വലപ്പാട്: വിൽക്കാതെ ബാക്കിവന്ന കേരള ഭാഗ്യക്കുറിയുടെ വിൻവിൻ ലോട്ടറി ടിക്കറ്റിലൂടെ ലോട്ടറി വിൽപ്പനക്കാരനായ രതീഷ് ലക്ഷപ്രഭുവായി. വിൻവിന്നിലെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയും, ബാക്കി വന്ന 11 ടിക്കറ്റുകളിലൂടെ 10,000 രൂപ വീതം വേറെയും ലോട്ടറിയടിച്ച് രതീഷാണ് ഇപ്പോഴത്തെ സ്റ്റാർ.
വലപ്പാട് അരിയാംപറന്പിൽ ക്ഷേത്രം പടിഞ്ഞാറ് കിഴക്കൻവീട്ടിൽ പരേതനായ കുഞ്ഞിവേലായി മകൻ രതീഷിനെയാണ് (36) വിറ്റുപോകാത്ത ടിക്കറ്റുകളിലൂടെ “ഭാഗ്യദേവത’ തേടിയെത്തിയത്. തൃപ്രയാറിലെ ഭാഗ്യശ്രീ ലോട്ടറി ഏജൻസിയിൽനിന്ന് വില്പനയ്ക്കായി വിൻവിൻ ലോട്ടറിയുടെ 240 ടിക്കറ്റുകളാണ് വാങ്ങിയത്.
സാധാരണ വാങ്ങുന്ന ടിക്കറ്റുകളേക്കാൾ 90 ടിക്കറ്റുകൾ ഇന്നലെ കൂടുതൽ വാങ്ങുകയായിരുന്നു. രണ്ട് സെറ്റ് ടിക്കറ്റുകൾ നറുക്കെടുപ്പിനു മുന്പേ ബാക്കിവന്നു. ഈ ടിക്കറ്റുകൾ പലരെയും കാണിച്ചു. ഒടുവിൽ രണ്ട് സെറ്റിൽ ഒരു സെറ്റ് ബാക്കിവന്നു. ഈ സെറ്റിലായിരുന്നു ഡബ്ല്യുഡി 796064 എന്ന ടിക്കറ്റുമുണ്ടായിരുന്നു
. ഇന്നലെ വൈകീട്ട് ഫലം വന്നപ്പോഴാണ് വിറ്റുപോകാത്ത ഈ ടിക്കറ്റ് ഒന്നാം സമ്മാനമായി രതീഷിനെ തേടിയെത്തിയത്. തീർന്നില്ല ഇതേ സീരിസിലുള്ള മറ്റു 11 നന്പറുകൾക്ക് 10,000 രൂപ വീതം സമാശ്വാസ സമ്മാനങ്ങളുമായി മൊത്തം 1,10,000 രൂപ കിട്ടി. ഓലമേഞ്ഞ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുകെട്ടിയ ഒരു വീടാണ് രതീഷിന്റേത്. പട്ടയംപോലും ലഭിക്കാത്ത അഞ്ചു സെന്റ് സ്ഥലത്താണ് ഈ വീട്. പട്ടയം ലഭിക്കാനുള്ള ശ്രമത്തിലായിരുന്നു രതീഷ്.
നാളികേരം പൊളിക്കുന്ന ജോലിക്കാരനായിരുന്നു രതീഷ്. ജോലി കുറഞ്ഞപ്പോൾ കഴിഞ്ഞ മൂന്നു വർഷമായി ലോട്ടറി വില്പനയാണ് ഉപജീവനമാർഗം. സ്വന്തമായൊരു വീട് പണിയണം, മക്കളെ പഠിപ്പിക്കണം ഇതെല്ലാമാണ് രതീഷിന്റെ ആഗ്രഹങ്ങൾ. ഇനിയും ഭാഗ്യക്കുറി വില്പന തുടരും. ഭാര്യ: പ്രിയ. മകൾ: എസ്എസ്എൽസി വിദ്യാർഥിനിയായ ദേവിക. അമ്മ: ശാന്ത.