ബേക്കൽ: റേഷൻ കടയിൽ തൂക്കത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്ന നാട്ടുകാരുടെയും കേരള ക്രൈം ആൻഡ് കറപ്ഷൻ കണ്ട്രോൾ അസോസിയേഷൻ പ്രവർത്തകരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെത്തി റേഷൻ കടയിൽ പരിശോധന നടത്തി.
പള്ളിക്കര കീക്കാനിലെ എആർഡി ഒൻപതാം നന്പർ റേഷൻ കടയിൽ 10 കിലോ അരി നൽകിയ ആൾക്ക് ഏഴു കിലോ മാത്രമേ അരി ലഭിച്ചിട്ടുള്ളൂവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റേഷൻ കടകളിൽ തൂക്കത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൊസ്ദുർഗ് താലൂക്ക് സപ്ലൈ ഓഫീസർ ബീനയുടെ നേതൃത്വത്തിൽ പള്ളിക്കര കീക്കാനിലെ എആർഡി ഒൻപതാം നന്പർ റേഷൻ കടയിലെത്തി പരിശോധന നടത്തിയതിൽ 12 കിലോ അരി സ്റ്റോക്കിൽ അധികമുള്ളതായി കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ റേഷൻ കട നടത്തിപ്പുകാരായ പള്ളിക്കര കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമർ വെൽഫെയർ സൊസൈറ്റിക്ക് നോട്ടീസ് നൽകിയെ ന്നും പിഴയീടാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ ബീന പറഞ്ഞു.
സൊസൈറ്റിയുടെ റേഷൻ കടയിലെ സെയിൽസ്മാനെ മാറ്റി താത്കാലിക സംവിധാനം ഏർപ്പെടുത്തണമെന്നും പിന്നീട് മറ്റൊരു സ്ഥിരം സെയിൽസ്മാനെ നിയമിക്കണമെന്നും നിർദേശിച്ചതായും താലൂക്ക് സപ്ലൈ ഓഫീസർ വ്യക്തമാക്കി.
അളവിൽ 30 ശതമാനം വരെ കുറവ് തൂക്കത്തിൽ വരുന്നതായാണ് ലീഗൽ മെട്രോളജി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. പല റേഷൻ കടകളിലും ഇത്തരത്തിൽ വെട്ടിപ്പു നടക്കുന്നതായും ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നതായും കൂടുതൽ സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുമെന്നും ക്രൈം ആൻഡ് കറപ്ഷൻ കണ്ട്രോൾ അസോസിയേഷൻ പ്രവർത്തകർ വ്യക്തമാക്കി.