സ്വന്തം ലേഖകന്‍
മട്ടന്നൂര്‍: വീട് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് കൊടോളിപ്രത്തെ ജവാന്‍ രതീഷ് രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ചത്. കഴിഞ്ഞ മാസം അവസാനം പത്തു ദിവസത്തെ അവധിയില്‍ നാട്ടിലെത്തിയ രതീഷ് പാതിവഴിയില്‍ നിര്‍ത്തിയ വീടിന്റെ നിര്‍മാണ ആരംഭിക്കുന്നതിന് ആവശ്യമുള്ള ചെങ്കല്ലും മറ്റു നിര്‍മാണസാമഗ്രികളും വീട്ടില്‍ എത്തിച്ചശേഷമാണു മടങ്ങിയത്.
കാഷ്മീര്‍ അതിര്‍ത്തിയിലെ രണ്ടുവര്‍ഷത്തെ ജാഗ്രത നിറഞ്ഞ സേവനത്തിനുശേഷം മാതൃയൂണിറ്റായ കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലേക്കു മടങ്ങാനിരിക്കെയാണു തെക്കന്‍ കാഷ്മീരിലെ പാമ്പോറിലുണ്ടായ ഭീകരാക്രമണത്തില്‍ രതീഷ് വീരമൃത്യു വരിച്ചത്. ആക്രമണത്തിനിരയാകുന്നതിനു തൊട്ടുമുമ്പും വീടുനിര്‍മാണ പ്രവൃത്തിയുടെ വിവരങ്ങള്‍ തേടി രതീഷ് മാതാവ് ഓമനയെ വിളിച്ചിരുന്നു. മരണവിവരമറിയാതെ ഇന്നലെ രാവിലെയും തൊഴിലാളികള്‍ പണിക്കെത്തിയിരുന്നു. ഇവരെ നാട്ടുകാര്‍ കാര്യം പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. അപ്പോഴും മാതാവ് ഓമനയെ മകന്റെ മരണവിവരം അറിയിച്ചിരുന്നില്ല.
മംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പിതാവ് രാഘവന്‍ രതീഷിന് മൂന്നു വയസുള്ളപ്പോഴാണു മരിച്ചത്. പിന്നീടു മാതാവായിരുന്നു രതീഷിനെ പഠിപ്പിച്ചതും രാജ്യസേവനത്തിനായി സൈന്യത്തിലേക്കയച്ചതും. മട്ടന്നൂര്‍ പഴശിരാജ എന്‍എസ്എസ് കോളജില്‍നിന്നു പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ രതീഷ് 14 വര്‍ഷം മുമ്പാണു സൈന്യത്തില്‍ ചേര്‍ന്നത്. ഒട്ടേറെ പേര്‍ സൈന്യത്തില്‍ ജോലിചെയ്യുന്ന കൊടോളിപ്രം മേഖലയില്‍ ശനിയാഴ്ച രാത്രിതന്നെ രതീഷിന്റെ ദുരന്തവാര്‍ത്തയെത്തിയിരുന്നു. എന്നാല്‍ തങ്ങളറിഞ്ഞതു ശരിയാകരുതേയെന്ന പ്രാര്‍ഥനയ്ക്കിടെ ഇന്നലെ രാവിലെ രതീഷിന്റെ ബന്ധുക്കളെ ജില്ലാ ഭരണകൂടം ഔദ്യോഗികമായി മരണ വിവരം അറിയിക്കുകയായിരുന്നു.
ജവാന്റെ മരണത്തില്‍ അനുശോചിച്ച് കൂടാളി പഞ്ചായത്തില്‍ രാവിലെ ആറുമുതല്‍ ഹര്‍ത്താല്‍ തുടങ്ങി. ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് ഹര്‍ത്താല്‍. മട്ടന്നൂര്‍ നഗരത്തില്‍ 11മുതല്‍ 12വരെയും ഹര്‍ത്താല്‍ ആചരിക്കുകയാണ്. കൂടാളി പഞ്ചായത്തിലെ ഹര്‍ത്താലില്‍നിന്നു വാഹനങ്ങളെയും സ്കൂളുകളെയും ഒഴിവാക്കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.മോഹനന്‍, വിവിധ പാര്‍ട്ടി നേതാക്കളായ എന്‍.വി.ചന്ദ്രബാബു, ബിജു ഏളക്കുഴി, പി.വി.ഹരിദാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.