കഴിച്ച് തുടങ്ങിയപ്പോൾ തൊണ്ടയിൽ കുത്തുന്ന വേദന; സൂപ്പിൽ നിന്ന് കിട്ടിയത് എലിയുടെ കാൽ

ഭക്ഷണം കഴിക്കുമ്പോൾ അബദ്ധത്തിൽ അതിൽ എന്തെങ്കിലുമൊക്കെ വീണിട്ടുണ്ടെങ്കിൽ അവ ചിലപ്പോൾ കഴിക്കുമ്പോൾ നമുക്ക് തന്നെ കിട്ടാറുണ്ട്. എന്നാൽ  യു‌എസ്‌എയിലെ മിഷിഗണിൽ നിന്നൊരാൾ തനിക്ക് ഇങ്ങനെ ഉണ്ടായ ഒരു ദുരനുഭവം പങ്ക് വെയ്ക്കുകയാണ്.

ഡിട്രോയിറ്റിലെ വാറൻ ജില്ലയിലെ ഒലിവ് ഗാർഡനിലെ പ്രശസ്ത റസ്റ്റോറന്‍റ് ശൃംഖലയിലയിൽ തോമസ് ഹോവി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഇയാൾ ഇറ്റാലിയൻ സ്‌പെഷ്യൽ മൈൻസ്‌ട്രോൺ സൂപ്പ് ഓർഡർ ചെയ്തു.

അത് കഴിക്കാൻ തുടങ്ങിയപ്പോൾ തൊണ്ടയിൽ കുത്തുന്ന വേദന അനുഭവപ്പെട്ടു. പിന്നാലെ  തന്‍റെ വായ്ക്കുള്ളിൽ ഒരു എലിയുടെ കാൽ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.ഉടൻ തന്നെ അത് തുപ്പുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച്  കുത്തിവയ്പ്പെടുത്ത് ആന്‍റിബയോട്ടിക്കുകളും മൗത്ത് വാഷും വാങ്ങി.

തുടർന്ന് ഹോവി സംഭവം പോലീസിൽ അറിയിച്ചു. റസ്റ്റോന്‍റിലെ മാനേജർ പരാതികൾ ഗൗനിച്ചില്ലെന്നും എലിയുടെ കാൽ കണ്ടെത്തിയ സംഭവത്തെ ലാഘവത്തോടെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ന്യൂയോർക്ക് പോസ്റ്റിൽ പ്രസ്താവിച്ച പ്രകാരം പരാതി നൽകിയപ്പോൾ പോലീസ് പോലും വേണ്ട നടപടിയെടുത്തില്ലെന്ന് അയാൾ പറഞ്ഞു. 

അങ്ങനെ ഒലിവ് ഗാർഡനെതിരെ ഒരു കേസ് ഫയൽ ചെയ്യാൻ തോമസ് ഹോവി തീരുമാനിച്ചു. തന്‍റെ സൂപ്പിൽ എലിയുടെ കാൽ കണ്ടപ്പോൾ ഓക്കാനം വന്നതായും സംഭവത്തിന്‍റെ അനന്തരഫലങ്ങൾ ദിവസങ്ങളോളം നീണ്ടുനിന്നതായും പരാതിയിൽ  പറയുന്നു.  തനിക്ക് ഇപ്പോഴും മാംസം കഴിക്കുന്നതിനോട് വെറുപ്പുണ്ടെന്നും, ഭക്ഷണം തയ്യാറാക്കുന്നത് കാണാൻ കഴിയാത്ത ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും അയാൾ വ്യക്തമാക്കി.

ഏകദേശം 25,000 ഡോളർ (ഏകദേശം 20.67 ലക്ഷം രൂപ)ആണ് നഷ്ടപരിഹാരമായി തോമസ് റെസ്റ്റോറന്‍റിനോട് ആവശ്യപ്പെട്ടത്. തന്‍റെ മൈൻസ്‌ട്രോൺ സൂപ്പിൽ കണ്ടെത്തിയതായി ആരോപിക്കപ്പെടുന്ന എലിയുടെ പാദത്തിന്‍റെ ഫോട്ടോയും അയാൾ പുറത്തുവിട്ടു.

Related posts

Leave a Comment