രാവിലെ എഴുന്നേറ്റാൽ എന്ത് കറിവയ്ക്കുമെന്ന ആശങ്കയിലാണ് അമ്മമാർ. ഈ സാഹചര്യത്തിൽ പച്ചക്കറികൾക്ക് തീപിടിച്ച വില ഉണ്ടായാലുള്ള അവസ്ഥ എന്താകുമെന്ന് ഓർത്തിട്ടുണ്ടോ?
പച്ചക്കറികൾക്ക് തൊട്ടാൽ പൊള്ളുന്ന വിലയായാൽ എന്തു ചെയ്യും, ഇന്ത്യയിലാകെ പച്ചക്കറിക്ക് വില ആകുന്നതിനു പ്രധാന കാരണം ഉത്തരേന്ത്യയിലെ ചൂടാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. തമഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറിയുടെ തോത് ഗണ്യമായി കുറഞ്ഞതിനാൽ കേരളത്തിൽ കിട്ടുന്ന പച്ചക്കറിക്കാകട്ടെ മുട്ടൻ വിലയും.
ഇപ്പോഴിതാ ഇന്ത്യക്കാരിയായ യുവതി ലണ്ടനിലെ ചില പച്ചക്കറികളുടേയും മറ്റ് സാധന സാമഗ്രഹികളുടേയും വില പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദില്ലിയിൽ നിന്നുള്ള ചവി അഗർവാൾ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇന്ത്യയിലെ സാധനങ്ങളുടെ വിലയും ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ ലഭിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലാണ് യുവതിയുടെ താരതമ്യം. മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം തന്നെ ആളുകൾ പാചകത്തിൽ ഉപയോഗിക്കുന്നതാണ് വെണ്ടയ്ക്ക. വെണ്ടക്കയ്ക്ക് അവിടെ കിലോഗ്രാമിന് 650 രൂപയാണ് എന്ന് യുവതി പറയുന്നു. പാവക്കയ്ക്ക് കിലോയ്ക്ക് 1000 രൂപയും. ആറ് അൽഫോൺസാ മാങ്ങകൾക്ക് വില 2400 രൂപ.
ഇന്ത്യയിൽ 20 രൂപയാണ് യെയ്സിന് അത് ലണ്ടനിൽ ലഭിക്കുന്നത് 95 രൂപയ്ക്കാണെന്ന് അവൾ പറയുന്നു. മാഗി നൂഡിൽസിന് 300 രൂപയാണ്. പനീറിന് 700 രൂപയാണ് എന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.
യുവതിയുടെ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ലഭിക്കുന്ന ശമ്പളം, അവിടുത്തെ സാമ്പത്തികസ്ഥിതിയിലുള്ള വ്യത്യാസം, ആളുകളുടെ ജീവിതരീതി എന്നിവയെല്ലാം കമന്റ് ബോക്സുകളിൽ ആളുകൾ പറയുന്നു.