ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനില്‍ യുഎന്‍ സമാധാനസേനയില്‍ പങ്കാളിയായ ജര്‍മനിക്കെതിരെ താലിബാന് പ്രതികാര നടപടികൾ തുടങ്ങി.
ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്റെ ബന്ധുവിനെ വധിച്ചാണ് പ്രതികാര നടപടികൾക്കു തുടക്കം കുറിച്ചത്.
ഡോയ്റ്റ്ഷെ വെല്ലെയിലെ (ഡിഡബ്ള്യു) മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിന്റെ ജീവനെടുത്താണ് താലിബാനിസം പുറത്തുകാട്ടിയത്.
ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനു വേണ്ടി വീടുകള്‍തോറും കയറിയിറങ്ങി താലിബാൻ പോരാളികൾ പരിശോധന നടത്തിയിരുന്നു.
ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. കൂടെയുണ്ടായിരുന്നവര്‍ക്ക് മാരകമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.
ഡിഡബ്ള്യു ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബുര്‍ഗ് സംഭവത്തെ അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരോടും കുടുംബത്തോടും താലിബാന് നടത്തുന്ന ഭീരുത്വമാണ് സംഭവം വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ജീവനക്കാരും കുടുംബവും വന്‍ അപകടത്തിലാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി താലിബാന് വന്‍തോതില്‍ തിരച്ചില്‍ തുടരുകയാണ്.
അവരുടെ കൈയ്യില്‍ കിട്ടിയാല്‍ ഏതുനിമിഷവും മൃഗീയമായി വധിക്കും.
ഇതിനെതിരെ അടിയന്തര സഹായം തേടി ജര്‍മന്‍ സര്‍ക്കാരിനെ സമീപിച്ചു.
എതിരാളികള്‍ക്ക് മാപ്പ് നല്‍കുമെന്നും മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാന് ഉറപ്പുനല്കിയിരുന്നവെങ്കിലും തനിനിറം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
ഇതിനിടെ, താലിബാന് പ്രതികാര നടപടികള്‍ ആരംഭിച്ചുവെന്ന യുഎന്‍ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
അതേസമയം അമേരിക്കയെ സഹായിച്ചവരെ കണ്ടെത്തി കൊലപ്പെടുത്താന്‍ അവരുടെ വീടുകള്‍ കയറിയിറങ്ങി താലിബാന് തിരച്ചില്‍ നടത്തുകയാണന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി തയാറാക്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാധാനത്തിലൂന്നിയാണ് തങ്ങളുടെ ഭരണമെന്നു വീമ്പിളക്കുമ്പോഴും താലിബാന്റെ പുതിയ ചതിക്കുഴികള്‍ ആശങ്ക പരത്തുന്നതുമാണ്.
യുഎസ്, നാറ്റോ സഖ്യസൈന്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള നീക്കമാണ് താലിബാന് നടത്തുന്നത്.
കാബൂള്‍ വിമാനത്താവളത്തിലേക്കു പോകുന്നവരെ ശക്തമായ പരിശോധനയ്ക്കു വിധേയരാക്കി മാത്രമാണ് കടത്തിവിടുന്നതെന്നും നോര്‍വീജിയന്‍ സെന്റര്‍ ഫോര്‍ ഗ്ളോബല്‍ അനാലിസസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
കീഴടങ്ങാന്‍ തയാറാകാത്തവരുടെ കുടുംബാംഗങ്ങളെ ശരീഅത്ത് നിയമപ്രകാരം വിചാരണ ചെയ്ത് ശിക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ