ചിങ്ങവനം: വള്ളത്തിൽ കുടിവെള്ളം ശേഖരിച്ചു മടങ്ങുന്നതിനിടയിൽ വെള്ളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അറായിരംചിറ രാജന്റെ മകൻ രതീഷി (മണിക്കുട്ടി- 36)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്.
പള്ളം പഴുക്കാനില കായലിൽ ഇന്നലെ വൈകുന്നേരം മൂന്നിനാണ് അപകടമുണ്ടായത്.
ആറായിരം കായലിലെ വീട്ടിൽ നിന്നും പള്ളം എറന്പത്തു നിന്നും വെള്ളവുമായി തുഴഞ്ഞു വരുന്നതിനിടയിൽ പഴുക്കാനില ഭാഗത്തു വെച്ച് രതീഷ് വള്ളത്തിൽ നിന്നും വീഴുകയായിരുന്നു.
തുടർന്ന് നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വെള്ളത്തിൽ താഴുകയായിരുന്നുവെന്ന് കരയിൽ സംഭവം കണ്ടു നിന്ന നാട്ടുകാർ പറഞ്ഞു.
ഉടൻ തന്നെ നാട്ടുകാർ വള്ളത്തിലും, നീന്തി ചെന്നും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രതീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ചിങ്ങവനം പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു.
ഇരു വിഭാഗങ്ങളും ഉടൻ തന്നെ തെരച്ചിൽ ആരംഭിച്ചു. ശക്തമായ അടിയൊഴുക്കും, വെള്ളം ഉയർന്നതും തെരച്ചിൽ ശ്രമകരമായി.
രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ ഫയർഫോഴ്സ് തെരച്ചിൽ നിർത്തുകയായിരുന്നു.
ഇന്നു പഴുക്കാനിലം കായലിലുടെ വള്ളത്തിൽ പോയവർ മൃതദേഹം കണ്ടതോടെ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. ചിങ്ങവനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഉഷ, മക്കൾ: അഖിൽ. അനന്യ.