂണിവേഴ്സി റ്റി അധികൃതരുമായി അദ്ദേഹത്തിന് ഉറ്റബന്ധം ഉണ്ടായിരുന്നു.
തന്റെ ബിരുദദാനചടങ്ങില്‍ പങ്കെടുക്കണമെന്ന് ശന്തനു രത്തന്‍ ടാറ്റയോട് അഭ്യര്‍ഥിച്ചു. അദ്ദേഹം പങ്കെടുക്കാമെന്ന് ഉറപ്പും നല്കി. എന്നാല്‍ അദ്ദേഹത്തിന് അന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
പകരം അദ്ദേഹം ശന്തനുവിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. കൂടാതെ ബിരുദദാന ചടങ്ങില്‍ ധരിക്കുന്ന ഗൗണ്‍ ധരിച്ച് ശന്തനുവിനൊപ്പം ഫോട്ടോയും എടുത്താണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്.
അപ്പോൾ ടാറ്റാ ശന്തനുവിനോട് ടാറ്റാ ഗ്രൂപ്പിൽ ചേർന്നു കൂടെ എന്നു ചോദിച്ചു. ശന്തനുവിന് അതു നൂറുവട്ടം സമ്മതമായിരുന്നു. ടാറ്റായുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ടാറ്റാ ട്രസ്റ്റിന്റെ ചുമതലയാണ് ശന്തനു വഹിക്കുന്നത്.
ട്രസ്റ്റിന്റെ ഡെപ്യൂട്ടി ജനറൽ മാനേജരായ ശന്തനു രത്തൻ ടാറ്റായുടെ പേഴ്സണൽ അസിസ്റ്റന്റും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നയാളുമാണ്. ചുരുക്കിപ്പറഞ്ഞാൽ രത്തൻ ടാറ്റായുടെ ആത്മമിത്രം.
മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന മോട്ടോപോവ്സ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രവർത്തിക്കുന്നതിനു പുറമെ നാലു രാജ്യങ്ങളിലും അതിനു ശാഖകൾ ഉണ്ട്.