സ്വന്തം ലേഖകൻ
തൃശൂർ: സൗജന്യ കിറ്റ് വാങ്ങാൻ റേഷൻ കടകളിലെത്തുന്നവർക്കു വെറുംകൈയോടെ മടങ്ങേണ്ട ഗതികേട്.
കുറ്റം മുഴുവൻ ഇ-പോസ് മെഷീനിൽ ചുമത്തി അധികൃതരുടെ കൈയൊഴിയൽ. റേഷൻ കടകളിൽ കിറ്റുകൾ റെഡിയാണെങ്കിലും കൊടുക്കാൻ പറ്റാത്ത സാഹചര്യമാണെന്നു റേഷൻ കടക്കാരും പറയുന്നു.
ജനുവരിയിലെ കിറ്റാണ് ഇപ്പോൾ നല്കുന്നത്. ദിനംപ്രതി നിരവധി പേരാണ് കിറ്റ് വന്നതറിഞ്ഞ് റേഷൻ കടകളിലെത്തുന്നത്. പക്ഷേ കിറ്റു മാത്രമല്ല, റേഷൻ സാധനങ്ങളും വാങ്ങാൻ പലവട്ടം എത്തേണ്ട സാഹചര്യമാണിപ്പോൾ.
ഇ-പോസ് മെഷീനിന്റെയും സർവറിന്റെയുമൊക്കെ കുഴപ്പമാണ് കാരണമെന്നാണ് വിശദീകരണം. ഇ-പോസ് മെഷീൻ എപ്പോൾ ശരിയാകുമെന്ന് ആർക്കും പറയാനും കഴിയില്ല.
ജനുവരി മാസത്തെ കിറ്റുകൾ ലഭിക്കാൻ ഈ മാസം 25 വരെ സമയം നീട്ടിയിട്ടുണ്ടെന്നാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ അറിയിപ്പ്.
ഇ-പോസ് മെഷീൻ ശരിയാകുന്നതു നോക്കി റേഷൻ കടകളിലെത്തിയാൽ കിറ്റുമായി മടങ്ങാം. സമയത്തെത്താൻ കഴിയാത്തതിൽ പലർക്കും കിറ്റുകൾ നഷ്ടമാകുന്നുമുണ്ട്.
ഇ-പോസ് മെഷീനോ സെർവറോ പ്രവർത്തിക്കാതിരുന്നാൽ റേഷൻ കാർഡുകളിൽ രേഖപ്പെടുത്തി കിറ്റുകളും സാധനങ്ങളും നൽകാൻ അനുമതി നൽകിയാൽ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ കഴിയും.
ഇതോടെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽനിന്നും ഒഴിവാക്കാം. എന്നാൽ അതൊന്നും പറ്റില്ലെന്ന നിലപാടിലാണ് അധികൃതർ.