കുറവിലങ്ങാട്: ദുബായിൽനിന്ന് ഏഴുകോടിയുടെ ഭാഗ്യം കോഴാ പഞ്ചമി വീട്ടിലേക്ക്. എസ്എസ് എൽസി മൂന്നാം റാങ്ക് ജേതാവായ ഡോ. പി. ആർ ജയശ്രീയുടെ സഹോദരനെയാണ് ദുബായിൽ ഭാഗ്യദേവത കടാക്ഷിച്ചത്. പഞ്ചമി വീടിന് ഇത് ഇരട്ടി മധുരമായി.
കോഴാ പഞ്ചമിയിൽ രവീന്ദ്രൻ നായർ-രത്നമ്മ ദന്പതികളുടെ അഞ്ചുമക്കളിൽ ഒരാളായ പി.ആർ രതീഷിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഏഴുകോടി രൂപ (10 ലക്ഷം ഡോളർ) ലഭിച്ചത്. ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലെനിയം നറുക്കെടുപ്പിലൂടെയാണ് ഓണ്ലൈനിലെടുത്ത 1608-ാം നന്പർ ടിക്കറ്റിന് ഭാഗ്യം കടാക്ഷിച്ചത്. 1000 ദിർഹമാണ് ഒരുടിക്കറ്റിന്റെ വില. പത്തൊൻപതിനായിരത്തോളം ഇന്ത്യൻ രൂപവരും. കഴിഞ്ഞ പത്ത് വർഷത്തോളമായി ഭാര്യ രമ്യയ്ക്കൊപ്പം ദുബായിലാണ് രതീഷിന്റെ താമസം.
സി എ പാസായ ശേഷം ദുബായിൽ ജോലി തേടുകയായിരുന്നു രതീഷ്. എംബിഎ ബിരുദധാരിയാണ് രമ്യ. രതീഷിനെ ഭാഗ്യം കടാക്ഷിച്ച വിവരം ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിൽ അറിയുന്നത്. എം.ജി സർവകലാശാല ഉദ്യോഗസ്ഥനായ സഹോദരൻ പി.ആർ ജയേഷിനെ വിളിച്ച് രതീഷ് ലോട്ടറിയടിച്ച വിവരം അറിയിക്കുകയായിരുന്നു.
ചെറിയ ലോട്ടറിയടിച്ചെന്ന വിശേഷമാണ് അറിയിച്ചത്. തുടർന്ന് തീർത്തും ചെറുതല്ലെന്നും കൂട്ടിച്ചേർത്തു.വീട്ടുകാർക്ക് വിശ്വാസത്തിനായി ഒടുവിൽ ദുബായ് ഡ്യൂട്ടി പെയ്ഡിലെ ഓണ്‍ലൈൻ വാർത്തതന്നെ അയച്ചുനൽകി.